സിംബാബ്‌വെയില്‍ പീഡനത്തിനു ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്; നിഷേധിച്ച് ഇന്ത്യ

Posted on: June 19, 2016 4:01 pm | Last updated: June 19, 2016 at 4:01 pm

ഹരാരെ: സിംബാബ്‌വെയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരംഗത്തെ ബലാത്സംഗ കുറ്റത്തിനു അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ന്യൂ സിംബാബ്‌വെ എന്ന വെബ്‌പോര്‍ട്ടലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ ടീം അംഗങ്ങള്‍ താമസിക്കുന്ന ഹരാരെയിലെ മൈക്കല്‍സ് ഹോട്ടലിലെ അന്തേവാസിയായ സ്ത്രീയെ മാനഭംഗപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റെന്നാണ് അറിയുന്നത്. സംഭവം അസിസ്റ്റന്റ് കമ്മീഷണര്‍ ചാരിറ്റി ചരംബ സ്ഥിരീകരിച്ചതായും വെബ്‌പോര്‍ട്ടല്‍ പറയുന്നു.

അതേ സമയം പീഡനക്കേസില്‍ പിടിയിലായത് ക്രിക്കറ്റ് താരമല്ല ടീമിന്റെ സ്‌പോണ്‍സര്‍മാരുമായി ബന്ധമുള്ള വ്യക്തിയാണ് അറസ്റ്റിലായതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇയാള്‍ ആരോപണം നിഷേധിച്ചതായും മന്ത്രാലയ വക്താവ് അറിയിച്ചു.അതേസമയം, അറസ്റ്റിലായ വ്യക്തി ഇന്ത്യന്‍ പൗരനാണെന്നല്ലാതെ ദേശീയ ടീം താരമാണെന്നതിന് സ്ഥിരീകരണമില്ല. സിംബാബ്‌വെയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമംഗങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും താമസം ഏര്‍പ്പെടുത്തിയിരിക്കുന്നത് ഇതേ ഹോട്ടലിലാണ്. സംഭവത്തെക്കുറിച്ച് പരാതി ലഭിച്ച സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ചാരിറ്റി ചരാംബ അറിയിച്ചു. പിടിയിലായ ആളെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തതായി അവര്‍ അറിയിച്ചു.