കോപ്പലിന് മുന്നില്‍ കടമ്പകളേറെ

Posted on: June 21, 2016 5:14 am | Last updated: June 21, 2016 at 1:18 am
സ്റ്റീവ് കോപ്പല്‍
സ്റ്റീവ് കോപ്പല്‍

കോഴിക്കോട്: രണ്ടാം സീസണില്‍ അവസാന സ്ഥാനക്കാരായി ഫിനിഷ് ചെയ്ത കേരള ബ്ലാസ്റ്റേഴ്‌സിനെ ബൂസ്റ്റ് ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് കോച്ചായി വരുന്ന സ്റ്റീവ് കോപ്പല്‍ എന്നറിയപ്പെടുന്ന സ്റ്റീഫന്‍ ജെയിംസ് കോപ്പലിന്. ആദ്യ സീസണില്‍ റണ്ണേഴ്‌സപ്പായ ടീം രണ്ടാം സീസണില്‍ മൂന്ന് വിജയവും നാല് സമനിലയും ഏഴ് തോല്‍വിയുമായി 14 മത്സരങ്ങളില്‍ 13 പോയിന്റോടെ ഏറ്റവും അവസാനക്കാരായാണ് സീസണ്‍ പൂര്‍ത്തിയാക്കിയത്.
എന്നാല്‍ പുതിയ സീസണില്‍ സച്ചിനൊപ്പം തെന്നിന്ത്യയിലെ സിനിമാ മേഖലയിലെ പ്രമുഖര്‍ ഉടമകളായെത്തിയത് ടീമിന് നവോന്മേഷം പകര്‍ന്നിട്ടുണ്ട്. പി വി പി വെഞ്ചേഴ്‌സിന് ശേഷം കഴിഞ്ഞ സീസണില്‍ ടീമിന്റെ ഉടമകളായി വന്ന ആര്‍ എല്‍ വി പ്രസാദ് ഗ്രൂപ്പിന്റെ പിന്മാറ്റത്തെ തുടര്‍ന്നാണ് പുതിയ ഉടമകളായി കന്നട സിനിമാ താരങ്ങളായ ചിരഞ്ജീവി, നാഗാര്‍ജുന, പ്രമുഖ സിനിമാ നിര്‍മാതാവായ അല്ലു അരവിന്ദ്, വ്യവസായിയും സീരിയല്‍ സംരംഭകനുമായ നിമ്മഗഡ്ഡ പ്രസാദ് എന്നിവര്‍ വരുന്നത്. ടീമിന്റെ ഭൂരിഭാഗം ഓഹരികളും ഇവരുടെ പേരിലാണെങ്കിലും സച്ചിന്‍ തന്നെയാണ് ടീമിനെ മുന്നില്‍നിന്ന് നയിക്കുന്നത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മൂന്നാം സീസണിനുവേണ്ടി മറ്റു ടീമുകളുടെ ഒരുക്കങ്ങള്‍ വളരെയേറെ പുരോഗമിച്ചപ്പോള്‍ ഏറ്റവും ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടീം എവിടെയുമെത്തിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. കോച്ചിനെ കണ്ടെത്തുന്നതില്‍ വന്ന കാലതാമസമാണ് അതിന് കാരണം. അതായത് കോപ്പല്‍ ശൂന്യതയില്‍ നിന്ന് തുടങ്ങണമെന്നര്‍ഥം. അടുത്തയാഴ്ച ഇന്ത്യയിലെത്തിയതിന് ശേഷം മാത്രമേ ടീമിനെക്കുറിച്ചും പുതിയ കളിക്കാരെ കുറിച്ചുമൊക്കെ കോപ്പലിന് ചിന്തിക്കാന്‍ കഴിയൂ. ഏതായാലും പരിശീലകസ്ഥാനത്ത് മുപ്പത് വര്‍ഷത്തിലേറെ പരിചയമുള്ള സ്റ്റീവ് കോപ്പലിനെ നിയമിച്ചതിലൂടെ ഇത്തവണ ആരാധകര്‍ നിരാശപ്പെടേണ്ടി വരില്ലെന്ന വ്യക്തമായ സന്ദേശമാണ് ടീം ഉടമകള്‍ നല്‍കുന്നത്. ടീമില്‍ കളിക്കുന്ന ആഭ്യന്തര താരങ്ങളുടെ ലിസ്റ്റ് ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ടീമിന്റെ നെടുംതൂണുകളായി വരേണ്ട വിദേശതാരങ്ങളെ ആരെയും ഇതുവരെ ടീമിലെടുത്തിട്ടില്ല. കഴിഞ്ഞതവണ ടീമിനൊപ്പമുണ്ടായിരുന്ന ജോസു പ്രീറ്റോ, സാഞ്ചസ് വാട്ട്, അന്റോണിയോ ജെര്‍മന്‍ എന്നിവരില്‍ ആരെങ്കിലുമൊക്കെ വീണ്ടും ടീമിലെത്താന്‍ സാധ്യതയുണ്ട്. ഗോള്‍കീപ്പര്‍ സന്ദീപ് നന്ദി, സന്ദേശ് ജിംഗന്‍, ഗുര്‍വിന്ദര്‍ സിംഗ്, മെഹ്താബ് ഹുസൈന്‍, സി കെ വിനീത്, മുഹമ്മദ് റാഫി എന്നിവരെ ടീം നിലനിര്‍ത്തിയതിനൊപ്പം പുതുതായി റിനോ ആന്റോ, പ്രതിക് ചൗധരി, വിനീത് റായ്, റഫീഖ്, പ്രശാന്ത്, നിമ ടമാംഗ്, ഫാറൂഖ് ചൗധരി എന്നിവരും ടീമിലെത്തിയിട്ടുണ്ട്.
ടീമിന്റെ തുടര്‍ച്ചയായ തോല്‍വിയെത്തുടര്‍ന്ന് പരിശീലകസ്ഥാനത്തുനിന്നുള്ള പീറ്റര്‍ ടെയ്‌ലറിന്റെ രാജിയും ടീമിന്റെ ഒത്തിണക്കമില്ലായ്മയുമാണ് ടീമിനെ പരാജയത്തിന്റെ പടുകുഴിയിലെത്തിച്ചത്. ടെയ്‌ലറിനുശേഷം അസിസ്റ്റന്റ് കോച്ച് ട്രെവര്‍ മോര്‍ഗനും ടീമിന്റെ ഗ്രാസ് റൂട്ട് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായിരുന്ന ടെറി ഫെലാനുമാണ് ടീമിന്റെ പരിശീലക കുപ്പായത്തിലെത്തിയത്. സീസണ്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ മാര്‍ക്വു താരം കാര്‍ലോസ് മര്‍ച്ചേനയുടെ പരുക്കിന്റെ രൂപത്തിലായിരുന്നു ആദ്യ തിരിച്ചടി. എന്നാല്‍ ആദ്യകളിയില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ 3-1ന്റെ വിജയത്തോടെ തുടങ്ങിയ ടീമിന് പിന്നീട് തിരിച്ചടികളുടെ പരമ്പര തന്നെയായിരുന്നു പീന്നിട്. ടെയ്‌ലര്‍ പിന്തുടര്‍ന്ന 5-3-2 ഫോര്‍മേഷന്‍ ആദ്യം മുതല്‍തന്നെ വിമര്‍ശനവിധേയമായിരുന്നെങ്കില്‍ ഫോര്‍മേഷന്‍ മാറ്റാന്‍ മോര്‍ഗനും തയ്യാറായിരുന്നില്ല.
അതേസമയം, കഴിഞ്ഞ രണ്ട് സീസണുകളില്‍ ടീമിന്റെ പരിശീലന മത്സരങ്ങളില്‍ കേരളത്തിലായിരുന്നെങ്കില്‍ ഇത്തവണ ടീമിന്റെ പ്രീ സീസണ്‍ ക്യാമ്പ് വിദേശത്തായിരിക്കുമെന്നാണറിയുന്നത്. മികച്ച ടീമുകളുമായി മത്സരിച്ച് ടീമിന്റെ ശക്തിദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കാതിരുന്നതും ടീമിന്റെ പരാജയത്തിന് ആക്കംകൂട്ടിയിരുന്നു.

