ഖത്വര്‍ ഇന്ത്യന്‍ എംബസി പുതിയ ആസ്ഥാനം ജൂണ്‍ 27 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും

Posted on: June 20, 2016 6:33 pm | Last updated: June 20, 2016 at 6:33 pm
SHARE

QUATAR INDIAN EMBASSYദോഹ:ഖത്വറിലെ ഇന്ത്യന്‍ എംബസിയുടെ പുതിയ ആസ്ഥാനം ഈ മസം 27 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഇന്നലെയാണ് എംബസി ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. വില്ല നമ്പര്‍ 86, 90, സ്ട്രീറ്റ് നമ്പര്‍ 941, അല്‍ എയ്തര്‍ സ്ട്രീറ്റ്, സോണ്‍ 63, ഉനൈസ, ദോഹ എന്നതാണ് പുതിയ എംബസി കെട്ടിടത്തിന്റെ വിലാസം. വെസ്റ്റ് ബേയില്‍ വിവിധ എംബസികള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്കാണ് ഇന്ത്യന്‍ എംബസിയും മാറുന്നത്.

പുതിയ ആസ്ഥാനത്തേക്കു മാറ്റുന്നതിനുള്ള നടപടികള്‍ ബുധന്‍ മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളിലായി പൂര്‍ത്തിയാക്കും. ഈ ദിവസങ്ങളില്‍ കോണ്‍സുലാര്‍ സേവനം നിര്‍ത്തിവെക്കും. അതേസമയം അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ പരിഹരിക്കുന്നതിന് സംവിധാനമൊരുക്കുമെന്ന് എംബസിവൃത്തങ്ങള്‍ അറിയിച്ചു. ഇതിനായി പ്രത്യേക ഹെല്‍പ്പ് ലൈനുകള്‍ പ്രവത്തിക്കും. കോണ്‍സുലാര്‍ സര്‍വീസ്: 33872462, 6695621, ലേബര്‍ ആന്‍ഡ് കമ്യൂണിറ്റി വെല്‍ഫെയര്‍: 55808254, 33451607, 66275337 എന്നീ നമ്പറുകളിലാണ് വിളിക്കേണ്ടത്. ഇ മെയില്‍ മാര്‍ഗവും എംബസി അധികൃതരെ ബന്ധപ്പെടാം. വിലാസങ്ങള്‍ എംബസി വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
എംബസി ലൊക്കേഷന്‍ മാറുന്നതിന് ഇന്ത്യാ ഗവണ്‍മെന്റിന്റെ അംഗീകാരം ലഭിച്ചുവെന്നും കൂടുതല്‍ സൗകര്യങ്ങളുള്ള സ്ഥലമാണ് പുതിയ ആസ്ഥാനമെന്നും എംബസി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. രാജ്യത്തെ ഇന്ത്യക്കാരുടെ ഉയര്‍ന്ന സാന്നിധ്യം ഉള്‍പ്പെടെ പരിഗണിച്ചാണ് സേവനം വിപുലപ്പെടുത്തുന്നതിനു വേണ്ടി കൂടുതല്‍ സൗകര്യങ്ങളുള്ള പ്രദേശത്തേക്കു മാറുന്നത്. നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തേക്കാള്‍ കൂടുതല്‍ പാര്‍കിംഗ് സൗകര്യമുണ്ട് പുതിയ എംബസി പരിസരത്ത്. ഗുഗിളില്‍ സെര്‍ച്ച് ചെയ്ത് ലൊക്കേഷന്‍ കണ്ടു പിടിക്കാനാകുമെന്നും അധികൃതര്‍ പറഞ്ഞു.
പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സൗകര്യവും ഇവിടെ ലഭ്യമാണ്. മുവാസലാത്ത് വെബ്‌സൈറ്റില്‍ നിന്നും ബസ് റൂട്ടും സമയവും ലഭിക്കും. സിറ്റി സെന്റര്‍ ദോഹ, ദോഹ സ്‌പോര്‍ട്‌സ് ക്ലബ് ബസ്റ്റോപ്പുകളിലാണ് എംബസിയിലേക്കു വരുന്നതിനായി ഇറങ്ങേണ്ടത്. ദോഹ മെട്രോ സര്‍വീസ് ആരംഭിച്ചാല്‍ അല്‍ ഖസ്സാര്‍ സ്റ്റേഷനായിരിക്കും എംബസിക്ക് ഏറ്റവും അടുത്തത്.
കൂടുതല്‍ ബസ് സര്‍വീസുകള്‍ എംബസി പ്രദേശത്തേക്ക് ആരംഭിക്കുന്നതിന് ഖത്വര്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനുകൂലമായി പ്രതികരണം അധികൃതര്‍ നല്‍കിയിട്ടുണ്ടെന്നും എംബസി വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here