ചെറിയ പാപങ്ങളെ കരുതിയിരിക്കുക

Posted on: June 21, 2016 5:57 am | Last updated: June 21, 2016 at 8:20 pm

RAMZAN‘നിങ്ങള്‍ ചെറിയ പാപങ്ങളെ പ്രത്യേകം സൂക്ഷിക്കുക. കാരണം അവ ഒരാളില്‍ ഒരുമിച്ചുകൂടി അയാളെ നശിപ്പിച്ചുകളയും’ ഇമാം അഹ്മദ് (റ) തന്റെ മുസ്‌നദ് 1/402 ല്‍ ഉദ്ധരിച്ച ഒരു തിരുവചനമാണിത്. ആളുകള്‍ അത്രയൊന്നും ഗൗരവത്തോടെ കാണാത്ത വിഷയത്തെക്കുറിച്ചുള്ള ചേതോഹരമായ ചിത്രീകരണമാണ് ഈ ഹദീസിലുള്ളത്. തുടര്‍ന്ന് തിരുനബി (സ) അതിന് ഒരു ഉപമ പറഞ്ഞു. ഒരു സംഘം ആളുകള്‍ ഒഴിഞ്ഞ ഒരിടത്ത് തമ്പടിക്കുന്നു. ഭക്ഷണം പാകം ചെയ്യുന്നതിന് വിറകന്വേഷിച്ച് ഒരാള്‍ പുറപ്പെടുന്നു. ഒരു മരക്കഷ്ണവുമായി അയാള്‍ തിരിച്ചുവരുന്നു. മറ്റൊരാള്‍ പോയി വേറൊരു മരക്കഷ്ണവുമായി തിരിച്ചുവരുന്നു. അങ്ങനെ മരക്കഷ്ണക്കൂരമ്പാരം ഒരുമിച്ചു കൂടുന്നു. തീകത്തിക്കുകയും ഭക്ഷണം വേവിക്കുകയും ചെയ്യുന്നു. (ബൈഹഖി- ശുഅബുല്‍ ഈമാന്‍ 285).
വന്‍ പാപങ്ങള്‍ വന്നുപോകാതിരിക്കാന്‍ അധികപേരും പരമാവധി ശ്രദ്ധിക്കാറുണ്ട്. ചെറുദോഷങ്ങള്‍ ധാരാളം അശ്രദ്ധമായി വന്നുപോകാറുമുണ്ട്. വലിയ കുറ്റകൃത്യങ്ങള്‍ നിരന്തരം ചെയ്യുന്നവര്‍ സമൂഹത്തില്‍ കുറവായിരിക്കും. പാരത്രിക ചിന്തയില്ലാത്ത കടുത്ത ധിക്കാരികള്‍ക്ക് മാത്രമേ കൊടുംക്രിമിനലുകളാകാന്‍ സാധിക്കുകയുള്ളൂ.
വലിയ പാപങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള ജാഗ്രത ചെറുദോഷങ്ങളുടെ കാര്യത്തില്‍ കാണാറില്ല. നിരന്തരം ചെറിയ പാപങ്ങള്‍ സംഭവിക്കുന്നതിനെ ഗൗരവമായി കാണുന്നില്ല. അതിനെ നിസ്സാരമായി കാണുന്നവരാണ് അധികപേരും. അല്ലാഹുവിന്റെ കാരുണ്യത്തില്‍ അതെല്ലാം പൊറുക്കപ്പെടുമെന്നും അന്ത്യനാളില്‍ രക്ഷപ്പെടുമെന്നുമാണ് പലരും ധരിച്ചുവെച്ചത്. ചെറിയ ഒരു നന്മയെ പോലും അവഗണിക്കരുതെന്നും ഒരു ചെറുദോഷത്തെപോലും നിസ്സാരമായി കാണരുതെന്നുമാണ് തിരുവചനമുള്ളത്. നമ്മുടെ കണ്ണിലും മൂക്കിലും ചെവിയിലുമെല്ലാം ഒരു ചെറിയ ഉറുമ്പ് കയറിയാല്‍ പോലും അത് നമ്മെ എന്തുമാത്രം അസ്വസ്ഥമാക്കും. അത് നോമ്പ് തുറ സമയത്തോ അത്താഴ സമയത്തോ ആയാല്‍ പിന്നെ കോപാകുലനായി ഉറഞ്ഞുതള്ളുക തന്നെ ചെയ്യും.
