സ്‌പോര്‍ട്‌സ് കൗണ്‍സിലും തിരിഞ്ഞുകൊത്തുന്ന ഭൂതവും

അഞ്ജു തുറന്നുവിട്ട അപമാനിക്കല്‍ ഭൂതം അക്ഷരാര്‍ഥത്തില്‍ തിരിഞ്ഞു കൊത്തുകയാണ്. പ്രസിഡന്റായി ഇരുന്ന കാലയളവില്‍ കൗണ്‍സിലില്‍ അരങ്ങേറിയ ഇത്രമാത്രം കാര്യങ്ങള്‍ പുറത്തുവന്നുവെങ്കില്‍ ഒരന്വേഷണം ഉണ്ടായാല്‍ എന്തായിരിക്കും സ്ഥിതി? കഴിഞ്ഞ 10 വര്‍ഷത്തെ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ ഓഡിറ്റിംഗിന് വിധേയമാക്കണമെന്ന ആവശ്യവും ശക്തമാണ്. സ്‌പോര്‍ട്‌സ് ലോട്ടറി വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. നാലു മാസത്തിനിടെ, നാലു തവണ മാത്രം തലസ്ഥാനത്തെത്തിയ അഞ്ജുവിന് വിമാനയാത്രാ ടിക്കറ്റ് അനുവദിക്കാന്‍ തീരുമാനിച്ച അതേ യോഗത്തിലാണ് വിവാദമായിരിക്കുന്ന ഭൂരിപക്ഷം ഉത്തരവുകളും ഇറങ്ങിയത്. സഹോദരന്‍ അജിത് മാര്‍ക്കേസിന് നല്‍കിയ അസിസ്റ്റന്റ് സെക്രട്ടറി (ടെക്‌നിക്കല്‍) നിയമനം മാത്രമല്ല, സ്ഥിരം നിയമനത്തിന് താത്കാലിക ജീവനക്കാര്‍ക്ക് ക്ലെയിം ഉണ്ടാകുന്ന രീതിയില്‍ കാലാവധി നീട്ടി നല്‍കല്‍, റിട്ടയര്‍ ചെയ്തവര്‍ക്ക് വീണ്ടും നിയമനം തുടങ്ങിയ നിരവധി കാര്യങ്ങളാണ് അഞ്ജു പങ്കെടുക്കാതിരുന്ന യോഗത്തിലുണ്ടായത്.
Posted on: June 21, 2016 6:01 am | Last updated: June 21, 2016 at 12:51 am

anju bobby georgeഅഞ്ജു ബോബി ജോര്‍ജ് എന്നും കേരളത്തിന് അഭിമാനമാണ്. അന്താരാഷ്ട്ര തലത്തില്‍ കേരളത്തിന്റെ പ്രശസ്തി വാനോളമുയര്‍ത്തിയ താരങ്ങളിലൊരാള്‍. മികച്ച അത്‌ലറ്റ്. നിലവില്‍ കസ്റ്റംസ് ഉദ്യോഗസ്ഥ. സംസ്ഥാനത്തിനു പുറത്തെ സ്ഥിരതാമസക്കാരി. എന്നിരുന്നാലും അഞ്ജുവിനു ലഭിക്കേണ്ട ബഹുമാനങ്ങളുടെ കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടെന്ന് തോന്നുന്നില്ല.
കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അമരത്തേക്ക് എന്തുകൊണ്ടും പരിഗണിക്കപ്പെടാവുന്ന വ്യക്തിയാണ് അഞ്ജു ബോബി ജോര്‍ജ്. യു ഡി എഫ് സര്‍ക്കാര്‍ തന്നെ നിയമിച്ച പത്മിനി തോമസിന്റെ കാലാവധി അവസാനിക്കാന്‍ നാലു മാസം അവശേഷിക്കെ നടന്ന അപ്രതീക്ഷിത നീക്കത്തിലൂടെയാണ് അഞ്ജു സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായത്. കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ചരിത്രത്തില്‍ തന്നെ ഇടം നേടിയ ഈ അഴിച്ചുപണി ശരിയായിരുന്നോ? ആദ്യം പരിശോധിക്കേണ്ട വിഷയം ഇതല്ലേ?
