സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ജഗ്മതി സാംഗ്‌വാള്‍ രാജിവെച്ചു

Posted on: June 20, 2016 12:15 pm | Last updated: June 20, 2016 at 9:03 pm

jagmathi-sangwal.jpg.imageന്യൂഡല്‍ഹി: ബംഗാളിലെ കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച വിവാദത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ പൊട്ടിത്തെറി. ഹരിയാനയില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗം ജഗ്മതി സാംഗ്‌വാള്‍ രാജിവെച്ചു. കേന്ദ്ര കമ്മിറ്റി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന ഇവര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലാണ് രാജി പ്രഖ്യാപിച്ചത്. വികാരഭരിതയായാണ് ഇവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. രാജിവെച്ചതിന് പിന്നാലെ സാംഗ്‌വാളിനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി കാണിച്ച് പാര്‍ട്ടി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.

ബംഗാളിലെ കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച് കേന്ദ്ര കമ്മിറ്റിയിര്‍ രൂക്ഷമായ വാഗ്വാദങ്ങളാണ് നടന്നത്. ബംഗാള്‍ ഘടകത്തിനെതിരെ നടപടിയെടുക്കുകയോ ശാസിക്കുകയോ വേണമെന്നായിരുന്നു ജഗ്മതി സാംഗ്‌വാള്‍ അടക്കമുള്ളവരുടെ ആവശ്യം. എന്നാല്‍ പിന്നീട് ചേര്‍ന്ന പിബി യോഗം ബംഗാള്‍ വിഷയത്തെ വളരെ ലഘുവായാണ് പരിഗണിച്ചത്. ബംഗാള്‍ ഘടകം പാര്‍ട്ടി നയത്തില്‍ നിന്ന് വ്യതിചലിച്ചിരിക്കുന്നു എന്ന ഒരു വരി പ്രമേയം മാത്രമാണ് പിബി പാസാക്കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് ജഗ്മതി സാംഗ്‌വാള്‍ രാജിവെച്ചത്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അതിക്രമങ്ങള്‍ക്കെതിരെയുള്ള ഐക്യത്തെ തിരഞ്ഞെടുപ്പ് സഖ്യമാക്കി വളര്‍ത്തിയതാണ് ബംഗാളിന് പറ്റിയ തെറ്റെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചുവെങ്കില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നില്ല. 293 സീറ്റുകളില്‍ 71 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ്-സിപിഎം സഖ്യത്തിന് നേടാനായത്.