സത്യപ്രതിജ്ഞയിലെ സത്യം

ഒരു അച്യുതാനന്ദനോ ഒരു പിണറായി വിജയനോ ഒക്കെ പണ്ട് അവരഭിമുഖീകരിച്ച ചില സാഹചര്യങ്ങളുടെ സമ്മര്‍ദം നിമിത്തം, അല്‍പം ഗൗരവക്കാരും ചിരിക്കാന്‍ മറന്നുപോയവരും ആയിരുന്നു എന്നതിന്റെ പേരില്‍ കമ്മ്യൂണിസ്റ്റുകാര്‍ മൊത്തം ഗൗരവക്കാരാണെന്നു നമ്മുടെ നിയമസഭാ സെക്രട്ടേറിയറ്റിലെ ഭാഷാ വിദഗ്ധരങ്ങു തീരുമാനിച്ചത് കഷ്ടമായിപ്പോയി. ഇപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ പൊതുവെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സ്‌കൂളില്‍ പഠിച്ച് പാസ്സായവരാണ്.
Posted on: June 20, 2016 9:23 am | Last updated: June 20, 2016 at 9:23 am

ministers14-ാം കേരള നിയമസഭയിലെ ആദ്യ വോട്ടെടുപ്പ് സത്യപ്രതിജ്ഞാ ദിവസം തന്നെ സംഭവിച്ചു. അതു പ്രകാരം കിട്ടിയ വോട്ടുകളുടെ കണക്കു താഴെക്കുറിക്കുന്നു. സഗൗരവം 76, ദൈവനാമം-48, അല്ലാഹു 13, മനഃസാക്ഷി-1, സൗഗരവം ദൈവനാമത്തില്‍-1. നിലവില്‍ സത്യപ്രതിജ്ഞക്കു ദൈവത്തെ കൂട്ടുപിടിക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്കായി, ഈ സഗൗരവത്തേക്കാള്‍ മെച്ചപ്പെട്ട നല്ല വാക്കുകള്‍ നമ്മുടെ ഭാഷയിലുണ്ട്. ഇംഗ്ലീഷില്‍ ചിന്തിച്ചു മലയാളത്തില്‍ വാക്കുകളുണ്ടാക്കുന്ന ഭാഷാപണ്ഡിതന്മാര്‍ ആ പണി ഉപേക്ഷിച്ചു മലയാളത്തില്‍ ചിന്തിക്കാന്‍ തയ്യാറായിരുന്നെങ്കില്‍ 14-ാം കേരള നിയമസഭക്കു സഗൗരവ സഭയെന്ന ആക്ഷേപ പേര്‍ പേറേണ്ടി വരുമായിരുന്നില്ല. ഗൗരവം – എന്ന വാക്കിനു ശബ്ദതാരാവലി നല്‍കുന്ന അര്‍ഥം – ഗുരുവിന്റെ ഭാവം, ഗുരുത്വം, യശസ്സ്, അന്തസ്സ്, ശ്രേഷ്ഠത, എരിവ്, എതിരേല്‍പ്, ശബ്ദശുദ്ധിവിശേഷം, പ്രാധാന്യം, ആദരം, അക്ഷരദൈര്‍ഡ്യം എന്നൊക്കെയാണ്. സാമാന്യ ജനം ഇത്തരം വാക്കുകളുടെ അര്‍ഥം ഗ്രഹിക്കുന്നത് നിഘണ്ടു നോക്കിയിട്ടൊന്നുമല്ലല്ലൊ. ദീര്‍ഘ കാലത്തെ പ്രയോഗ സവിശേഷതകള്‍ കൊണ്ട് ഓരോ വാക്കിനും നിഘണ്ടുകാരന്‍ ഉദ്ദേശിക്കാത്ത അര്‍ഥം വന്നുകൂടും – എന്നാണ് ഭാഷാ ശാസ്ത്ര തത്വം. അങ്ങനെ അര്‍ഥ സങ്കോചം വന്ന ഒരു പദമാണ് നമ്മുടെ ഭാഷയിലെ ഗൗരവം.
