ഡെങ്കിപ്പനി; പുതുപ്പാടിയില്‍ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

Posted on: June 20, 2016 10:03 pm | Last updated: June 20, 2016 at 10:03 pm
SHARE
ചിപ്പിലിത്തോട് ജംഗ്ഷനില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു.
ചിപ്പിലിത്തോട് ജംഗ്ഷനില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു.

താമരശ്ശേരി: ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്ന പുതുപ്പാടിയില്‍ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. സംസ്ഥാന സര്‍വെലെന്‍സ് ഓഫീസര്‍ ഡോ. പി കെ സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുതുപ്പാടിയിലെ വിവിധ പ്രദേശങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്തിയത്. പുതുപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി ശേഷം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൈതപ്പൊയില്‍, അടിവാരം, ചിപ്പിലിത്തോട്, മരുതിലാവ് പ്രദേശങ്ങളിലും വയനാട് ചുരത്തിലുമായിരുന്നു പരിശോധന. ചിപ്പിലിത്തോട് ഭാഗത്ത് നിര്‍മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിനു മുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നതായും ആയിരക്കണക്കായ കൊതുകു മുട്ടകള്‍ വിരിഞ്ഞതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇവിടെ ശുദ്ധീകരിക്കാന്‍ നിര്‍ദേശം നല്‍കിയ ഉദ്യോഗസ്ഥര്‍ കൊതുക് ലാര്‍വകളുടെ സേമ്പിളും ശേഖരിച്ചു. പനികാരണം ആള്‍ താമസമില്ലാത്ത വീട്ടു പരിസരങ്ങളിലുള്‍പ്പെടെ വെള്ളം കെട്ടിക്കിടന്ന് കൊതുക് മുട്ടിയിട്ട് വിരിയിച്ചതായി പരിശോധനയില്‍ കണ്ടെത്തി. പനിബാധിച്ച് നിരവധി പേര്‍ ചികിത്സയിലുള്ള കൈതപ്പൊയിലിലെ സ്വകാര്യ ക്ലിനിക്കിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ടെങ്കിപ്പനിക്കുള്ള ട്രീറ്റ്‌മെന്റ് പ്രോട്ടോകോള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കൈമാറിയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. പുതുപ്പാടി മേഖലയില്‍ ടെങ്കിപ്പനി നിയന്ത്രണ വിധേയമാണെങ്കിലും കൂടുതല്‍ ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദ്ധേശം നല്‍കിയതായി സര്‍വെലെന്‍സ് ഓഫീസര്‍ ഡോ. പി കെ സുകുമാരന്‍ പറഞ്ഞു. ചുരത്തിലെ മാലിന്യ നിക്ഷേപം തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുമെന്നും അദ്ധേഹം പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് രാധാകൃഷ്ണന്‍, പുതുപ്പാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജനാര്‍ധനന്‍ തുടങ്ങിയവരും അദ്ധേഹത്തെ അനുഗമിച്ചു.