പത്മിനി തോമസില്‍ വിശ്വാസം നഷ്ടപ്പെട്ടിരുന്നുവെങ്കില്‍, കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുണ്ടായിരുന്നെങ്കില്‍ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടപെടേണ്ടിയിരുന്നത് അധികാരം അവസാനിക്കുമ്പോഴായിരുന്നില്ല. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അടക്കം കായിക മേഖലയിലെ നിരവധി പേര്‍ വിവിധ പരാതികളുമായി സമീപിച്ചപ്പോഴൊന്നും അതുണ്ടായിട്ടില്ല. തമ്മിലടിച്ചിരുന്ന എതിര്‍ചേരിക്കാരെയെല്ലാം എന്തു ‘ഫോര്‍മൂല’യുടെ ബലത്തിലായാലും ഒരു കുടുക്കീഴിയില്‍ കൊണ്ടുവരാന്‍ ദേശീയ ഗെയിംസിന് മുമ്പ് തിരുവഞ്ചുരിനു കഴിഞ്ഞു. അതിനാല്‍ തന്നെ, നിശ്്ചയമായും ഉയരേണ്ടിയിരുന്ന പല അഴിമതി വിവാദങ്ങളും ഇപ്പോഴും ആരും അറിയുന്നുമില്ല. അതൊക്കെ മൂടിവച്ചുതന്നെ മുന്നോട്ടുപോകണം. അതിന് ഒപ്പമുള്ളവര്‍ പുതിയ സര്‍ക്കാറിന്റെ മധുവിധു നാളുകളിലെങ്കിലും കൗണ്‍സിലില്‍ തുടരണം. എല്ലാത്തിനുമുള്ള ഒരു പുകമറയായിരുന്നില്ലേ കൗണ്‍സിലിലെ അധികാര കൈമാറ്റം?
പത്മിനി തോമസിനെ മാറ്റുമ്പോള്‍ പകരക്കാരന്‍ അതുക്കുമേലെ നിന്നുതന്നെ വേണം. അഞ്ജുവിന്റെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ തിരുവഞ്ചൂരും കൂട്ടരും നല്‍കിയ വിമാന ടിക്കറ്റ്, വല്ലപ്പോഴുമുള്ള ഓഫീസ് സന്ദര്‍ശനം തുടങ്ങിയ ഓഫറുകള്‍ മറ്റുള്ളവര്‍ ഇത്തരത്തിലാകും സ്വീകരിക്കുകയെന്ന് അഞ്ജു കരുതിയിട്ടുണ്ടാകില്ല. അഞ്ജുവിനെ മറയാക്കി അതിവേഗത്തില്‍ ബഹുദൂരം സഞ്ചരിച്ച് തിരുവഞ്ചൂരും കൂട്ടരും എല്ലാം പൂര്‍ത്തിയാക്കിയപ്പോള്‍ ക്ഷണിച്ചവര്‍ ഒരുക്കിയ വാരിക്കുഴിയില്‍ രാഷ്ട്രീയത്തിലെ ചതിക്കുഴികള്‍ അറിയാതെ വീഴുന്ന ആദ്യത്തെ ആളായി മാറിയില്ലല്ലോയെന്ന് അഞ്ജുവിന് ആശ്വസിക്കാം.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണം കാര്യക്ഷമമാക്കാന്‍ കായിക മേഖലയെ അറിയുന്നവര്‍ നായകരാകണമെന്ന മുന്‍മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിലപാട് തല്‍ക്കാലത്തേക്ക് ശരിവെക്കാം. പത്മിനി തോമസിനെ നിയമിക്കുകയും സഹായത്തിനായി മറ്റു കായിക താരങ്ങളെതന്നെ സ്‌പോര്‍ട് കൗണ്‍സില്‍ ആസ്ഥാനത്തെ പ്രധാന തസ്തികളിലെത്തിക്കുകയും ചെയ്തു. റെയില്‍വേ ഉദ്യോഗസ്ഥായി തുടര്‍ന്നുകൊണ്ടുതന്നെ, പ്രത്യേക അനുമതിയോടെ പത്മിനി തോമസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത് അന്ന് വിമര്‍ശിക്കപ്പെട്ടതാണ്. ദേശീയ ഗെയിംസിന്റെയും കൗണ്‍സിലിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നിര്‍വഹിക്കാന്‍ പൂര്‍ണസമയ പ്രസിഡന്റിനെയാണ് ആവശ്യമെന്ന വാദവുമായി പല മുതിര്‍ന്ന സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റുകളും രംഗത്തെത്തിയിരുന്നു.