പുതിയ മന്ത്രിമാരും എം എല്‍ എമാരും ഒക്കെ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ക്കു കൗതുകം ആരൊക്കെ സഗൗരവം ആണയിട്ടു എന്നെണ്ണിതിട്ടപ്പെടുത്താനാണ്. ജൂണ്‍ 2നു നടന്ന എം എല്‍ എമാരുടെ സത്യപ്രതിജ്ഞയില്‍ നമ്മുടെ ബഹുമാന്യനായ പൂഞ്ഞാര്‍ പുലി മാത്രം ദൈവനാമത്തിലും സഗൗരവത്തിലും ഒരുപോലെ പ്രതിജ്ഞ ചെയ്തു സര്‍വരെയും ഞെട്ടിച്ചു കളഞ്ഞു. ആരെങ്കിലും എന്തിന്റെയെങ്കിലും പേരില്‍ സത്യപ്രതിജ്ഞ ചെയ്യണമെന്നല്ലാതെ, സത്യപ്രതിജ്ഞയില്‍ പറഞ്ഞ വാചകങ്ങള്‍ പാലിച്ചു കൊള്ളണമെന്ന വ്യവസ്ഥയൊന്നും ഭരണഘടനയിലില്ലെന്നാണ് നമ്മുടെ കഴിഞ്ഞ ആറു പതിറ്റാണ്ടിന്റെ ചരിത്രം തെളിയിക്കുന്നത്. വെള്ളാപ്പള്ളിയുടെ ഈഴവ പാര്‍ട്ടിയില്‍ നിന്നും ആരും എം എല്‍ എമാരില്ലാതെ പോയത് ഭാഗ്യം! അല്ലെങ്കില്‍ നാരായണ ഗുരുദേവന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നമുക്കു കേള്‍ക്കേണ്ടി വരുമായിരുന്നു. ഗുരുദേവനാണല്ലൊ അഖിലലോക ഈഴവമാര്‍ഗികളുടെ ദൈവം! ആ ദൈവത്തിന്റെ പഞ്ചലോഹവിഗ്രഹങ്ങള്‍ കണ്ണാടിക്കൂട്ടിലാക്കി തിരുവിതാംകൂര്‍ പ്രദേശത്തെ വഴിയോരങ്ങളില്‍ ക്രിസ്ത്യാനികള്‍ സ്ഥാപിച്ചിട്ടുള്ള കുരിശടികളോട് തൊട്ടുരുമ്മി സ്ഥാപിച്ചു കഴിഞ്ഞു. പള്ളിയില്‍ പോകാത്തവര്‍ക്കും കരയോഗത്തില്‍ ഹാജരുവെക്കാത്തവര്‍ക്കും പ്രായശ്ചിത്തമെന്ന നിലയില്‍ കറന്‍സി നോട്ടുകള്‍ നിക്ഷേപിക്കാനുള്ള ഭണ്ഡാരപ്പെട്ടികള്‍ കുരിശടികളിലെന്നതുപോലെ ഗുരുദേവ സമൃതിമണ്ഡപങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്.’യേശുവിലാണെന്‍ വിശ്വാസം – കീശയിലാണെന്‍ ആശ്വാസം എന്നാണല്ലൊ’ കവി പാടിയിരിക്കുന്നത്.
