ഇതര സംസ്ഥാന തൊഴിലാളികള്‍

Posted on: June 21, 2016 5:52 am | Last updated: June 21, 2016 at 12:53 am
SHARE

SIRAJജിഷ വധക്കേസ് പ്രതി ഇതരസംസ്ഥാന തൊഴിലാളിയാണെന്നറിഞ്ഞതോടെ സമൂഹത്തിലും മാധ്യമങ്ങളിലും അധികൃത തലത്തിലും ഈ തൊഴിലാളികളെ കുറിച്ചുള്ള ചര്‍ച്ച സജീവമാണ്. ഇവര്‍ സംസ്ഥാനത്തെ സാമൂഹിക സുരക്ഷിതത്വത്തിന് ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചാണ് പലര്‍ക്കും ഉത്ക്കണ്ഠ. ജിഷ വധത്തിന് പുറമെ സമീപ കാലത്ത് സംസ്ഥാനത്ത് നടന്ന പല കുറ്റകൃത്യങ്ങളിലും ഇവര്‍ പിടിയിലായതാണ് ഇത്തരമൊരാശങ്കക്ക് കാരണം. സംസ്ഥാനത്ത് 25 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടയില്‍ ഇതര സംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് കണക്ക്. എന്നാല്‍ ബഹുഭൂരിഭാഗം പേരെ സംബന്ധിച്ചും അധികൃതര്‍ക്ക് ഒരു വിവരവുമില്ല. ഏത് നാട്ടുകാരെന്നോ എവിടെ താമസിക്കുന്നുവെന്നോ ഇവരെ തൊഴിലിന് നിര്‍ത്തുന്ന തൊഴിലുടമകള്‍ക്കും അറിയില്ല. പലര്‍ക്കും തിരിച്ചറിയല്‍ രേഖകള്‍ ഇല്ല. വ്യാജ രേഖകള്‍ കൈവശമുള്ളവരുമുണ്ട്. ഇത് മൂലം എന്തെങ്കിലും കുറ്റകൃത്യം നടത്തി കടന്നുകളഞ്ഞാല്‍ പിടികൂടുക ശ്രമകരമാണ്.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തൊഴില്‍ വകുപ്പ് ഇവരെ റജിസ്റ്റര്‍ ചെയ്യാന്‍ നടപടികളെടുത്തിരുന്നെങ്കിലും 53,000 പേര്‍ മാത്രമാണ് മുന്നോട്ട് വന്നത്. സംസ്ഥാനത്തെ മൊത്തം ഇതരസംസ്ഥാന തൊഴിലാളികളുടെ പത്ത് ശതമാനം മാത്രം. തൊഴിലാളികളെ റജിസ്‌ട്രേഷന്‍ നടപടികളിലേക്ക് ആകര്‍ഷിക്കുന്നതിനയി റജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ക്ഷേമ പദ്ധതികള്‍ നടപ്പാക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം. കൂടാതെ പോലീസുകാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ ഓരോ പ്രദേശത്തും താമസിക്കുന്ന തൊഴിലാളികളുടെ വിവരങ്ങളും തൊഴില്‍ മേഖലയും ക്രമിനല്‍ പശ്ചാത്തലമുള്‍പ്പെടെ മറ്റു വിവരങ്ങളും ശേഖരിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇവരെ ജോലിക്ക് നിര്‍ത്തുന്ന കരാറുകാര്‍ തിരിച്ചറിയല്‍ കാര്‍ഡ് സ്റ്റേഷനില്‍ ഹാജരാക്കണമെന്ന നിയമം കര്‍ശനമാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുകയുണ്ടായി.
