തെറ്റിദ്ധാരണകളെ സൂക്ഷിക്കുക

Posted on: June 19, 2016 1:44 pm | Last updated: June 19, 2016 at 1:44 pm

പരസ്പര ബന്ധങ്ങളില്‍ പുഴുക്കുത്തുണ്ടാവുന്ന മാരക രോഗങ്ങളാണ് തെറ്റിദ്ധാരണയും ഊഹവും. വ്യക്തികള്‍ തമ്മിലുണ്ടാകേണ്ട സ്‌നേഹ ബഹുമാനങ്ങളെയും സൗഹാര്‍ദ മനോഭാവത്തെയും അപ്പാടെ അത് തകര്‍ത്തു കളയും. അന്യരെ കുറിച്ച് മോശമായ ധാരണകളുണ്ടാകാനും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പ്രചരിപ്പിക്കാനും അത് കാരണമായിത്തീരും. അല്ലാഹു ഓര്‍മിപ്പിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അധിക ഊഹങ്ങളും വര്‍ജിക്കുവിന്‍. എന്തെന്നാല്‍ ഊഹങ്ങളില്‍ ചിലത് കുറ്റകരമാണ്. (അല്‍ ഹുജറാത്ത് 12)

സമൂഹത്തില്‍ കണ്ടുവരുന്ന അധിക കുഴപ്പങ്ങളുടെയും മൂലകാരണം തെറ്റിദ്ധാരണയിലൂടെ ഉണ്ടാകുന്ന സംസാരങ്ങളും പെരുമാറ്റങ്ങളുമാണ്. തിരു നബി(സ) പറഞ്ഞു. ഊഹം നിങ്ങള്‍ സൂക്ഷിക്കുക. നിശ്ചയം ഊഹിച്ചുള്ള സംസാരം ഏറ്റവും വലിയ കളവാണ്.(ബുഖാരി 6064)
മറ്റുള്ളവരെ കുറിച്ച് സദ്‌വിചാരണമാണ് നമുക്കുണ്ടാകേണ്ടത്. മുന്‍ധാരണയോടെ ഒരാളെക്കുറിച്ചും നാം തെറ്റിദ്ധരിച്ചു വെക്കരുത്. വ്യക്തമായ ധാരണകളും കാരണങ്ങളുമില്ലാതെ ഒരാളെക്കുറിച്ചും മോശമായ ധാരണകള്‍ കൊണ്ടുനടക്കരുത്. വിശ്വാസികളെക്കുറിച്ച് നല്ലത് വിചാരിക്കല്‍ ശ്രേഷ്ഠമായ ഇബാദത്തില്‍ പെട്ടതാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.(അബൂ ദാവൂദ് 4993). ഒരാളെക്കുറിച്ച് ചീത്തയായ വല്ല ധാരണയുമുണ്ടാകുന്നുവെങ്കില്‍ പീന്നീടതിനെക്കുറിച്ച് കൂടുതലന്വേഷിക്കാന്‍ ശ്രമിക്കരുത്.(ഇബ്‌നു മാജ).
മറ്റുള്ളവരെ കുറിച്ച് അബദ്ധ ജഡിലമായ മുന്‍ധാരണകള്‍ പേറി നടക്കുന്നവന്‍ സ്വന്തം ദീനിനെയും വ്യക്തിത്വത്തെയും തന്നെയാണ് നശിപ്പിക്കുന്നത്. അതു കൊണ്ട് അവന്‍ തന്നെയാണ് തകരുന്നത്. തെറ്റിദ്ധരിക്കപ്പെട്ടവര്‍ ഇതറിയുകയോ അവര്‍ക്കെന്തെങ്കിലും സംഭവിക്കുകയോ ചെയ്യുന്നില്ല. പരലോകത്ത് അവന്‍ പ്രതിസ്ഥാനത്ത് വരികയാകും ഫലം.
മോഷണത്തിന് വിധേയനായ വ്യക്തി നിരപരാധികളെ കുറിച്ച് തെറ്റിദ്ധരിച്ചു കൊണ്ടിരിക്കുകക്കും. അങ്ങനെ മോഷ്ടാവിനെക്കാള്‍ വലിയ കുറ്റവാളി ഒടുവില്‍ അവനായിത്തീരുകയും ചെയ്യും. എത്രമേല്‍ ഭയാനകമാണിത്?.
തെറ്റിദ്ധാരണയുണ്ടാക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് അകലം പാലിക്കല്‍ സത്യവിശ്വാസികളുടെ ബാധ്യതയാണ്. തെറ്റിദ്ധാരണക്കിടയാക്കുന്ന ചുറ്റുപാടില്‍ സ്വയം ചെന്നുനിന്ന ഒരാളെ അകാരണത്താല്‍ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചെങ്കില്‍ അവരെ അതിന്റെ പേരില്‍ ആക്ഷേപിക്കാന്‍ പാടില്ലെന്ന് ഉമര്‍(റ) വിധിച്ചിരുന്നു. വഴിയരികില്‍ യുവതിയുമായി കൊഞ്ചിക്കുഴഞ്ഞ് സംസാരിച്ചവനെ ചാട്ടവാറടിച്ചത് അതു കൊണ്ടായിരുന്നു. സ്വന്തം ഭാര്യയാണെങ്കില്‍ പോലും പരസ്യമായി ചെയ്യാന്‍ പാടില്ലായിരുന്നു.
ഇമാം ഗസ്സാലി(റ) സത്യ വിശ്വാസിയുടെ ബാധ്യതയായി എണ്ണിയത് എന്തുമാത്രം ശ്രദ്ധേയമാണ്. ‘തന്നെക്കുറിച്ച് തെറ്റിദ്ധരിക്കുന്നതില്‍ നിന്ന് ജനങ്ങളുടെ ഹൃദയങ്ങളെയും ദുഷിച്ച് സംസാരിക്കുന്നതില്‍ നിന്ന് അവരുടെ നാവുകളെയും തടഞ്ഞു നിര്‍ത്തേണ്ടതുണ്ട്. ഇക്കാരണത്താല്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. ജനം ഒരാളെക്കുറിച്ച് മോശമായി ചിന്തിക്കാന്‍ അവന്‍ തന്നെയാണ് കാരണമാകുന്നതെങ്കില്‍ അവര്‍ ചെയ്യുന്ന തെറ്റില്‍ അവനും തുല്യ പങ്കാളിയാണ്. (ഇഹ്‌യാ ഉലൂമുദ്ദീന്‍, വാള്യം 2, പേജ് 201)