തമിഴ്‌നാട്ടിലെ ചില എം എല്‍ എ ജയലളിതയുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതായി വായിച്ചു. തമിഴ്‌നാട്ടില്‍ ജയലളിതയുടെ നാമത്തിലും യു പിയില്‍ മായാവതിയുടെ നാമത്തിലും ഒക്കെ ക്ഷേത്രങ്ങള്‍ പണി കഴിപ്പിച്ചിട്ടുണ്ടത്രെ. കലികാല വൈഭവം! എത്ര പെട്ടന്നാണ് ജീവിച്ചിരിക്കുന്ന മനുഷ്യര്‍ ‘ദൈവ’ങ്ങളായി മാറുന്നത്. ഇന്ത്യയിലെ ജനസംഖ്യയും ‘ദൈവ’ങ്ങളുടെ സംഖ്യയും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളൊന്നും ഇല്ല. ആ നിലക്കു ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നവര്‍, ഏതു ദൈവത്തിന്റെ നാമത്തില്‍ എന്നു കൂടെ ജനങ്ങളെ അറിയിക്കുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ അവര്‍ ഏതു ദൈവത്തില്‍ എന്നു മുതല്‍ ഏതളവില്‍ വിശ്വസിക്കുന്നു എന്നു വോട്ടര്‍മാര്‍ക്കറിയാനുള്ള അവകാശം വിവരാവകാശ നിയമത്തിന്റെ ഭാഗമായി കൂട്ടിചേര്‍ത്താലും മതി. അല്ലാത്ത പക്ഷം സത്യപ്രതിജ്ഞാ നാടകങ്ങള്‍ വഴിയുള്ള ദൈവങ്ങളെ കളിയാക്കല്‍ ഒരു ദൈവവിശ്വാസിയായ ഈ ലേഖകനെപ്പോലുള്ള സാധുക്കളുടെ വികാരങ്ങളെ പോലും വ്രണപ്പെടുത്തും എന്നു തീര്‍ച്ച.
മുസ്‌ലിംകള്‍ മാത്രമാണ് ദൈവമെന്ന പരാശക്തിയെ ‘അല്ലാഹു’ എന്നു സംബോധന ചെയ്യുന്നത്. എല്ലാ മുസ്‌ലിംകളും അല്ലാഹുവില്‍ മാത്രം വിശ്വസിക്കണമെന്നും അല്ലാഹു അല്ലാതെയുള്ള മറ്റൊരു ദൈവവും ഉണ്ടായിക്കൂടെന്നും ഉറച്ചുവിശ്വസിക്കുന്നവരാണ് മുസ്‌ലിംകള്‍. ആ നിലക്കു അവര്‍ക്ക് അല്ലാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാനുള്ള അവകാശത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. എന്നാല്‍ അതുപോലെയാണോ ഈ രാജഗോപാല്‍ജിയുടെയും രമേശ് ചെന്നിത്തലജിയുടെയും ഹൈബി ഈഡന്റെയും അനൂപ് ജേക്കബിന്റെയും ഒക്കെ കാര്യം.
ഹിന്ദുക്കള്‍ക്കു കുറഞ്ഞപക്ഷം, ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നിങ്ങനെ മൂന്നു ദൈവങ്ങളെങ്കിലും ഉണ്ട്. അയ്യപ്പന്‍ ഭദ്രകാളി സുബ്രഹമണ്യന്‍ തുടങ്ങിയ ഇഷ്ടദൈവങ്ങള്‍ വേറെയും ഉണ്ട്. ഇവര്‍ക്കെല്ലാം പ്രത്യേകം പ്രത്യേകം ക്ഷേത്രങ്ങളും പ്രത്യേകം പൂജാവിധികളും ഉണ്ട്. ആ നിലക്കു നമ്മുടെ ബഹുമാനപ്പെട്ട എം എല്‍ എമാര്‍ ഇതില്‍ ഏതുപേരിലുള്ള ദൈവത്തെ സാക്ഷിയാക്കിയാണ് സത്യപ്രതിജ്ഞ ചെയ്തതെന്നറിയാന്‍ ഉള്ള അവകാശം ഈ രാജ്യത്തെ വോട്ടര്‍മാര്‍ക്കുണ്ട്. ഹിന്ദുക്കള്‍ മാത്രമല്ല ക്രിസ്ത്യാനികളും ഏകദൈവവിശ്വാസികളാണെന്നു പുറമേക്കു മേനി പറയും. എങ്കിലും പിതാവ് പുത്രന്‍ പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്നില്‍ ഒന്നും ഒന്നില്‍ മൂന്നുമായി സ്ഥിതി ചെയ്യുന്നു എന്ന് വിശ്വാസവും ഉണ്ട്. ദൈവത്തെ കൂടാതെ ദൈവമാതാവും പരശതം പുണ്യവാളന്മാരും ഉണ്ട്. ഇവരെയൊക്കെ തരാതരം പോലെ ഓരോ പള്ളിയില്‍ കുടിയിരുത്തി, ഉദ്ദിഷ്ടകാര്യസിദ്ധിക്കുള്ള ഉപകാരസ്മരണ എന്ന നിലയില്‍, പ്രാര്‍ഥനയും പൂജയും നേര്‍ച്ചകാഴ്ചകളും ഒക്കെ കൃത്യമായി നടത്തുന്നവരാണ്. ക്രിസ്ത്യാനികള്‍ ആ നിലക്കു ഈ പ്രപഞ്ചത്തിലെ സകലചരാചരങ്ങള്‍ക്കും കൂട്ടവകാശമുള്ള പ്രപഞ്ചനാഥനായ ദൈവത്തെ ആ നിലയില്‍ അംഗീകരിച്ച സത്യപ്രതിജ്ഞ ചെയ്യാന്‍ ഇവര്‍ക്കു എന്തു ധാര്‍മികാവകാശം?
