ബാല്‍ താക്കറെയുടെ വില്‍പ്പത്രം: മക്കള്‍ കോടതിയില്‍ നേര്‍ക്കുനേര്‍

Posted on: June 21, 2016 6:00 am | Last updated: June 21, 2016 at 1:09 am

മുംബൈ: പൈതൃക സ്വത്ത് തര്‍ക്ക കേസില്‍ അന്തരിച്ച ശിവസേനാ മേധാവി ബാല്‍ താക്കറെയുടെ മകന്‍ ജയ്‌ദേവ് താക്കറെയെ സഹോദരന്റെ അഭിഭാഷകന്‍ ക്രോസ് വിസ്താരം ചെയ്യും. ജയ്‌ദേവ് താക്കറെ നല്‍കിയ ഹരജിയില്‍ സഹോദരനും ഇപ്പോഴത്തെ ശിവസേനാ മേധാവിയുമായ ഉദ്ദവ് താക്കറെയുടെ അഭിഭാഷകന്‍ അടുത്ത മാസം 18നാണ് ക്രോസ് വിസ്താരം ചെയ്യുക. 2011 ഡിസംബര്‍ 13ന് തയ്യാറാക്കിയ പിതാവിന്റെ വില്‍പ്പത്രത്തില്‍ തനിക്ക് ഒരു ചില്ലിക്കാശ് പോലും നീക്കിവെച്ചില്ലെന്ന് ആരോപിച്ചാണ് ജയ്‌ദേവ് കോടതിയെ സമീപിച്ചത്. മോശം ആരോഗ്യസ്ഥിതിയിലായിരുന്ന പിതാവ് ബാല്‍ താക്കറെയെ സ്വാധീനിച്ചാണ് സഹോദരന്‍ ഈ വില്‍പ്പത്രം തയ്യാറാക്കിയതെന്നാണ് ജയ്‌ദേവിന്റെ ആരോപണം.
താക്കറെയുടെ മരണ ശേഷം 2012 നവംബറിലാണ് ഈ ഹരജി സമര്‍പ്പിച്ചത്. സാക്ഷികളായ എഫ് ഡി സൂസ, ഡോ. ജലീല്‍ പാര്‍ക്കര്‍, അനില്‍ പരബ് എന്നിവരുടെ വിസ്താരം പൂര്‍ത്തിയായി. താക്കറെ ഒന്നില്‍ കൂടുതല്‍ വില്‍പ്പത്രങ്ങള്‍ എഴുതിയിട്ടുണ്ടെന്നാണ് ഡി സൂസ പറഞ്ഞത്. എല്ലാ വില്‍പ്പത്രങ്ങളും ഓരേ കക്ഷികളെ തന്നെയാണ് അവകാശികളായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എന്നാ ല്‍, വില്‍പ്പത്രങ്ങളിലെല്ലാം അവകാശികള്‍ക്ക് അനുവദിച്ച സ്വത്തുക്കള്‍ പരസ്പരം മാറിമാറി നല്‍കിയിരിക്കുകയാണെന്നും ഡി സൂസ കോടതിയില്‍ പറഞ്ഞു.