കീളക്കരയിലെ വിജ്ഞാന സാഗരം

Posted on: June 21, 2016 5:51 am | Last updated: June 21, 2016 at 12:52 am
SHARE

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന മര്‍കസിന് രാജ്യത്തിനകത്തും പുറത്തുമായി നിരവധി അക്കാദമിക ബന്ധങ്ങളുണ്ട്. ലോകപ്രശസ്ത സര്‍വകലാശാലകളുമായും കോളജുകളുമായും ധാരണാപത്രം ഒപ്പുവെച്ച മര്‍കസ്, തീര്‍ത്തും വ്യത്യസ്തമായ വിദ്യാഭ്യാസ സാംസ്‌കാരിക കൈമാറ്റങ്ങള്‍ക്കാണ് ഇതിലൂടെ വഴി തുറന്നിട്ടിരിക്കുന്നത്. മലേഷ്യയിലെ അന്താരാഷ്ട്ര ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, ഈജിപ്തിലെ അല്‍ അസ്ഹര്‍, യമനിലെ ദാറുല്‍ മുസ്തഫ, തുര്‍ക്കിയിലെ മുഹമ്മദ് ഫാതിഹ് വഖ്ഫ് യൂനിവേഴ്‌സിറ്റി, ജോര്‍ദാനിലെ അമ്മാന്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി തുടങ്ങിയവയുമായി മര്‍കസ് നേരത്തെ അക്കാദമിക ധാരണയുണ്ടാക്കിയിട്ടുണ്ട്. ചരിത്രത്തില്‍ അരികുവത്കരിക്കപ്പെട്ട ഒരു സമുദായത്തിലെ പാവപ്പെട്ട വിദ്യാര്‍ഥികളെ അന്താരാഷ്ട്ര വിദ്യാഭ്യാസ രംഗത്തെ അനന്ത സാധ്യതകളിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഇത്തരം വിദ്യാഭ്യാസ ബന്ധങ്ങള്‍ക്ക് സാധിച്ചു എന്നത് പ്രതീക്ഷ നല്‍കുന്ന വസ്തുതയാണ്. അലിഗഢ് മുസ്‌ലിം സര്‍വകലാശാല, ജാമിഅ മില്ലിയ്യ യൂനിവേഴ്‌സിറ്റി, ജാമിഅ ഹംദര്‍ദ് യൂനിവേഴ്‌സിറ്റി തുടങ്ങിയ ഇന്ത്യന്‍ സര്‍വകലാശാലകളുമായും മര്‍കസിന് അക്കാദമിക സഹകരണമുണ്ട്.
ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനം സാധ്യമാക്കി എന്നതുപോലെ, ഇന്ത്യയും മറ്റു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധങ്ങള്‍ക്ക് കൂടി വേരോട്ടം നല്‍കിയ വിദ്യാഭ്യാസ മുന്നേറ്റമാണ് 40 തികയുന്ന മര്‍കസ് എന്ന വിശ്വ കലാലയം മലയാളികള്‍ക്ക് സമ്മാനിച്ചത്.
വിവിധ സംസ്ഥാനങ്ങളുമായി സഹകരിച്ച് മര്‍കസ് നടത്തിവരുന്ന വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ദേശീയ ശ്രദ്ധപിടിച്ചു കഴിഞ്ഞു. ഈയൊരു സാംസ്‌കാരിക മുന്നേറ്റത്തിന്റെ ഭാഗമായാണ് കീളക്കരയിലെ സ്വദഖ് ട്രസ്റ്റ് നേതൃത്വം നല്‍കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി മര്‍കസ് അക്കാദമിക ധാരണയുണ്ടാക്കുന്നത്. കന്യാകുമാരി റോഡിനു ഇരുവശങ്ങളിലുമായി ആയിരത്തോളം ഏക്കറില്‍ പരന്നുകിടക്കുന്ന ട്രസ്റ്റിന്റെ വിദ്യാഭ്യാസ സമുച്ചയങ്ങളില്‍ അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന എഞ്ചിനീയറിംഗ് കോളജ്, പോളിടെക്‌നിക് കോളജ്, അറബിക് കോളജ് , ആര്‍ട്‌സ് കോളജ് എന്നിവ കേരളീയര്‍ക്ക് അധികം പരിചയമില്ല. ഏര്‍വാടിയും കീളക്കരയും പതിവായി സന്ദര്‍ശിക്കുന്ന മലയാളികള്‍ ഇന്ത്യയിലെ ആദ്യത്തെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളജ് കടന്നാണ് പോകുന്നതെന്നു പോലും അറിയാറില്ല.