ദൈവനാമത്തില്‍ ഈ അഭ്യാസം നടത്തുന്നതിനേക്കാള്‍ കൂടുതല്‍ സത്യസന്ധമായിരിക്കുക സഗൗരവ പ്രതിജ്ഞ ചെയ്യുന്നതായിരിക്കും. പക്ഷേ അവിടെയും ഒരു കുഴപ്പം പതിയിരിക്കുന്നു. ദൈവനാമക്കാര്‍ ആരൊക്കെ, സഗൗരവക്കാര്‍ ആരൊക്കെ എന്നറിയാന്‍ കണ്ണിലെണ്ണ ഒഴിച്ചു കാത്തിരിക്കുന്ന കുറേപ്പേര്‍ ഈ നാട്ടിലുണ്ട്. ക്രിസ്ത്യന്‍ പുരോഹിതന്മാരാണ് ഈ കൂട്ടത്തില്‍ പ്രമുഖര്‍. അവര്‍ അടുത്ത തിരഞ്ഞെടുപ്പാകുമ്പോള്‍ പള്ളി പ്രസംഗങ്ങളില്‍ പ്രസംഗിച്ചുകളയും. നമ്മുടെ വോട്ടുകള്‍ നമ്മള്‍ ദൈവവിശ്വാസികള്‍ക്കു മാത്രമേ നല്‍കാവൂ. പാവം വിശ്വാസികള്‍ അതപ്പാടെ പാലിക്കുമെന്നാണ് അവരുടെ വിശ്വാസം. 1957 മുതല്‍ തുടര്‍ന്നു പോരുന്നതാണ് പള്ളിലച്ചന്മാരുടെ ഈ കമ്മ്യൂണിസ്റ്റ് വേട്ട. വിശ്വാസികള്‍ അവരുടെ വാക്കു കേട്ടിരുന്നെങ്കില്‍ കേരള അസംബ്ലിയില്‍ അഞ്ചു വര്‍ഷം ഇടവിട്ടു ഇത്രയധികം സഗൗരവക്കാര്‍ ആധിപത്യം സ്ഥാപിക്കുമായിരുന്നൊ? പുരോഹിതന്മാരും ജനത്തെ പറ്റിച്ച് അധികാരം കൈയാളുന്ന രാഷ്ട്രീയ നേതാക്കളും എത്ര കണ്ടു ദൈവവിശ്വാസികളാണെന്നു നടിച്ചാലും – ദൈവത്തിനു ഇവരില്‍ ഒട്ടും വിശ്വാസം ഉണ്ടെന്നു തോന്നുന്നില്ല. അതിനാല്‍ രാഷ്ട്രീയ നേതാക്കള്‍ക്കു ജനങ്ങളെ അടക്കി ഭരിക്കാനുള്ള ലൈസന്‍സെടുക്കലെന്ന ഈ സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ നിന്നും ദൈവം വിട്ടു നിന്നിരിക്കും എന്നുറപ്പാണ്. അതുകൊണ്ടു തന്നെ തന്റെ നാമത്തില്‍ ആരൊക്കെ സത്യം ചെയ്തു. ആരൊക്കെ സഗൗരവം സത്യം ചെയ്തു എന്നൊന്നും ദൈവം തന്റെ കണക്കു പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കാനിടയില്ല. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം എന്തിന്റെ പേരിലായാലും ആണയിടുന്നതിനെ അവരുടെ വിശുദ്ധഗ്രന്ഥം കൃത്യമായി വിലക്കുന്നുണ്ട്. ദൈവനാമത്തില്‍ ആണയിടുന്നതു പോയിട്ട് ദൈവനാമം വൃഥാ ഉച്ചരിക്കുന്നതു പോലും പാപം ആണെന്നു ബൈബിള്‍ പഠിപ്പിക്കുന്നു. സംശയമുള്ളവര്‍ താഴെപ്പറയുന്ന ഭാഗങ്ങള്‍ വായിച്ചു നോക്കുക. പുറപ്പാട്:20:7, ലേവ്യര്‍ 19:12, മത്തായി 5:34-37, എല്ലാവിധ ആണയിടലുകളെയും സത്യം ചെയ്യലിനെയും ബൈബിള്‍ കൃത്യമായി വിലക്കിയിരിക്കുന്നു.
