Connect with us

Kannur

മരുന്നുകളുടെ ഗുണനിലവാര പരിശോധന പേരിന് മാത്രം

Published

|

Last Updated

കണ്ണൂര്‍:ലാബുകളുടെ അപര്യാപ്തത കാരണം സംസ്ഥാനത്ത് മരുന്നുകളുടെ ഗുണനിലവാര പരിശോധന കാര്യക്ഷമമാകുന്നില്ല. രണ്ട് ലക്ഷത്തിലധികം ബാച്ച് മരുന്നുകളുടെ വിപണനം നടക്കുന്ന കേരളത്തില്‍ ഒരു വര്‍ഷം പരിശോധിക്കപ്പെടുന്നത് അഞ്ച് ശതമാനം മരുന്നുകളാണ്. കേരളത്തില്‍ മരുന്നിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ തിരുവനന്തപുരത്ത് മാത്രമാണ് ഇപ്പോള്‍ ലാബ് പ്രവര്‍ത്തിക്കുന്നത്. ഇവിടെയാകട്ടെ ആവശ്യത്തിന് ജീവനക്കാരുമില്ല. മരുന്നുകള്‍ നല്ല രീതിയില്‍ പരിശോധന നടത്താനുള്ള സംവിധാനവും ഇവിടെയില്ല.

ഡ്രഗ്‌സ് കണ്‍ട്രോളറുടെ അഭിപ്രായപ്രകാരം ഉപഭോക്താക്കളിലെത്തിക്കുന്ന മരുന്നുകളുടെ പത്ത് ശതമാനം മരുന്നെങ്കിലും പരിശോധനക്ക് വിധേയമാക്കണമെന്നാണ്. എന്നാല്‍ അത് പോലും സംസ്ഥാനത്ത് നടക്കുന്നില്ല. ഇന്‍സുലിന്‍, ടെറ്റനസ് അടക്കമുള്ള വാക്‌സിനുകളുടെ പരിശോധനക്കുള്ള സൗകര്യം കേരളത്തിലില്ലാത്തതും പ്രശ്‌നം സങ്കീര്‍ണമാക്കുന്നു. പരിശോധിക്കുന്ന മരുന്നുകളുടെ ഗുണനിലവാരം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവരുമ്പോഴേക്കും ആ മരുന്നുകളെല്ലാം ഉപയോഗിച്ച് കഴിയുന്ന അവസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് ഫാര്‍മസി കൗണ്‍സില്‍ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം എം കെ ഭാസ്‌കരന്‍ സിറാജിനോട് പറഞ്ഞു.

നിലവില്‍ 65000 ബ്രാന്‍ഡുകളിലായി 2,64000 ബാച്ച് മരുന്നുകള്‍ കേരളത്തില്‍ ഒരു വര്‍ഷം വിറ്റഴിക്കപ്പെടുന്നതായാണ് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ പരിശോധിക്കപ്പെടുന്നത് അയ്യായിരത്തില്‍ താഴെ ബാച്ച് മരുന്നുകള്‍ മാത്രം. ഈ വര്‍ഷം ഇതുവരെ പരിശോധിച്ചത് 3100 സാമ്പിളുകള്‍ മാത്രമാണ്. ബാക്കിയുള്ള മരുന്ന് രോഗി കഴിക്കേണ്ടത് ഒന്നും സംഭവിക്കില്ലെന്ന വിശ്വാസത്തിലാണ്. മരുന്ന് പരിശോധനാ ലാബുകളുടെ കുറവും ഉള്ള ലാബുകളിലെ ജീവനക്കാരുടെ കുറവുമാണ് പരിശോധന പേരിന് മാത്രമാകാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നിലവില്‍ മരുന്ന് കമ്പനികളുടെ തന്നെ ലാബുകളില്‍ നിന്ന് തയ്യാറാക്കുന്ന ക്വാളിറ്റി സര്‍ട്ടിഫിക്കറ്റുകളോടെയാണ് മരുന്നുകളെത്തുന്നത്. ഇത് മാത്രമല്ല തൊണ്ണൂറ് ശതമാനം മരുന്നുകളും നിശ്ചിത ഡിഗ്രി തണുപ്പ് പശ്ചാത്തലത്തില്‍ സൂക്ഷിക്കണമെന്നാണ് നിയമം. എന്നാല്‍ കേരളത്തില്‍ എയര്‍കണ്ടീഷന്‍ ചെയ്ത ഡ്രഗ് സ്‌റ്റോറുകള്‍ കുറവാണ്. തമിഴ്‌നാട്ടില്‍ പുതിയ ഡ്രഗ് സ്‌റ്റോറിന് ലൈസന്‍സ് വേണമെങ്കില്‍ തന്നെ എ സി നിര്‍ബന്ധമാണ്. എന്നാല്‍ കേരളത്തില്‍ അത്തരം യാതൊരു നിര്‍ബന്ധമോ നിബന്ധനയോയില്ല.

കച്ചവടക്കാരുടെ കൈയിലാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ അതോറിറ്റിയും സര്‍ക്കാറും എല്ലാമെന്നതാണ് അവസ്ഥ. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരവും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്. ജീവന്‍രക്ഷാ മരുന്നുകള്‍ പലതും ഫലിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ തന്നെ പരാതിപ്പെടുന്നുണ്ട്. കമ്പനികള്‍ കൊണ്ടുവരുന്ന ലാബ് സര്‍ട്ടിഫിക്കറ്റ് മാത്രമാണ് മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ മാനദണ്ഡമെന്നതും സ്ഥിതിഗതികളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കപ്പെടുന്ന മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി ഫലം വന്നുകഴിയുമ്പോഴേക്കും ആ മരുന്നുകള്‍ രോഗികള്‍ ഉപയോഗിച്ച് കഴിയുന്ന അവസ്ഥയാണ്.

അതിനിടെ, സംസ്ഥാനത്ത് 54 അവശ്യ മരുന്നുകളുടെ വിലയില്‍ കേന്ദ്രസര്‍ക്കാര്‍ കാര്യമായ കുറവ് വരുത്തിയിട്ടും വിപണിയില്‍ പകല്‍കൊള്ള തുടരുകയാണ്. ഇതിനെതിരെ ചെറുവിലനക്കാന്‍ ബന്ധപ്പെട്ട വകുപ്പധികൃതര്‍ ഇതുവരെയും തയ്യാറായിട്ടില്ല. മരുന്നുകളുടെ വിലയില്‍ 55 ശതമാനത്തോളം കുറവാണ് സമീപനാളില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയത്. ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയാണ് വില പുതുക്കി നിശ്ചയിച്ചത്. എന്നാല്‍ മരുന്ന് കമ്പനികള്‍ ഇത് അറിയാത്ത ഭാവത്തില്‍ പഴയ വില തന്നെ ഈടാക്കുകയാണ്.

Latest