Connect with us

National

ക്രമക്കേട് ആരോപിച്ച് കാലിക്കറ്റില്‍ പ്രതിഷേധം

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ സി എല്‍ ആര്‍ ജീവനക്കാര്‍ക്ക് 30 ശതമാനം സംവരണം നല്‍കി പ്യൂണ്‍- വാച്ച്മാന്‍ നിയമനത്തിനായി തയാറാക്കിയ സ്‌കോര്‍ ലിസ്റ്റ് പുറത്തായി. സംഭവത്തെ തുടര്‍ന്ന് നിയമന നടപടികളില്‍ ക്രമക്കേട് ആരോപിച്ച് സര്‍വകലാശാലയിലെ ഇടത് അനുകൂല സംഘടനയായ എംപ്ലോയീസ് യൂനിയന്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതേ തുടര്‍ന്ന് ജീവനക്കാര്‍ സര്‍വകലാശാല ഭരണകാര്യാലയത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെയായിരുന്നു സമരം. നിയമനത്തിന് പരിഗണിക്കപ്പെടുന്ന സി എല്‍ ആര്‍ ജീവനക്കാരുടെ പേര്, അഭിമുഖത്തില്‍ ലഭിച്ച മാര്‍ക്ക്, റാങ്ക് എന്നിവ വ്യക്തമാക്കുന്ന സ്‌കോര്‍ ലിസ്റ്റാണ് പുറത്തുവന്നത്. സംഭവത്തില്‍ രജിസ്ട്രാറെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നും കോഴ വാങ്ങി നിയമനം നടത്താനാണ് നീക്കമെന്നും എംപ്ലോയീസ് യൂനിയന്‍ ആരോപിച്ചു.
156 പേരടങ്ങുന്ന സ്‌കോര്‍ ലിസ്റ്റാണ് പുറത്തുവന്നത്. എന്നാല്‍ ഇതില്‍ രജിസ്ട്രാറുടെ പേരോ, ഒപ്പോ രേഖപ്പെടുത്തിയിട്ടില്ല. മുന്‍ വൈസ് ചാന്‍സിലറുടെ കാലത്ത് തയ്യാറാക്കിയ ലിസ്റ്റാണിതെന്നും ലിസ്റ്റ് മുന്‍ വിസിക്ക് കൈമാറിയതാണെന്നും നിലവിലെ രജിസ്ട്രാര്‍ ഡോ. ടി കെ അബ്ദുള്‍ മജീദ് പറഞ്ഞു. വിഷയത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം പ്രതികരിച്ചു. നിയമനത്തില്‍ അഴിമതി ആരോപിച്ച് സര്‍വകലാശാലയിലേക്ക് ഇന്നലെ വൈകീട്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തിയിരുന്നു.

---- facebook comment plugin here -----

Latest