കായിക താരങ്ങളെ തലപ്പത്തെത്തിച്ചത് ദേശീയ ഗെയിംസിലടക്കം ഗുണം ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് സമീപനത്തെ പുര്‍ണമായും തള്ളിക്കളയേണ്ടതില്ലെന്ന് പറഞ്ഞത്. എന്നാല്‍, കാലാവധി തീരാന്‍ നാലു മാസം അവശേഷിച്ചിരുന്ന പത്മിനി തോമസിനു പകരക്കാരിയാകാന്‍ തീരുമാനിക്കുമ്പോള്‍ അഞ്ജു ഇതൊക്കെ പ്രതീക്ഷിക്കണമായിരുന്നു. കേരളത്തിനു പുറത്തു ജോലി നോക്കുമ്പോള്‍, ദേശീയ തലത്തില്‍ ഔദ്യോഗിക കായിക ഉത്തരവാദിത്വങ്ങളുള്ളപ്പോള്‍ ഈ ദൗത്യം അഞ്്ജു ഏറ്റെടുത്തത് പലരേയും അമ്പരപ്പിച്ചു. അധികാരമൊഴിയുന്നതിനു മുമ്പ് ഉദ്ദേശിക്കുന്ന പല കാര്യങ്ങളും സര്‍ക്കാറുകള്‍ പുര്‍ത്തിയാക്കിയിട്ട് പോകുന്നത് ഇതാദ്യമല്ല. കാലാവധി പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍, അവരുടെ ‘വിഴുപ്പ്’ അഞ്ജുവിന്റെ മുതുകത്ത് കെട്ടിവച്ചുവെന്ന് പറയുന്നവരുമുണ്ട്.
അഞ്ജു 40,000 രൂപയുടെ വിമാനയാത്രാ നടത്തിയെന്നതല്ല ഇവിടെ പ്രശ്‌നം. ദേശീയ ഗെയിംസിന്റെ ഭാഗമായി കേരളത്തിലുണ്ടായ അടിസ്ഥാന സൗകര്യങ്ങളുടെ ഫലപ്രദമായ ഉപയോഗം, സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റരീതിയില്‍ നിര്‍വഹിക്കല്‍ തുടങ്ങി ഏറ്റെടുത്തിട്ടുള്ള ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ അഞ്ജുവിനു കഴിയുമോ? കഴിഞ്ഞ മാസങ്ങളില്‍ കഴിഞ്ഞിട്ടുണ്ടോ? പല കാര്യങ്ങള്‍ക്കും തുടക്കം കുറിച്ചെന്ന് അഞ്ജുവും കൂട്ടരും അവകാശപ്പെട്ടേക്കാം. അധികാരമൊഴിഞ്ഞ സര്‍ക്കാറിന്റെ വഴിവിട്ട പല താത്പര്യങ്ങളും ഇതിനിടെ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നടപ്പാക്കപ്പെട്ടു. അഞ്ജുവിന്റെ അറിവോടെയാകാം അല്ലായിരിക്കാം. എന്നാല്‍, പ്രസിഡന്റിന് അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ല.