എന്തുതന്നെ ആയാലും ഈ സഗൗരവം എന്ന വാക്കു കണ്ടുപിടിച്ചവനു’അന്തഹന്തക്കിന്ത പട്ട് എന്ന നിലയില്‍ തീര്‍ച്ചയായും ഒരു ചുവന്ന ഷാളും ഒരു ത്രിവര്‍ണ ഷാളും, ഒരു കാവി ഷാളും പുതപ്പിച്ച് പരസ്യമായ ആദരിക്കുക തന്നെ വേണം. വേണമെങ്കില്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് സാഹിത്യ അക്കാദമി, സര്‍വ്വ വിജ്ഞാനകോശ നിര്‍മാണശാല തുടങ്ങിയ ഏതെങ്കിലും ഒരു സാംസ്‌കാരിക സ്ഥാപനത്തിന്റെ തലപ്പത്തു അയാളെ പ്രതിഷ്ഠിച്ചാലും തരക്കേടില്ല. ദൈവവിശ്വാസികളല്ലാത്തവരൊക്കെ സഗൗരവക്കാരായിരിക്കണം അത്രെ. കമ്മ്യൂണിസ്റ്റുകാരേ നിരീശ്വവാദികളെന്നു പരസ്യമായി പറയാന്‍ ധൈര്യപ്പെടാറുള്ളൂ. ദേവസ്വം ബോര്‍ഡ് ഭരണത്തില്‍പ്പോലും ദൈവവിശ്വാസം പരസ്യപ്പെടുത്തേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം. പള്ളിയിലോ അമ്പലത്തിലോ ഒക്കെ പോകാനോ പോകാതിരിക്കാനോ ഒക്കെ ഉള്ള സ്വാതന്ത്ര്യം പാര്‍ട്ടി അണികള്‍ക്കും അനുഭാവികള്‍ക്കും നേതൃത്വം അനുവദിച്ചു കൊടുത്തിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി നേതാക്കന്മാര്‍ മാത്രം തത്കാലം ആ സ്വാതന്ത്ര്യം അത്രക്കങ്ങോട്ട് ഉപയോഗിക്കേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ നിലപാട്. അഥവാ ആര്‍ക്കെങ്കിലും പോയേ തീരൂ എന്നുണ്ടെങ്കില്‍ അതു സ്വന്തം ഭാര്യക്കകമ്പടി എന്ന നിലയില്‍ ആകാവുന്നതാണ്. പാര്‍ട്ടിയുടെ സാര്‍വകാലികാചാര്യന്‍ സാക്ഷാല്‍ ഇ എം എസ് കാണിച്ചു തന്ന മാതൃക സഖാക്കളുടെ മുമ്പില്‍ ഉണ്ടുതാനും. അതിനാല്‍ ഇത്തവണ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത കമ്മ്യൂണിസ്റ്റ് എം എല്‍ എമാരെ വിരട്ടി അടുത്ത തവണ അവരെ സഗൗരവക്കാരാക്കാന്നെന്നും ശ്രമിക്കാതിരിക്കുന്നതാണ് പാര്‍ട്ടിക്കു നല്ലത്.
