ഇന്ത്യയുടെ എന്‍ എസ് ജി അംഗത്വം: ചൈന എതിര്‍ത്തിട്ടില്ലെന്ന് സുഷമ സ്വരാജ്

Posted on: June 19, 2016 5:40 pm | Last updated: June 20, 2016 at 10:51 am
SHARE

SUSHAMA SWARAJന്യൂഡല്‍ഹി: ആണവ വിതരണ രാജ്യങ്ങളുടെ ഗ്രൂപ്പില്‍ (എന്‍എസ്ജി) ഇന്ത്യ അംഗത്വം നേടുന്നതിനെ ചൈന എതിര്‍ത്തിട്ടില്ലെന്നും മറിച്ച് ചിലസാങ്കേതിക പ്രശ്‌നങ്ങള്‍ ഉന്നയിക്കുക മാത്രമാണ് ചെയ്യുന്നതെന്നും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഇന്ത്യയുടെ ഊര്‍ജനയത്തിന് എന്‍എസ്ജി അംഗത്വം അതിപ്രധാനമാണ്. പാക്കിസ്ഥാന് അംഗത്വം നല്‍കുന്നതിന് ഇന്ത്യ എതിരല്ലെന്നും മന്ത്രി പറഞ്ഞു.

വിദേശകാര്യ രംഗത്ത് എന്‍.ഡി.എ സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് .

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് എന്‍എസ്ജി അംഗത്വം നല്‍കുന്നതില്‍ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടെന്നാണ് ചൈനയുടെ നിലപാട്. ഇക്കാര്യത്തില്‍ അഭിപ്രായഐക്യം ഉണ്ടാകാന്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും ചൈന വ്യക്തമാക്കിയിരുന്നു. 48 രാജ്യങ്ങള്‍ അംഗങ്ങളായ ഗ്രൂപ്പില്‍ ഇന്ത്യയുടെ അംഗത്വത്തിന് യുഎസ് സമ്മര്‍ദം ശക്തമായിരിക്കെയാണു വിയോജിപ്പു പരസ്യമാക്കി ചൈന രംഗത്തെത്തിയിരുന്നു.

ആണവനിര്‍വ്യാപനക്കരാറില്‍ ഒപ്പു വയ്ക്കാത്ത രാജ്യങ്ങള്‍ക്ക് എന്‍എസ്ജി അംഗത്വം പാടില്ലെന്നാണു ചൈന അടക്കം ഏതാനും രാജ്യങ്ങളുടെ നിലപാട്. എന്നാല്‍, പാക്കിസ്ഥാന്റെ അംഗത്വ അപേക്ഷയെ ചൈന പിന്തുണച്ചതായും റിപ്പോര്‍ട്ടുണ്ട്. ചൈനയെ കൂടാതെ തുര്‍ക്കി, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യയുടെ പ്രവേശനത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചത്

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഗള്‍ഫ് അറബ് ലീഗ് രാജ്യങ്ങള്‍, അയല്‍ രാജ്യങ്ങള്‍ എന്നിവയുമായി ഉന്നതതലത്തിലുള്ള ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സര്‍ക്കാരിന് സാധിച്ചു. വിദേശരാജ്യങ്ങളില്‍ പ്രശ്‌നത്തില്‍ അകപ്പെട്ടവരെ രക്ഷിച്ച് തിരികെ രാജ്യത്ത് എത്തിച്ചതായും മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്തു. സര്‍ക്കാരിന്റെ അഭിമാന പദ്ധതികള്‍ക്ക് നിക്ഷേപം ലഭിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് വിദേശ നിക്ഷേപത്തില്‍ 43 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 5500 കോടിയുടെ വിദേശ നിക്ഷേപം ഇന്ത്യയില്‍ ഇന്ത്യയിലെത്തിയെന്നും മന്ത്രി കൂട്ടിചേര്‍ത്തു. പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനായി നടപടി ക്രമങ്ങള്‍ ലഘൂകരിച്ചതായും മന്ത്രി പറഞ്ഞു.

അതേസമയം, ഇന്ത്യയെ എന്‍എസ്ജിയില്‍ ഉള്‍പ്പെടുത്തുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ രണ്ടു ദിവസത്തെ ചൈനീസ് സന്ദര്‍ശനം നടത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഈ മാസം 16, 17 തീയതികളിലായിരുന്നു ചൈനീസ് വിദേശകാര്യ സെക്രട്ടറിയുമായുള്ള ജയശങ്കറിന്റെ കൂടിക്കാഴ്ച. എന്‍എസ്ജി ഉള്‍പ്പെടെയുള്ള പല വിഷയങ്ങളും ചര്‍ച്ച ചെയ്‌തെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here