Connect with us

International

മെക്‌സിക്കോയില്‍ അധ്യാപക സംഘടനയും പോലീസും ഏറ്റുമുട്ടി; ആറ് മരണം

Published

|

Last Updated

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോ അധികൃതര്‍ നടപ്പാക്കുന്ന പുതിയ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളില്‍ പ്രതിഷേധിച്ച് അധ്യാപക സംഘടന നടത്തിയ പ്രതിഷേധ പരിപാടികള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തെക്കന്‍ മെക്‌സിക്കോയില്‍ അധ്യാപിക യൂനിയന്‍ സംഘടനകള്‍ റോഡ് ബ്ലോക് ചെയ്തും മറ്റും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. വിവിധ സംഘര്‍ഷങ്ങളില്‍ നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. നിരവധി ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി അധ്യാപക സംഘടനയിലെ നേതാക്കളെ അറസ്റ്റ് ചെയ്തതിലും വിവാദമായ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ പേരിലുമാണ് അധ്യാപക സംഘടന സി എന്‍ ടി ഇ പ്രതിഷേധപരിപാടികളുമായി തെരുവിലിറങ്ങിയത്. പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. അക്രമാസക്തമായ സമരരീതികളാണ് അധ്യാപക സംഘടനയുടേതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓക്‌സാക മുന്‍സിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളില്‍ പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ക്കുകയും ചെയ്തു. അതേസമയം, ഏറ്റവും കൂടുതല്‍ സംഘര്‍ഷം നോച്ചിക്സ്റ്റ്‌ലാനിലായിരുന്നു. ഇവിടെയാണ് ആറ് പേര്‍ കൊല്ലപ്പെട്ട സംഘര്‍ഷം നടന്നത്. 53 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 41 ഫെഡറല്‍ പോലീസുകാര്‍ക്കും 14 പോലീസുകാര്‍ക്കും സംഘര്‍ഷത്തിനിടെ പരുക്കേറ്റു. കൊല്ലപ്പെട്ട എല്ലാവരും സിവിലിയന്‍മാരാണെന്ന് ഓക്‌സാക ഗവര്‍ണര്‍ പറഞ്ഞു.

Latest