മന്‍മോഹന്‍ സിംഗിനെ അപഹസിച്ച് രാജസ്ഥാന്‍ മന്ത്രി

Posted on: June 21, 2016 6:00 am | Last updated: June 21, 2016 at 1:08 am

ജയ്പൂര്‍: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ അസഭ്യ വാക്ക് പ്രയോഗിച്ച രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കതാരിയക്കെതിരെ പ്രതിഷേധം. ഒടുവില്‍ ക്ഷമാപണം നടത്തി മന്ത്രി തലയൂരുകയും ചെയ്തു. മന്‍മോഹന്‍ സിംഗിനെ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താരതമ്യം ചെയ്യുന്നതിനിടെയാണ് അസഭ്യവാക്ക് മന്ത്രി പ്രയോഗിക്കുന്നത്. പ്രധാനമന്ത്രിയായിരുന്ന കാലത്ത് മന്‍മോഹന്‍ സിംഗ് അമേരിക്ക സന്ദര്‍ശിക്കുമ്പോള്‍ ഏതെങ്കിലും മന്ത്രിമാര്‍ വന്നാണ് അദ്ദേഹത്തെ സ്വീകരിച്ചിരുന്നത്. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി യു എസില്‍ എത്തുമ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തുന്നത് പ്രസിഡന്റ് ബരാക് ഒബാമ നേരിട്ടാണ് എന്നാണ് കതാരിയ പറഞ്ഞുവന്നത്. ഇതിനിടയില്‍ മന്‍മോഹന്‍ സിംഗിനെ പരാമര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പേരിന് മുന്നില്‍ അസഭ്യ വാക്ക് പ്രയോഗിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
അതിനിടെ, അസഭ്യ പരാമര്‍ശം നടത്തിയ മന്ത്രി ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് സച്ചിന്‍ പൈലറ്റ് രംഗത്തെത്തി. കതാരിയയുടെ പ്രസ്താവന അദ്ദേഹത്തിന് മനോനിലയുടെ താഴ്ചയാണ് കാണിക്കുന്നത്. ബി ജെ പിയുടെ ധാര്‍മിക അടിത്തറ നഷ്ടപ്പെട്ടിരിക്കുന്നുവെന്നും സച്ചിന്‍ പൈലറ്റ് ആരോപിച്ചു. തരംതാണ പ്രസ്താവന നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ആവശ്യപ്പെട്ടു. എന്നാല്‍, വിവാദ പ്രസ്താവനയില്‍ ക്ഷമ ചോദിക്കുന്നതായി മന്ത്രി ഗുലാബ് ചന്ദ് കതാരിയ അറിയിച്ചു. തെറ്റായ ഉദ്ദേശ്യത്തോടെ മന്‍മോഹന്‍ സിംഗിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ല. തന്റെ പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും വേദനിച്ചുവെങ്കില്‍ ക്ഷമ ചോദിക്കുകയാണ്- കതാരിയ പറഞ്ഞു.