നാലു മാസത്തിനിടെ, നാലു തവണ മാത്രം തലസ്ഥാനത്തെത്തിയ അഞ്ജുവിന് വിമാനയാത്രാ ടിക്കറ്റ് അനുവദിക്കാന്‍ തീരുമാനിച്ച അതേ യോഗത്തിലാണ് വിവാദമായിരിക്കുന്ന ഭൂരിപക്ഷം ഉത്തരവുകളും ഇറങ്ങിയത്. യോഗ്യതയില്ലാതിരുന്നിട്ടും സഹോദരന്‍ അജിത് മാര്‍ക്കേസിന് നല്‍കിയ അസിസ്റ്റന്റ് സെക്രട്ടറി (ടെക്‌നിക്കല്‍) നിയമനം മാത്രമല്ല. സ്ഥിരം നിയമനത്തിന് താല്‍ക്കാലിക ജീവനക്കാര്‍ക്ക് ക്ലെയിം ഉണ്ടാകുന്ന രീതിയില്‍ കാലാവധി നീട്ടി നല്‍കല്‍, റിട്ടയര്‍ ചെയ്തവര്‍ക്ക് വീണ്ടും നിയമനം തുടങ്ങിയ നിരവധി കാര്യങ്ങളാണ് അഞ്ജു പങ്കെടുക്കാതിരുന്ന യോഗത്തിലുണ്ടായത്. ഈ രീതിയിലാണ് കാര്യങ്ങളെങ്കില്‍, നാലു വര്‍ഷം കഴിയുമ്പോഴത്തെ സ്ഥിതി എന്തായിരിക്കും. കായിക മന്ത്രി ഇത്തരം വിഷയങ്ങള്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അടക്കമുള്ള പ്രതിനിധികളുമായി ചര്‍ച്ച ചെയ്യുന്ന സ്ഥിതി ഒഴിവാക്കേണ്ടിയിരുന്നത് ആരാണ് ?
അഞ്ജു തുറന്നുവിട്ട അപമാനിക്കല്‍ ഭൂതം അക്ഷരാര്‍ഥത്തില്‍ തിരിഞ്ഞു കുത്തുകയാണ്. പ്രസിഡന്റായി ഇരുന്ന കാലയളവില്‍ കൗണ്‍സിലില്‍ അരങ്ങേറിയ ഇത്രമാത്രം കാര്യങ്ങള്‍ പുറത്തുവന്നുവെങ്കില്‍ ഒരന്വേഷണം ഉണ്ടായാല്‍ എന്തായിരിക്കും സ്ഥിതി? കഴിഞ്ഞ 10 വര്‍ഷത്തെ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ ഓഡിറ്റിംഗിന് വിധേയമാക്കണമെന്ന ആവശ്യവും ശക്തമാണ്. അഞ്ജുവും ഇക്കാര്യം രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. കായിക രംഗത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി രൂപവത്കരിച്ച സ്‌പോര്‍ട്‌സ് ലോട്ടറി വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ലക്ഷ്യം മാറി, കൗണ്‍സിലിലെ ഉന്നതര്‍ക്ക് ഫണ്ടുണ്ടാക്കാനുള്ള മാര്‍ഗമായി ലോട്ടറി മാറിയെന്ന സംശയം ഇന്നും നിലനില്‍ക്കുന്നു. ആരോപണങ്ങളെ ശരിവെക്കുന്നതാണ്, ലോട്ടറി വിറ്റ വകയില്‍ കൗണ്‍സില്‍ അക്കൗണ്ടില്‍ ഇനിയും എത്താനുള്ള രണ്ട് കോടിയിലധികം രൂപ.
സര്‍ക്കാറുകളും കൗണ്‍സിലിന്റെ തലപ്പത്തുള്ളവരും മാറികൊണ്ടേയിരിക്കും. മാറി മാറി വരുന്ന ഇവരുടെ പരീക്ഷണങ്ങള്‍ക്ക് വിധേയരായി വേണം ഓരോ തലമുറക്കും വളരാന്‍. അവര്‍ക്കാവശ്യം അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയരാനുള്ള സാഹചര്യങ്ങളും പരിശീലനവുമാണ്. ഭാവിയില്‍ അഭിമാനമായി തീരാവുന്ന പ്രതിഭകളെ മുളയിലെനുള്ളിക്കളയുന്ന ദയനീയ സ്ഥിതി അവസാനിക്കണം. ഫെഡറേഷനുകള്‍ മുഖം നോക്കി കുട്ടികളെ തിരഞ്ഞെടുക്കുന്നതു മുതല്‍ അരങ്ങേറുന്ന അഴിമതിയുടെ കൂത്തരങ്ങ്. പിന്നീട് അങ്ങോട്ട് തിരഞ്ഞെടുക്കപ്പെട്ടവരുടെ ഭക്ഷണത്തില്‍, അലവന്‍സുകളില്‍ കൈയിട്ടു വാരല്‍. തീരുന്നില്ല, തലപ്പത്തുവരെ നീളുന്ന അഴിമതിയുടെ നിരാളിപിടുത്തത്തില്‍ നിന്ന് കേരളത്തിന്റെ കായിക ഭാവിയെ മോചിപ്പിക്കണമെങ്കില്‍ ശക്തമായ നടപടികള്‍ ആവശ്യമാണ്. സ്‌പോര്‍ട് കൗണ്‍സിലിലെ അധികാര ഇടനാഴിയിലെ സ്ഥിരം മുഖങ്ങള്‍ക്ക് മാറ്റം വരണം. ശുദ്ധികലശം ആസ്ഥാനം മുതല്‍ വിവിധ അസോസിയേഷനുകളിലേക്കും നീളണം.