ഇന്ത്യയുടെ ആദ്യത്തെ പാര്‍ലിമെന്റില്‍ തന്നെ സത്യപ്രതിജ്ഞാവിവാദം ഉയര്‍ന്നു വന്നു. ബ്രിട്ടീഷ് മാതൃകയില്‍ ജനപ്രതിനിധികളെല്ലാം ദൈവനാമത്തില്‍ പ്രതിജ്ഞ ചെയ്യണമെന്ന മൗണ്ട്ബാറ്റന്‍ പ്രഭുവിന്റെ നിര്‍ദേശം തള്ളിക്കളയാനുള്ള ധൈര്യം പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പ്രകടിപ്പിച്ചു. അദ്ദേഹവും ഒട്ടേറെ കൂട്ടാളികളും ദൃഢപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. എന്നാല്‍ നെഹ്‌റുവിന്റെ മക്കളില്‍ എത്തിയതോടെ കോണ്‍ഗ്രസ്സുകാരെല്ലാം ഒറ്റയടിക്കു ദൈവനാമത്തില്‍ അഭയം തേടി. കമ്മ്യൂണിസ്റ്റ് എം എല്‍ എമാരും എം പി.മാരും ഒക്കെ ഇതുവരെയും ദൃഢപ്രതിജ്ഞക്കാരായിരുന്നു. പൊടുന്നനവെ അവരങ്ങനെ സഗൗരവ്വക്കാരായി എന്നറിയാന്‍ പ്രത്യേകം ഗവേഷണം വേണ്ടി വരും.
ഒരു അച്യുതാനന്ദനോ ഒരു പിണറായി വിജയനോ ഒക്കെ പണ്ടു അവരഭിമുഖീകരിച്ച ചില സാഹചര്യങ്ങളുടെ സമ്മര്‍ദം നിമിത്തം, അല്‍പം ഗൗരവക്കാരും, ചിരിക്കാന്‍ മറന്നു പോയവരും ആയിരുന്നു എന്നതിന്റെ പേരില്‍ കമ്മ്യൂണിസ്റ്റുകാര്‍ മൊത്തം ഗൗരവക്കാരാണെന്നു നമ്മുടെ നിയമസഭാ സെക്രട്ടേറിയേറ്റിലെ ഭാഷാ വിദഗ്ധരങ്ങു തീരുമാനിച്ചത് കഷ്ടമായിപ്പോയി. ഇപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ പൊതുവെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സ്‌കൂളില്‍ പഠിച്ച് പാസ്സായവരാണ്. അവരില്‍ മിക്കവര്‍ക്കും ഉമ്മന്‍ ചാണ്ടിയെക്കാളും എ കെ ആന്റെണിയേക്കാളും ഒക്കെ നന്നായി ചിരിക്കാനും ബഹുജനങ്ങളോടു സ്‌നേഹബഹുമാനങ്ങള്‍ പ്രകടിപ്പിക്കുന്നതായി അഭിനയിക്കാനും കഴിയുന്നുണ്ട്. ചില കോണ്‍ഗ്രസ് നേതാക്കളെപ്പോലെ മെയ്ക്കപ്പ്മാനെ കൂടെകൊണ്ടു നടക്കുന്നില്ലെന്നു മാത്രം.
‘പുഞ്ചിരി ഹാ കുലീനമാം കള്ളം, നെഞ്ചുകീറി ഞാന്‍ നേരിനെക്കാട്ടാം’ എന്നു മഹാകവി വൈലോപ്പിള്ളിയുടെ വരികള്‍ ഉരുവിട്ടു പഠിച്ചവരും ആയിരുന്നല്ലൊ കമ്മ്യൂണിസ്റ്റുകാര്‍.
(കെ സി വര്‍ഗീസ് ഫോണ്‍: 9446268581)