വായനാ മുറിയില്‍ വിടരുന്ന പൂക്കള്‍

Posted on: June 19, 2016 12:48 pm | Last updated: June 19, 2016 at 12:48 pm
SHARE

libraryവായനയെ ജനകീയമാക്കാനും പുസ്തകങ്ങളെ ചങ്ങാതിമാരാക്കാനും പ്രചോദിപ്പിക്കാനും ഗ്രാമാന്തരങ്ങളില്‍ സഞ്ചരിച്ച പി എന്‍ പണിക്കരുടെ ചരമ ദിനമാണ് സംസ്ഥാനത്ത് വായനാ ദിനമായി ആചരിക്കുന്നത്. വായനാ വിപ്ലവത്തിലൂടെ നിരവധി പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ പ്രോത്‌സാഹനം കൊടുക്കുക എന്നതു തന്നെയാണ് വായനാ ദിനം ലക്ഷ്യമിടുന്നത്.

നല്ല വായന നല്ല സംസ്‌കാരത്തെ സംഭാവന ചെയ്യുന്നു. വിജ്ഞാന ലോകത്ത് തുറന്നിട്ട ജാലകമാണ് വായന. എഴുതാനും പ്രസംഗിക്കാനുമുള്ള ചവിട്ടുപടിയാണ് പരന്ന വായന. എഴുത്തും വായനയും ഒരേ ദിശയിലാണ് ഒഴുകുന്നത്. എഴുത്തുകാരും വായനക്കാരും ഒരുമയിലാണ്. കാരണം, എഴുത്തുകാരന്‍ ഇടതടവിടാതെ വായിക്കുന്നു. വായനയാണ് എഴുത്തിന്റെ മുഖമുദ്ര. അങ്ങനെ എഴുത്തുകാരന്‍ വായനക്കാരനൊപ്പം ചേര്‍ന്ന് നില്‍ക്കുന്നു.