കോപ്പല്‍ തന്നെ കോച്ച്
കോഴിക്കോട്: മുന്‍ ഇംഗ്ലണ്ട് താരവും മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍ പരിശീലകനുമായ സ്റ്റീവ് കോപ്പല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിക്കും.
ടീം ഉടമകളായ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറും കന്നട നടന്‍ നാഗാര്‍ജുനയും ഇക്കാര്യം ഔദ്യോഗികമായി ട്വിറ്ററിലൂടെ അറിയിച്ചു. ഒരു വര്‍ഷത്തേക്കാണ് കരാര്‍. ഈയാഴ്ച തന്നെ കോപ്പല്‍ ഇന്ത്യയിലെത്തും. ഡേവിഡ് ജെയിംസ്, പീറ്റര്‍ ടെയ്‌ലര്‍ എന്നിവര്‍ക്കുശേഷം മൂന്നാം തവണയും ഒരു ഇംഗ്ലീഷുകാരന്‍ തന്നെയാണ് ടീമിനെ പരിശീലിപ്പിക്കുന്നതെന്നും പ്രത്യേകതയാണ്.
ക്രിസ്റ്റല്‍ പാലസ്, റീഡിംഗ് തുടങ്ങിയ ക്ലബുകളെ ഇംഗ്ലീഷ് സെക്കന്‍ഡ് ഡിവിഷനില്‍നിന്ന് പ്രീമിയര്‍ ലീഗിലേക്ക് എത്തിച്ചതിന് പിന്നില്‍ കോപ്പലിന്റെ കോച്ചിംഗ് വൈദഗ്ധ്യമായിരുന്നു.
ബ്രെന്റ്‌ഫോര്‍ഡ്, ബ്രൈറ്റണ്‍ ആന്‍ഡ് ഹോവ് ആല്‍ബിയോണ്‍, ബ്രിസ്റ്റോണ്‍ സിറ്റി, ക്രാവ്‌ലി ടൗണ്‍ ക്ലബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനുവേണ്ടി മുന്നൂറിലധികം മത്സരങ്ങളില്‍ കളിച്ച കോപ്പല്‍ ടീമിനുവേണ്ടി 53 ഗോളുകള്‍ നേടിയിട്ടുണ്ട്. 1977-83 കാലഘട്ടത്തില്‍ 43 മത്സരങ്ങള്‍ ഇംഗ്ലണ്ട് ദേശീയ ടീമിനുവേണ്ടി കളിച്ചു. ഏഴ് ഗോളുകള്‍ നേടി.