കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം: വ്യാജ സിദ്ധന്‍ അറസ്റ്റില്‍

Posted on: June 20, 2016 9:54 am | Last updated: June 20, 2016 at 9:54 am

sidhanകണ്ണൂര്‍: അഴീക്കല്‍ ലൈറ്റ് ഹൗസിനടുത്ത് പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി പോലീസ് പിടിയിലായി. വലിയൂര്‍ ലത്തീഫ് തങ്ങള്‍ എന്ന വ്യാജ സിദ്ധനാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ചികിത്സക്കെത്തിയ യുവതിയെ ഗര്‍ഭിണിയാക്കിയ സിദ്ധന്‍ പ്രസവത്തിന് ശേഷം കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. ഒരു ബിയര്‍ പാര്‍ലറില്‍ വെച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കുഞ്ഞിനെ വിജനമായ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. രണ്ടുദിവസം പ്രായമായ പെണ്‍കുഞ്ഞിനെ വെള്ളത്തുണിയില്‍ പൊതിഞ്ഞ നിലയിലാണ് ഉപേക്ഷിച്ചത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ പരിസരവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്.

ആസ്തമ രോഗത്തിന് ചികിത്സ തേടിയെത്തിയ യുവതിയെ ഇയാള്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. ദത്ത് നല്‍കാനാണെന്ന് പറഞ്ഞാണ് ഇയാള്‍ കുഞ്ഞിനെ വാങ്ങിയത്. കേസന്വേഷണത്തിന്റെ ഭാഗമായി ഈ മാസം വിവിധ ആശുപത്രികളില്‍ രജിസ്റ്റര്‍ ചെയ്ത് ജനനത്തെ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയതെന്നാണ് സൂചന.