ബ്രഡിൽ ഉപയോഗിച്ചിരുന്ന പൊട്ടാസ്യം ബ്രോമേറ്റ് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു

Posted on: June 20, 2016 8:11 pm | Last updated: June 20, 2016 at 8:11 pm
SHARE

breadന്യൂഡല്‍ഹി: ഭക്ഷ്യവസ്തുക്കളില്‍ പൊട്ടാസ്യം ബ്രോമേറ്റ് ഉപയോഗിക്കുന്നത് ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSAI) നിരോധിച്ചു. പൊട്ടാസ്യം ബ്രോമേറ്റ് അര്‍ബുദത്തിന് കാരണമാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ബ്രഡ് അടക്കമുള്ള ഭക്ഷ്യവസ്തുക്കളില്‍ പൊട്ടാസ്യം ബ്രോമേറ്റും പൊട്ടാസ്യം അയോഡേറ്റും വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ബ്രഡ് ബേക്കിംഗിനുള്ള ഓക്‌സിഡേഷനു വേണ്ടിയാണ് ഈ പഥാര്‍ഥം ഉപയോഗിച്ചിരുന്നത്. അതേസമയം പൊട്ടാസ്യം അയോഡേറ്റിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ശാസ്ത്രജ്ഞരുടെ പാനലിനെ ഭക്ഷ്യ അതോറിറ്റി ചുമതലപ്പെടുത്തി.

അപകടകാരിയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് പൊട്ടാസ്യം ബ്രോമേറ്റ് ഇനി ഉപയോഗിക്കില്ലെന്ന് ഓള്‍ ഇന്ത്യ ബ്രഡ് മാനുഫാക്‌ചേര്‍സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെനറ് നടത്തിയ പഠനത്തിലാണ് പൊട്ടാസ്യം ബ്രോമേറ്റും പൊട്ടാസ്യ അയോഡേറ്റും ബ്രഡില്‍ വന്‍തോതില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. വിപണിയിലുള്ള 38 ഇനം ബ്രഡുകളില്‍ 84 ശതമാനത്തിലും ഈ രാസപഥാര്‍ഥങ്ങളുടെ ഉപയോഗം കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് പലയിടങ്ങളിലും ബ്രഡ് വില്‍പന ഇടിഞ്ഞിരുന്നു.