പ്രവാചക പ്രകീര്‍ത്തന രചനകളാല്‍ പ്രസിദ്ധനായ പ്രമുഖ സൂഫി വര്യന്‍ അല്ലാമാ സദഖതുല്ലാഹില്‍ ഖാഹിരിയുടെ കുടുംബ പരമ്പരയില്‍ പെട്ട കീളക്കരയിലെ പഴയ വജ്ര വ്യാപാരികള്‍ വിദ്യാഭ്യാസ മേഖലയിലേക്ക് ശ്രദ്ധ തിരിച്ചതു കാരണം പതിനായിരങ്ങളാണ് ആധുനിക വിജ്ഞാനം കരസ്ഥമാക്കിയത്. ഐ ബി എം ഉപദേഷ്ടാവും ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞനും എ പി ജെ അബ്ദുല്‍ കലാമിന്റെ ശിഷ്യനുമായ ഊട്ടിയിലെ ദാമോദര്‍, സ്വദഖ് ട്രസ്റ്റ് എഞ്ചിനീയറിംഗ് കോളജ് പൂര്‍വ വിദ്യാര്‍ഥിയാണ്.
1973ല്‍ സ്ഥാപിതമായ മുഹമ്മദ് സ്വദഖ് ട്രസ്റ്റ് ചെന്നൈ, രാമനാഥപുരം, കീളക്കര എന്നിവിടങ്ങളിലായി 19ല്‍ പരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിവരുന്നു. ഇപ്പോഴത്തെ ചെയര്‍മാനും വിവിധ കോളജുകളിലെ പ്രിന്‍സിപ്പല്‍മാരും ആറ് മാസം മുമ്പ് നടത്തിയ മര്‍കസ് സന്ദര്‍ശന വേളയില്‍ മര്‍കസില്‍ നിന്ന് ഉന്നത വിജയം കരസ്ഥമാക്കുന്ന രണ്ട് പേര്‍ക്ക് അവരുടെ ക്യാമ്പസുകളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കാനും തയ്യാറായി.
മര്‍കസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരിയുടെ മേല്‍നോട്ടത്തില്‍ നടന്നുവരുന്ന പൂനൂരിലെ മര്‍കസ് ഗാര്‍ഡന്‍ വിദ്യാര്‍ഥികളുമായി ട്രസ്റ്റ് ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ട്രസ്റ്റിന് കീഴില്‍ 1988 മുതല്‍ നടത്തി വരുന്ന സയ്യിദ ഹമീദ അറബിക് കോളജ് നടത്തിപ്പ് ഈ വര്‍ഷം മുതല്‍ മര്‍കസിനെ ഏല്‍പിക്കുകയും ഓഫ് ക്യാമ്പസ് ആയി പ്രഖ്യാപിക്കുകയും ചെയ്തു. ഇവിടെ നിന്നും വിദ്യാര്‍ഥികള്‍ക്ക് വിവിധ യൂനിവേഴ്‌സിറ്റികളിലെ കോഴ്‌സുകള്‍ പഠിക്കാനുള്ള സൗകര്യവും നിലവിലുണ്ട്.
ട്രസ്റ്റിന് കീഴില്‍ നടക്കുന്ന അറബിക് കോളജ് വിദ്യാര്‍ഥികള്‍, ക്യാമ്പസിന് അടുത്തായുള്ള എന്‍ഞ്ചിനീയറിംഗ്, പോളിടെക്‌നിക് എന്നിവിടങ്ങളില്‍ നിന്നും വിവിധ കോഴ്‌സുകള്‍ പഠിച്ചുവരുന്നു. വിവിധ വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് പുതിയ ദിശാബോധം ലഭിക്കുന്നത് ഡോ. എ പി ജെ അബ്ദുല്‍ കലാമിന്റെ നാല്പതാം വിയോഗ ദിനത്തില്‍ രാമേശ്വരത്ത് വെച്ച് ട്രസ്റ്റ് ഭാരവാഹികളുമായി ഡോ. അബ്ദുല്‍ ഹകിം അസ്ഹരി കൂടിക്കാഴ്ച നടത്തിയ ശേഷമാണ്.
ഇന്ത്യയില്‍ വളരെ കുറഞ്ഞ ചെലവില്‍ മറൈന്‍ കോഴ്‌സ് പഠിപ്പിക്കുന്ന മുഹമ്മദ് സ്വദഖ് എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ ക്യാമ്പസ് സെലക്ഷനിലൂടെ തന്നെ എല്ലാ വര്‍ഷവും ജോലിയില്‍ പ്രവേശിക്കുന്നു. ഇങ്ങനെ നിരവധി കോഴ്‌സുകള്‍ ചുരുങ്ങിയ ഫീസിലും മികച്ച നിലവാരത്തിലും പഠിക്കാനുള്ള എല്ലാ സംവിധാനങ്ങളും മുഹമ്മദ് സ്വദഖ് ട്രസ്റ്റ് സ്ഥാപനങ്ങളില്‍ നിലവിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sathatkrust.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിനക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here