ജിഷവധം: പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന്

Posted on: June 20, 2016 10:14 am | Last updated: June 20, 2016 at 3:11 pm
SHARE

jisha-prathiകൊച്ചി: ജിഷ വധക്കേസ് പ്രതി അസം സ്വദേശി അമീറുല്‍ ഇസ്‌ലാമിന്റെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടക്കും. കൊച്ചി കാക്കനാട് ജയിലിലാണ് തിരിച്ചറിയല്‍ പരേഡ്. തിരിച്ചറിയല്‍ പരേഡില്‍ ഏഴ് സാക്ഷികള്‍ക്കാണ് പൊലീസ് സമന്‍സ് നല്‍കിയിരിക്കുന്നത്. ഇതില്‍ ജിഷയുടെ സമീപവാസികളായ മൂന്ന് പേരും പ്രതി അമീറുല്‍ ഇസ്‌ലാം ചെരുപ്പ് വാങ്ങിയ കടക്കാരനും പ്രതിയോടൊപ്പം ലോഡ്ജില്‍ താമസിച്ചിരുന്ന സുഹൃത്തുക്കളും ഉള്‍പ്പെടും. 10 പേരെ അമീറുല്‍ ഇസ്‌ലാമിനൊപ്പം നിര്‍ത്തിയാണ് തിരിച്ചറിയല്‍ പരേഡ് നടത്തുക.

കുന്നുംപുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതി 9ലെ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലാണ് തിരിച്ചറിയല്‍ പരേഡിന് മേല്‍നോട്ടം വഹിക്കുന്നത്. തിരിച്ചറിയല്‍ പരേഡിന് ശേഷം പ്രതിയെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം, അമീറുല്‍ ഇസ്ലാമിന് പിന്നില്‍ ബാഹ്യശക്തികളുണ്ടോയെന്നും പൊലീസിന് സംശയമുണ്ട്. പ്രതിയെ കോടതിയില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങിക്കഴിഞ്ഞാല്‍ ഇതേക്കുറിച്ചുള്ള അന്വേഷണത്തിനും തെളിവെടുപ്പിനുമാവും ഊന്നല്‍ നല്‍കുകയെന്ന് അന്വേഷണ സംഘത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.