ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം അജണ്ടയിലില്ലെന്ന് ചൈന

Posted on: June 20, 2016 3:09 pm | Last updated: June 20, 2016 at 10:36 pm

india-chinaന്യൂഡല്‍ഹി: എന്‍എസ്ജി അംഗത്വത്തിന് തീവ്രശ്രമം തുടരുന്ന ഇന്ത്യക്ക് വിലങ്ങുതടിയായി വീണ്ടും ചൈന. ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം ഇപ്പോള്‍ തങ്ങളുടെ അജണ്ടയിലില്ലെന്ന് ചൈനീസ് വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. ഇന്ത്യയുടെ അംഗത്വം സംബന്ധിച്ച് എന്‍എസ്ജി അംഗരാജ്യങ്ങള്‍ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. ജൂണ്‍ 23, 24 തിയതികളില്‍ ദക്ഷിണ കൊറിയയിലെ സോളില്‍ നടക്കുന്ന എന്‍എസ്ജി അംഗങ്ങളുടെ യോഗത്തില്‍ ഇന്ത്യയുടെ പ്രവേശം ചര്‍ച്ചക്ക് വരുന്നത് ഈ ഭിന്നതക്ക് ആക്കം കൂട്ടുമെന്നും അത് അപക്വമായിരിക്കുമെന്നും ചൈനീസ് വിദേശകാര്യ വകുപ്പ് പറയുന്നു.

ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തിന് ചൈനക്ക് എതിര്‍പ്പില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ചൈന എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കുന്നത്. അംഗത്വവുമായി ബന്ധപ്പെട്ട ചില മാനദണ്ഡങ്ങളോടും നടപടിക്രമങ്ങളോടുമാണ് ചൈന വിയോജിപ്പ് പ്രകടിപ്പിച്ചത് എന്നായിരുന്നു സുഷമ പറഞ്ഞത്.