നല്ല പുസ്തകങ്ങള്‍ വായിക്കുന്നവനാണ് നല്ല വായനക്കാരന്‍. പുസ്തക പ്രേമികളുമായി സൗഹൃദം പങ്കിട്ടും ഗ്രന്ഥശാലകള്‍ തേടിയലഞ്ഞും പുസ്തകങ്ങള്‍ കണ്ടെത്തി വായിക്കുമ്പോഴാണ് വായനക്കാരന്‍ ജ്ഞാനിയും അന്വേഷകനുമായി മാറുന്നത്. ശരീരത്തിന്റെ ആരോഗ്യത്തിന് നല്ല ഭക്ഷണം അനിവാര്യമാണ്. നല്ല അറിവുണ്ടാകാന്‍ നല്ല വായനയും. ആരോഗ്യമുള്ള മനുഷ്യന്‍ രോഗങ്ങള്‍ക്കു മുന്നില്‍ മാത്രമല്ല, മറ്റുള്ളവര്‍ക്ക് മുന്നിലും നിവര്‍ന്ന് നില്‍ക്കും. വായന ബുദ്ധിപരമായ നട്ടെല്ല് സമ്മാനിക്കും.
വിശുദ്ധ ഖുര്‍ആനിന്റെ പ്രഥമ അവതരണം തന്നെ ‘വായിക്കുക’ എന്നാണ്. നിന്റെ സ്രഷ്ടാവിന്റെ നാമത്തില്‍ വായിക്കുക. സര്‍വമനുഷ്യര്‍ക്കും ആ കല്‍പ്പന ബാധകമാണ്. വായന മനുഷ്യനെ പൂര്‍ണനാക്കുന്നു. നമ്മുടെ സംസ്‌കാരത്തെ തിരിച്ചറിയാന്‍ അത് പ്രാപ്തമാക്കുന്നു. അക്ഷരങ്ങളുടെ ലോകത്തേക്കു യാത്ര പോകുമ്പോള്‍ വിജ്ഞാനത്തിന്റെയും വൈവിധ്യത്തിന്റെയും വാതായനങ്ങള്‍ തുറക്കുന്നു. കാലത്തെ അതിജീവിച്ച് നിലകൊള്ളുന്നതാണ് യഥാര്‍ഥ സാഹിത്യം. ഈ അര്‍ഥത്തില്‍ വായന മരിക്കുന്നു എന്ന ആകുലതക്ക് സ്ഥാനമില്ല. എന്നാല്‍ ഭാഷ മരിക്കുന്നു എന്ന ആകുലത നമ്മെ വല്ലാതെ അലട്ടുന്നു.
മാതൃഭാഷയെ സ്‌നേഹിക്കാന്‍ മടിക്കുന്ന ഒരു സമൂഹം നമുക്കൊപ്പം വളര്‍ന്നുവരുന്നുണ്ട്. ഈ സത്യത്തെ കണ്ടില്ലെന്നു നടിച്ചിട്ടു കാര്യമില്ല. മലയാളത്തെ സ്‌നേഹിക്കാനും ഭാഷയെ പറ്റി പഠിക്കാനും നമ്മുടെ പുതു തലമുറയെ സന്നദ്ധരാക്കണം. വായനയുടെ ലോകത്ത് നിരവധി മഹത്തുക്കളെ സംഭാവന ചെയ്ത നാടാണ് നമ്മുടെ കേരളം. വായനയുടെ ഒരായിരം പൂക്കള്‍ വിടര്‍ത്തിയ വസന്തമാണ് നമ്മുടെ ഭാഷ. ഇത്രമാത്രം സാഹിത്യ സമ്പന്നമായ ഭാഷ വേറെയുണ്ടാകില്ല. പല തലങ്ങളിലേക്ക് പടരുന്ന പൈതൃകങ്ങളാല്‍ അലംകൃതമാണ് ഈ ശ്രേഷ്ഠ ഭാഷ.
ഭാഷയെ തൊട്ടറിയാനും അനുഭവിച്ചറിയാനും വിവിധ തരത്തിലുള്ള മാധ്യമങ്ങളുടെ സാന്നിധ്യം നമ്മെ സഹായിക്കാനുണ്ടെങ്കിലും ആത്യന്തികമായി പുസ്തക വായന തന്നെയാണ് നമ്മെ സന്തോഷിപ്പിക്കേണ്ടത്. കാരണം വായന ജീവിതത്തോടുള്ള അഗാധമായ പരിചയം ഉണ്ടാക്കുന്നു. മഹാത്മാക്കള്‍ മനുഷ്യജീവിതത്തിന്റെ വിവിധ തലങ്ങള്‍ രേഖപ്പെടുത്തി വെച്ചത് വായിക്കുമ്പോള്‍ സാമൂഹിക ജീവിതത്തെ കൂടുതലറിയുന്നു. ചുറ്റുവട്ടത്തെ തിരിച്ചറിയുന്നു. അവനവനെ കുറിച്ചും മറ്റുള്ളവരെക്കുറിച്ചും കൂടുതലറിയുന്നതിലൂടെ ലോകത്തെ ആഴത്തില്‍ മനസ്സിലാക്കുന്നു. ഫലപ്രദമായ ആശയ വിനിമയത്തിന് കൂടുതല്‍ പരിശീലനം നേടാനാകുന്നു. സാഹിത്യരചനകള്‍ ഒരാളുടെ ഭാവനയും സൗന്ദര്യചിന്തയും വളര്‍ത്തുന്നുണ്ട്. സഹൃദയത്വത്തിന്റെ വികാസം വായന സാധ്യമാക്കുന്നു. സങ്കീര്‍ണവും ധ്യാനാത്മകവുമായ കാര്യങ്ങളുടെ ആഴങ്ങള്‍ അറിയാനും അപഗ്രഥന ശേഷി കൂട്ടാനും വായന സഹായിക്കുന്നു. ആശയങ്ങളുടെ നിര്‍മാണം വായനയിലൂടെ സാധ്യമാകുന്നത് അതുകൊണ്ടാണ്. നമ്മുടെ വായനാ മുറികള്‍ സജീവമാകട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here