കോപയില്‍ ഇനി സെമി പോരാട്ടം : അര്‍ജന്റീന Vsഅമേരിക്ക

>>മത്സരം നാളെ പുലര്‍ച്ചെ 6.30ന്‌
Posted on: June 21, 2016 6:00 am | Last updated: June 21, 2016 at 1:14 am

MESSIന്യൂയോര്‍ക്ക്: കോപ അമേരിക്ക ശതാബ്ദി ഫുട്‌ബോളിന്റെ സെമി പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം. ആദ്യ സെമിയില്‍ ആതിഥേയരായ അമേരിക്ക അര്‍ജന്റീനയെ നേരിടും. നാളെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6.30 നടക്കുന്ന മത്സരം സോണി സിക്‌സില്‍ തത്സമയം കാണാം. രണ്ടാം സെമിയില്‍ കൊളംബിയ ചിലിയെ നേരിടും. 23 വര്‍ഷത്തെ കാത്തിരിപ്പിന് അറുതി വരുത്തി കപ്പുയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് അര്‍ജന്റീന അമേരിക്കക്കെതിരെ ഇറങ്ങുക. നൂറ് വര്‍ഷത്തിലെത്തി നില്‍ക്കുന്ന കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ 14 തവണ ചാമ്പ്യന്മാരായിട്ടുണ്ടെങ്കിലും 1993ന് ശേഷം കിരീടത്തില്‍ മുത്തമിടാന്‍ അര്‍ജന്റീനക്കായിട്ടില്ല. കഴിഞ്ഞ തവണ കിരീടത്തിനരികെയെത്തിയെങ്കിലും ഫൈനലില്‍ ചിലിയോട് തോല്‍വി ഏറ്റുവാങ്ങാനായിരുന്നു അവരുടെ വിധി.
അതേസമയം, കരുത്തരെങ്കിലും അര്‍ജന്റീനയെ കീഴടക്കി ഫൈനലിലേക്ക് കുതിക്കാമെന്ന് യുര്‍ഗന്‍ ക്ലിസ്മാന്റെ കീഴിലിറങ്ങുന്ന അമേരിക്ക കണക്കുകൂട്ടുന്നു. മെസിയെയും സംഘത്തെയും നേരിടാന്‍ തങ്ങള്‍ക്ക് ഭയമില്ലെന്ന് പറഞ്ഞ് ക്ലിസ്മാന്‍ നയം വ്യക്തമാക്കിക്കഴിഞ്ഞു. ലക്ഷ്യം അസാധ്യമല്ലെന്ന് അമേരിക്കന്‍ നായകന്‍ മൈക്കല്‍ ബ്രാഡ്‌ലിയും പറഞ്ഞു.
പക്ഷേ, അതെ സമയം, ചാമ്പ്യന്‍ഷിപ്പില്‍ അജയ്യരായി മുന്നേറുന്ന അര്‍ജന്റീനയെ പിടിച്ചുകെട്ടുക എന്നത് അമേരിക്കക്ക് എളുപ്പമാകില്ല. കളിച്ച നാല് മത്സരങ്ങളും ജയിച്ചാണ് അര്‍ജന്റീനയുടെ കുതിപ്പ്. ഗ്രൂപ്പ് ഘട്ടത്തില്‍ ചിലി, പനാമ, ബൊളിവിയ, ക്വാര്‍ട്ടറില്‍ വെനിസ്വെല എന്നിവരെ കീഴടക്കിയാണ് അര്‍ജന്റീനയുടെ സെമി പ്രവേശനം. ക്വാര്‍ട്ടറില്‍ 4-1നായിരുന്നു വിജയം. ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ പതിനാല് ഗോളുകള്‍ അടിച്ചുകൂട്ടി. വഴങ്ങിയതാവട്ടെ രണ്ടെണ്ണം മാത്രവും.
ക്വാര്‍ട്ടറില്‍ ഒരു ഗോള്‍ നേടുകയും രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത സൂപ്പര്‍ താരം ലയണല്‍ മെസി മിന്നുന്ന ഫോമിലാണ്. ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഹാട്രിക്ക് ഉള്‍പ്പെടെ മെസി നാല് ഗോളുകള്‍ നേടിക്കഴിഞ്ഞു. പനാമക്കെതിരെയായിരുന്നു ഹാട്രിക്ക്.
മാത്രമല്ല, ഒരു ഗോള്‍ കൂടി നേടിയാല്‍ അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും മെസിക്ക് സ്വന്തമാക്കാം. 54 ഗോളുമായി ഗബ്രിയേല്‍ ബാറ്റിസ്റ്റൂട്ടയുടെ റെക്കോര്‍ഡിനൊപ്പം സൂപ്പര്‍ താരമെത്തിക്കഴിഞ്ഞു. മെസി, ലമേല, ലവേസി എന്നിവര്‍ക്കൊപ്പം ക്വാര്‍ട്ടറില്‍ രണ്ട് ഗോളടിച്ച ഹിഗ്വെയ്‌നും ഫോമില്‍ തിരിച്ചെത്തിയതോടെ അര്‍ജന്റീന കൂടുതല്‍ കരുത്തരായി.
അതേസമയം, ഒന്നിനെതിരെ രണ്ട് ഗോളിന് ഇക്വഡോറിനെ പരാജയപ്പെടുത്തിയാണ് അമേരിക്ക സെമിയില്‍ കളിക്കാനിറങ്ങുന്നത്. ചാമ്പ്യന്‍ഷിപ്പില്‍ കളിച്ച നാല് മത്സരങ്ങളില്‍ മൂന്ന് ജയവും തോല്‍വിയും. ഗ്രൂപ്പ് ഘട്ടത്തില്‍ കൊളംബിയയോടെ തോറ്റു തുടങ്ങിയ അമേരിക്ക പിന്നീട് കോസ്റ്റാറിക്കയെയും പരാഗ്വെയെയും തോല്‍പ്പിച്ചു.