1990കളുടെ തുടക്കത്തില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് കേരളത്തിലേക്കുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ വരവ് ആരംഭിച്ചത്. ക്രമേണ പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും വന്നുതുടങ്ങി. സ്വന്തം നാട്ടില്‍ ജോലി അവസരം വിരളമായതും വേതനക്കുറവുമാണ് അവരെ ഇവിടേക്കാകര്‍ഷിച്ചത്. വെള്ളക്കോളര്‍ ജോലി സംസ്‌കാരവും ഗള്‍ഫിലെ വര്‍ധിതമായ അവസരവും കാരണം കായികാധ്വാനം ആവശ്യമായ ജോലികളില്‍ നിന്ന് മലയാളികള്‍ മാറിനിന്നത് അവര്‍ക്ക് അനുഗൃഹവുമായി. മലയാളി തൊഴിലാളികളേക്കാള്‍ കുറഞ്ഞ വേതനവും കൂടുതല്‍ സമയം അധ്വാനിക്കാനുള്ള സന്നദ്ധതയും തൊഴിലുടകമളെയും അവരിലേക്കാകര്‍ഷിച്ചു. ഇതേ തുടര്‍ന്ന് കെട്ടിട നിര്‍മാണ മേഖലയില്‍ തുടക്കമിട്ട അവരുടെ സാന്നിധ്യം കൃഷി, കച്ചവടം, പ്ലൈവുഡ് വ്യവസായം, ഇഷ്ടിക ഹോളോബ്രിക്‌സ് യൂനിറ്റുകള്‍, ഹോട്ടലുകള്‍, തേയില, കാപ്പി തോട്ടങ്ങള്‍, വീട്ടുജോലികള്‍ തുടങ്ങി എല്ലാ മേഖലകളിലേക്കും വ്യാപിക്കുക മാത്രമല്ല മിക്ക തൊഴില്‍ മേഖഖലളിലും അവര്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.
തുടക്കത്തില്‍ വേതനം കുറവായിരുന്നെങ്കിലും ഇന്നിപ്പോള്‍ അവരുടെ വേതന നിലവാരവും മെച്ചപ്പെട്ടിട്ടുണ്ട്. ഒരു തൊഴിലാളികളുടെ വാര്‍ഷിക വരുമാനം ശരാശരി 70,000 രൂപ വരുമെന്നാണ് 2015 ജനുവരിയില്‍ ലേബര്‍ ആന്‍ഡ് റീഹാബിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനും ചേര്‍ന്നു നടത്തിയ പഠനത്തിലെ കണ്ടെത്തല്‍. ഇതിനേക്കാള്‍ ഉയര്‍ന്ന വരുമാനം നേടുന്നവരുമുണ്ട് ധാരാളം. ഒരു വര്‍ഷം 17,500 കോടി രൂപയെങ്കിലും ഇവര്‍ വഴി ഇതര സംസ്ഥാനങ്ങളിലേക്കെത്തുന്നുണ്ട്.
ഇപ്പോള്‍ അന്യസംസ്ഥാന തൊഴിലാളികളെ മൊത്തം സംശയത്തോടെ വീക്ഷിക്കുന്ന സ്ഥിതിവിശേഷം ശക്തിപ്പെടുകയും കേരളത്തിന്റെ സാമൂഹിക സുരക്ഷിത്വത്തിന് ഇവര്‍ കടുത്ത ഭീഷണിയാണെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളിലും മറ്റും വ്യാപകമായും ചെയ്തതോടെ ചില ഭാഗങ്ങളില്‍ നിന്ന് കൂട്ടത്തോടെ അവര്‍ നാട്ടിലേക്ക് മടങ്ങുന്നതായി വാര്‍ത്തയുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുണ്ടെങ്കിലും അതൊരു ചെറിയ ശതമാനം മാത്രമാണെന്നും ബഹുഭൂരിപക്ഷവും അത്തരക്കാരല്ലെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. കേരളത്തിന്റെ ഇപ്പോഴത്തെ തൊഴില്‍ സാഹചര്യത്തില്‍ ഇവരെ ഒഴിവാക്കി മുന്നോട്ട് പോകാന്‍ പ്രയാസവുമാണ്. റജിസ്‌ട്രേഷന്‍ നടപടി കാര്യക്ഷമമാക്കി മുഴുവന്‍ തൊഴിലാളികളുടെയും പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കുകയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ നിരീക്ഷണത്തിന് വിധേയമാക്കി തൊഴില്‍ രംഗത്ത് അവരുടെ സാന്നിധ്യം തുടരാനുള്ള സാഹചര്യം ഒരുക്കുകയാണ് ഈ ഘട്ടത്തില്‍ ബന്ധപ്പെട്ടവര്‍ ചെയ്യേണ്ടത്. തൊഴിലുടമകളുടെയും ഇടനിലക്കാരുടെയും ചൂഷണത്തിന് അവര്‍ ഇരയാകുന്നതായി വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അത് തടയാനുള്ള നടപടികളും ആവശ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here