പ്രതിരോധ, വ്യോമയാന മേഖലകളില്‍ എഫ് ഡി ഐ 100%

Posted on: June 21, 2016 5:04 am | Last updated: June 21, 2016 at 1:05 am

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിദേശ നിക്ഷേപ നയത്തില്‍ കാതലായ മാറ്റം വരുത്തി മോദി സര്‍ക്കാര്‍. വ്യോമയാന, പ്രതിരോധ മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ് ഡി ഐ) പരിധി നൂറ് ശതമാനമാക്കി ഉയര്‍ത്തിക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ വിദേശികള്‍ക്കായി രാജ്യത്തിന്റെ വിപണി തുറന്നുകൊടുത്തത്. ഒപ്പം എഫ് ഡി ഐ നിയമങ്ങള്‍ ലളിതവും ഉദാരവുമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനം. വിദേശത്തു നിന്ന് വന്‍തോതില്‍ നിക്ഷേപം ഇന്ത്യയിലേക്ക് എത്തിക്കുകയാണ് ഇതുവഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം. പുതിയ തീരുമാനം നടപ്പിലാക്കിക്കൊണ്ടുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.
അതേസമയം, നിക്ഷേപം നടത്താന്‍ റിസര്‍വ് ബേങ്കിന്റെ അനുമതി വേണമെന്ന ചട്ടവും എടുത്തുകളഞ്ഞു. പകരം മുപ്പത് ദിവസത്തിനകം അക്കാര്യം റിസര്‍വ് ബേങ്കിനെ അറിയിച്ചാല്‍ മതിയാകും. ഇതോടെ ബഹുരാഷ്ര്ട കമ്പനികള്‍ക്ക് ഇന്ത്യയില്‍ തടസ്സമില്ലാതെ നേരിട്ട് ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനാകും. ഭൂരിഭാഗം മേഖലകളെയും . ഓട്ടോമാറ്റിക്ക് രീതിയിലൂടെ (സര്‍ക്കാര്‍ നിയന്ത്രണമില്ലാതെ) അനുമതി ലഭിക്കുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ നെഗറ്റീവ് പട്ടികയില്‍ കുറച്ചു മേഖലകള്‍ മാത്രമാണുള്ളത്. നിലവില്‍ രാജ്യത്തുള്ള മരുന്നു കമ്പനികളില്‍ 74 ശതമാനം നിക്ഷേപം നടത്താന്‍ വിദേശ കമ്പനികള്‍ക്ക് തടസ്സങ്ങളൊന്നുമില്ല. ഷെഡ്യൂള്‍ഡ് എയര്‍ലൈന്‍സില്‍ നേരത്തെ 49 ശതമാനം മാത്രമായിരുന്നു വിദേശ നിക്ഷേപം അനുവദിച്ചിരുന്നത്. വിദേശനിക്ഷേപം നൂറ് ശതമാനം വരെ അനുവദിക്കുമെങ്കിലും വിദേശ എയര്‍ലൈന്‍സ് കമ്പനികള്‍ക്ക് ഷെഡ്യൂള്‍ഡ് എയര്‍ലൈന്‍സുകളില്‍ 49 ശതമാനം വരെ നിക്ഷേപം നടത്താന്‍ സാധിക്കുകയുള്ളൂവെന്ന വ്യവസ്ഥ നിലനിലനില്‍ക്കും.
പുതിയ നയത്തില്‍ പ്രതിരോധം മേഖലയില്‍ നൂറ് ശതമാനം വിദേശ നിക്ഷേപം ഏര്‍പ്പെടുത്തി. ഓട്ടോമാറ്റിക്ക് രീതിയിലൂടെ വരുന്ന വിദേശ നിക്ഷേപത്തിന്റെ പരിധി 49 ശതമാനമാണ്. ശേഷിക്കുന്നവക്ക് സര്‍ക്കാര്‍ അനുമതി വേണം. ഫാര്‍മസി മേഖലയില്‍ സര്‍ക്കാര്‍ അനുമതിയോടെ നിലവില്‍ നൂറ് ശതമാനം എഫ് ഡി ഐ അനുവദിച്ചിരുന്നു. ഇത് ഓട്ടോമാറ്റിക് രീതിയിലാക്കിയതോടെ, സര്‍ക്കാര്‍ നിയന്ത്രണമില്ലാത്ത നിക്ഷേപരിധി 74 ശതമാനമായി. ഇതിനു മുകളില്‍ വരുന്നവക്ക് മാത്രം സര്‍ക്കാറിന്റെ അനുമതി മതി. വ്യോമയാന മേഖലയില്‍ വിമാനത്താവള പദ്ധതികളില്‍ നൂറ് ശതമാനം എഫ് ഡി ഐ ഏര്‍പ്പെടുത്തി. സര്‍ക്കാറിന്റെ നിയന്ത്രണമില്ലാതെ വരുന്ന നിക്ഷേപങ്ങളുടെ പരിധി നേരത്തെ 74 ശതമാനമായിരുന്നത് ഇപ്പോള്‍ പൂര്‍ണമായും ഓട്ടോമാറ്റിക് രീതിയിലാക്കി. വ്യോമഗതാഗതം, യാത്രാ വിമാനങ്ങള്‍, പ്രാദേശിക വ്യോമഗതാഗത സേവനങ്ങള്‍ എന്നിവക്ക് നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിച്ചു. ഇതില്‍ ഓട്ടോമാറ്റിക് രീതിയില്‍ 49 ശതമാനവും അതിനു മുകളിലുള്ളവ സര്‍ക്കാര്‍ അനുമതിയോടെയുമാക്കി നിജപ്പെടുത്തി. ബ്രോഡ്കാസ്റ്റിംഗ് മേഖലയില്‍ ടെലിപോര്‍ട്ടുകള്‍, ഡി ടി എച്ച്, കേബിള്‍ നെറ്റ്‌വര്‍ക്ക്, മൊബൈല്‍ ടിവി, ഹെഡ്എന്‍ഡ് ഇന്‍ ദി സ്‌കൈ ബ്രോഡ്കാസ്റ്റിംഗ് സര്‍വീസ് (എച്ച് ഐ ടി എസ്) തുടങ്ങിയവയക്ക് ഓട്ടോമാറ്റിക് രീതിയില്‍ നൂറ് ശതമാനം വിദേശനിക്ഷേപം അനുവദിച്ചു.
അനിമല്‍ ഹസ്ബന്‍ഡറി മേഖലയില്‍ സര്‍ക്കാര്‍ നിയന്ത്രണമില്ലാതെ നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ട്. സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ക്ക് ഓട്ടോമാറ്റിക് രീതിയില്‍ 49 ശതമാനമാണ് എഫ് ഡി ഐ അനുവദിച്ചിരിക്കുന്നതെങ്കിലും സര്‍ക്കാര്‍ അംഗീകാരത്തോടെ പരമാവധി 74 ശതമാനം വരെ വിദേശ നിക്ഷേപം കൊണ്ടുവരാനും അനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിദേശ നിക്ഷേപ വരുമാനം നാല്‍പ്പത് ബില്യണ്‍ ഡോളറില്‍ എത്തി റെക്കോര്‍ഡ് കുറിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ മേഖലകളില്‍ വിദേശ നിക്ഷേപ പരിധി വര്‍ധിപ്പിച്ചിരിക്കുന്നത്.