അഭയാര്‍ഥികള്‍ ആറ് കോടി കവിഞ്ഞു: യു എന്‍

Posted on: June 21, 2016 6:00 am | Last updated: June 21, 2016 at 1:03 am
SHARE

World_refugee_daytoolkit_image.width-480ജനീവ: ആഗോള വ്യാപകമായി അഭയാര്‍ഥികളായവരുടെയും ഭവനരഹിതരായവരുടെയും എണ്ണം ആറ് കോടി കവിഞ്ഞതായി ഐക്യരാഷ്ട്ര സഭ. 2015 അവസാനത്തോടെ ഇത്തരത്തില്‍ ദുരിതം നേരിട്ട ആളുകളുടെ എണ്ണം 65.3 മില്യന്‍ (6.3 കോടി) എന്ന റെക്കോര്‍ഡ് എണ്ണം കവിഞ്ഞതായാണ് കണക്കുകള്‍. അതായത് മൊത്തം ലോക ജനസംഖ്യയുടെ ഒരു ശതമാനം ഇത്തരത്തില്‍ വീടുവിട്ട് പോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന കടുത്ത അഭയാര്‍ഥി പ്രതിസന്ധിയാണ് ഇതെന്ന് യു എന്‍ അഭയാര്‍ഥി ഏജന്‍സി വ്യക്തമാക്കുന്നു. ലോക അഭയാര്‍ഥി ദിനമായി ആചരിക്കപ്പെട്ട ഇന്നലെയാണ്(ജൂണ്‍ 20) യു എന്‍ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്. അഭയാര്‍ഥി പ്രതിസന്ധി ആഗോളതലത്തില്‍ തന്നെ വന്‍ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. യുദ്ധവും ആഭ്യന്തര സംഘര്‍ഷങ്ങളും ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളും ഉള്‍പ്പെടെ നിരവധി കാരണങ്ങളാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭയാര്‍ഥികള്‍ പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്.
യു എന്‍ അഭയാര്‍ഥി ഏജന്‍സി കണക്കുകള്‍ പ്രകാരം, 2015ല്‍ മാത്രം ആഗോളവ്യാപകമായി ഒരു കോടിയോളം പേര്‍ താമസിക്കുന്ന വീട്ടില്‍ നിന്നോ നാടുകളില്‍ നിന്നോ മാറിത്താമസിക്കാന്‍ നിര്‍ബന്ധിതരായി. ആഗോളജനസംഖ്യ നിലവില്‍ എഴുനൂറ് കോടി (7.349 ബില്യന്‍)കവിയും. അതായത്, 113 പേരില്‍ ഒരാള്‍ ആഭ്യന്തരമായി മാറിത്താമസിക്കാന്‍ നിര്‍ബന്ധിതരാകുകയോ അല്ലെങ്കില്‍ അഭയാര്‍ഥികളാകുകയോ ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ അഭയാര്‍ഥികളുടെയും അഭ്യന്തര പറിച്ചുനടലുകള്‍ക്ക് ഇരയായവരുടെയും എണ്ണം ബ്രിട്ടന്റെയോ അല്ലെങ്കില്‍ ഫ്രാന്‍സിന്റെ മൊത്തം ജനസംഖ്യയെ മറികടക്കുന്നതാണ്.
1990 മുതല്‍ ഇങ്ങനെ മാറിത്താമസിക്കാന്‍ നിര്‍ബന്ധിതരാകുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ 2011ല്‍ സിറിയന്‍ ആഭ്യന്തര സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ ഈ എണ്ണത്തില്‍ കുതിച്ചു ചാട്ടമുണ്ടായി. മൊത്തം ആറ് കോടിയിലധികം പേരില്‍, നാല് കോടിയിലധികം പേര്‍ ആഭ്യന്തരമായി തന്നെ വീടും നാടും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായപ്പോള്‍ രണ്ട് കോടിയിലധികം പേര്‍ അതിര്‍ത്തികള്‍ മുറിച്ചുകടന്ന് അഭയാര്‍ഥികളായി കഴിയുന്നു. ഏറ്റവും കുടുതല്‍ അഭയാര്‍ഥികള്‍ ഉള്ളത് ഫലസ്തീനില്‍ നിന്നാണ്. ഇവരുടെ എണ്ണം അര കോടി കവിയും. 1948ല്‍ ഫലസ്തീന്‍ ഭൂമി കൈയേറി ഇസ്‌റാഈല്‍ രാഷ്ട്രം രൂപവത്കരിച്ചതുമുതല്‍ ഇപ്പോഴും അഭയാര്‍ഥികളായി കഴിയുന്നവരുടെ എണ്ണവും ഉള്‍പ്പെടെയാണ് ഈ കണക്ക്. ഫലസ്തീന് തൊട്ടുപിറകില്‍ 49 ലക്ഷം അഭയാര്‍ഥികളുമായി സിറിയയാണുളളത്. 27 ലക്ഷം അഭയാര്‍ഥികളുമായി അഫ്ഗാനിസ്ഥാന്‍ മൂന്നാമതും സ്ഥാനം പിടിക്കുന്നു. സോമാലിയയില്‍ നിന്ന് അഭയാര്‍ഥികളായവരുടെ എണ്ണം പതിനൊന്ന് ലക്ഷത്തോളമാണ്. തെക്കന്‍ സുഡാന്‍, യെമന്‍, ബുറുണ്ടി, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളില്‍ നിന്നും നിരവധി പേര്‍ അഭയാര്‍ഥികളായി കഴിയുന്നു.
അഭയം തേടിയെത്തുന്നവര്‍ക്ക് നേരെ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന കര്‍ശന നിയമങ്ങളും നിയന്ത്രണങ്ങളും മനുഷ്യത്വത്തെ ചോദ്യം ചെയ്യുന്നതാണെന്ന് യു എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തുര്‍ക്കിയാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികള്‍ക്ക് സുരക്ഷിതമായ ഇടം ഒരുക്കി മുന്നില്‍ നില്‍ക്കുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ, ജര്‍മനി, 4,41,900 പേരുടെ കുടിയേറ്റ അപേക്ഷകള്‍ സ്വീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here