കൗണ്‍സിലിന്റെ ഭരണകര്‍ത്താക്കളുടെ നിയന്ത്രണത്തിനു പുറത്തുനിന്ന് പ്രവര്‍ത്തിക്കുന്ന ജേക്കബ് തോമസുമാരും ഋഷിരാജ് സിംഗുമാരും ഇവിടെ ഉണ്ടാകണം. ശക്തമായ ഒരു വിജിലന്‍സ് സംവിധാനം അടിയന്തരമായി പ്രവര്‍ത്തിക്കേണ്ട ഒരു മേഖലയാണ് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍.
വര്‍ഷങ്ങള്‍ക്കു മുമ്പ് മൂന്നാറില്‍ ഹൈ ഓള്‍ട്ടിട്ട്യൂട്ട് സെന്ററിന് തറക്കല്ലിടുമ്പോള്‍ അന്ന് കായിക ലോകം ഒത്തിരി സ്വപ്‌നങ്ങള്‍ നെയ്തു. വര്‍ഷങ്ങള്‍ പലതു കഴിയുമ്പോള്‍, അന്ന് കണ്ട സ്വപ്‌നത്തിന്റെ ഒരസ്ഥികൂടം ഇന്ന് മൂന്നാറിലുണ്ട്. ഇത്തരത്തില്‍ നിരവധി അസ്ഥികൂടങ്ങള്‍ വിവിധ ജില്ലകളിലുണ്ട്. ഇവയിലൂടെ ഖജനാവിന് നഷ്ടമായ കോടികള്‍. ദേശീയ ഗെയിംസിനായി സജീകരിച്ച കേന്ദ്രങ്ങളും പതിയെ ഈ വിഭാഗത്തിലേക്ക് നീങ്ങി തുടങ്ങിയിരിക്കുന്നു. ഇതിന്റെയെല്ലാം യഥാര്‍ഥ അണിയറ നാടകങ്ങള്‍ പുറത്തുവരണമെങ്കില്‍ കുറഞ്ഞത് 15 വര്‍ഷത്തെയെങ്കിലും പ്രവര്‍ത്തനം ഓഡിറ്റ് ചെയ്യപ്പെടുക തന്നെ വേണം.
അഡ്മിനിസ്‌ട്രേറ്റീവ് താത്പര്യമില്ലാത്തവരെ തലപ്പത്ത് നിയോഗിക്കുക, തല്‍പരകക്ഷികള്‍ കര്‍ട്ടനു പിന്നിലിരുന്നു ഭരിക്കുക. ഇതിനെക്കാള്‍ നല്ലതല്ലേ, അഡ്മിനിസ്‌ട്രേഷനില്‍ മികവുള്ള കായിക പ്രേമികള്‍ അമരത്തെത്തുന്നത്. സര്‍ക്കാറും കായിക പ്രേമികളും കായിക പ്രതിഭകളും കൈകോര്‍ക്കുന്ന ഒരു സംവിധാനമാകും കേരളത്തിന്റെ ഭാവി കായിക പ്രതീക്ഷകള്‍ക്ക് ഉത്തമം. നേതൃത്വം കഴിവിനനുസരിച്ച് തീരുമാനിക്കാം.
(കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറാണ് ലേഖകന്‍)