ഉപഭോക്തൃ ആവശ്യങ്ങള്‍ അറിയുന്നതിന് 14 കാര്യങ്ങളുമായി ആര്‍ ടി എ

Posted on: June 20, 2016 4:43 pm | Last updated: June 20, 2016 at 4:43 pm

rtiദുബൈ:ഉപഭോക്താക്കളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും അറിയുന്നതിന് 14 കാര്യങ്ങളുമായി ആര്‍ ടി എ. ‘ജനങ്ങളുടെ സന്തോഷം’ എന്ന തങ്ങളുടെ മൂന്നാമത്തെ തന്ത്രപ്രധാന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇത്. ഇതിനു പുറമെ ഉപഭോക്താക്കളുടെ ആവശ്യങ്ങളനുസരിച്ച് നിലവിലുള്ളതും ഭാവിയില്‍ വരാനിരിക്കുന്നതുമായ പദ്ധതികള്‍ നടപ്പാക്കുന്നതിലേക്കും ആര്‍ ടി എ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

14 കാര്യങ്ങളുപയോഗിച്ച് ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ ശേഖരിച്ച് അത് വിലയിരുത്തി കസ്റ്റമര്‍ കെയര്‍ സ്ട്രാറ്റജി സെക്ഷന് കൈമാറുകയും ഈ കാര്യങ്ങള്‍ ആര്‍ ടി എയുടെ വിവിധ ഏജന്‍സികളുമായി പങ്കുവെക്കുകയും ചെയ്യും.
വിവിധ വഴികളിലൂടെയാണ് ആര്‍ ടി എ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ തേടുന്നത്. മുഹമ്മദ് ബിന്‍ റാശിദ് സ്മാര്‍ട് മജ്‌ലിസ്, കസ്റ്റമേര്‍സ് കൗണ്‍സില്‍, സാമൂഹിക മാധ്യമങ്ങള്‍, സ്മാര്‍ട് ആപ്‌സ്, വിവിധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, ഉപഭോക്തൃ സംതൃപ്തി സര്‍വേ, ഉപഭോക്തൃ സേവന കേന്ദ്രം, ഡയറക്ടര്‍ ജനറലിന്റെ ബ്ലോഗ് തുടങ്ങിയവയിലൂടെയാണ് ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ ആര്‍ ടി എ തേടുന്നത്.

ആറു മാസം കൂടുമ്പോള്‍ ഇവിടങ്ങളില്‍നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്യും. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുകയും ഇതുസംബന്ധിച്ച കാര്യങ്ങള്‍ ആര്‍ ടി എ വേണ്ട മറുപടി നല്‍കുമെന്നും ആര്‍ ടി എ കോര്‍പറേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് സപ്പോര്‍ട് സര്‍വീസ് സെക്ടര്‍ കസ്റ്റമര്‍ സര്‍വീസ് ഡയറക്ടര്‍ അഹ്മദ് മെഹ്ബൂബ് പറഞ്ഞു.

ആര്‍ ടി എ ഉപഭോക്തൃ സേവന വിഭാഗം ലോകോത്തര നിലവാരമുള്ള മാനദണ്ഡങ്ങളുപയോഗിച്ച് ഉപഭോക്തൃ വിവരങ്ങള്‍ തേടുകയും ആവശ്യമായ പരിഹാരം നല്‍കുകയും ചെയ്യുന്നുണ്ടെന്ന് അഹ്മദ് മെഹബൂബ് കൂട്ടിച്ചേര്‍ത്തു. ജനസന്തുഷ്ടി രേഖപ്പെടുത്തുന്നതിന് ഭരണകൂടത്തിന്റെ നിര്‍ദേശങ്ങളനുസരിച്ച് മുന്നോട്ടുപോകുന്നതിന് പുതിയ മാതൃകയിലൂടെയാണ് ആര്‍ ടി എ ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.