ചെറുപാപങ്ങള്‍ ചെറുതാകുന്നത് വന്‍ ദോഷങ്ങളെ തുലനം ചെയ്യുമ്പോഴാണ്. അല്ലാഹുവിന് അനിഷ്ടകരമായ കാര്യങ്ങള്‍, അവ ചെറുതോ വലുതോ ആവട്ടെ അവ ഒരിക്കലും നിസ്സാരങ്ങളല്ല. ലാഘവത്തോടെ കാണാന്‍ പറ്റില്ല. നബി (സ) പറഞ്ഞു: ആഇശാ, നിസ്സാരവും സാധാരണവുമായി കരുതപ്പെടുന്ന പാപങ്ങളെ നീ പ്രത്യേകം സൂക്ഷിക്കണം. എന്തുകൊണ്ടെന്നാല്‍ അല്ലാഹുവിങ്കല്‍ അവയും വിചാരണ ചെയ്യപ്പെടുന്നതാണ്. (ഹദീസ് ഇബ്‌നുമാജ 4243).
ചെറിയ പാപങ്ങള്‍ ചെറിയ മരക്കഷ്ണങ്ങള്‍ പോലെയാണ്. ഒറ്റപ്പെട്ടു കിടന്നാല്‍ ഉപകാരോപദ്രവം ചെയ്യില്ല. ഒരുമിച്ചുകൂട്ടിയാല്‍ ഒരു തീകുണ്ഡം തന്നെ അതുകൊണ്ട് ഉണ്ടായേക്കാം. ലഘുവായിത്തോന്നുന്ന തെറ്റുകുറ്റങ്ങളുടെ അവസ്ഥയാണിത്. ഒറ്റക്കൊറ്റക്കാകുമ്പോള്‍ ബാധിച്ചുകൊള്ളണമെന്നില്ല. ഒരുമിച്ചുകൂടുമ്പോള്‍ അവ പ്രശ്‌നം സൃഷ്ടിക്കും. അങ്ങനെ നന്മകളെ നശിപ്പിക്കാന്‍ വരെ കാരണമായേക്കും. ചെറുപാപങ്ങള്‍ തുടര്‍ച്ചയായി സംഭവിക്കുന്നതില്‍ സംതൃപ്തനാണ് നമ്മുടെ ജന്മശത്രുവായ പിശാച് എന്നതും ചെറുദോശങ്ങളെ ജാഗ്രതയോടെ കാണണമെന്ന് തന്നെയാണ് ഉദ്‌ബോധിപ്പിക്കുന്നത്.
തിരുനബിയും സ്വഹാബികളും വിശ്രമിക്കുന്ന സ്ഥലത്ത് എന്തെങ്കിലും സുഖകരമല്ലാത്തത് കണ്ടുകിട്ടിയാല്‍ എന്റെ മുമ്പിലെത്തിക്കാനാവശ്യപ്പെട്ടപ്പോള്‍ എല്ലിന്‍ കഷ്ണവും ശവങ്ങളുമായി മാലിന്യക്കൂമ്പാരങ്ങള്‍ അവിടെ ഒരുമിച്ച് കൂട്ടപ്പെട്ടു. നബി(സ) ചോദിച്ചു. ഇപ്പോഴെന്തു തോന്നുന്നു. ഒരാളുടെ തെറ്റുകുറ്റങ്ങളെല്ലാം ഒരുമിച്ചു കൂട്ടിയാല്‍ ചെറുദോഷങ്ങള്‍ തന്നെ നശിപ്പിക്കാന്‍ മാത്രമുണ്ടാകും. ചെറുതും വലുതുമായ പാപങ്ങളില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കാന്‍ ശ്രമിക്കുക. കുറ്റകൃത്യങ്ങള്‍ ഇപ്രകാരം ഒരുമിച്ചുകൂട്ടപ്പെടുക തന്നെ ചെയ്യും. (ത്വബ്‌റാനി).