Connect with us

Articles

കാപ്പാട് ഉമര്‍ മുസ്‌ലിയാര്‍: വിനയാന്വിതനായ പണ്ഡിതന്‍

Published

|

Last Updated

ഇസ്‌ലാമിക വിജ്ഞാന രംഗത്ത് നിറഞ്ഞു നിന്ന വിനയാന്വിതനായ പണ്ഡിത ശ്രേഷ്ഠരായിരുന്നു കാപ്പാട് ഉമര്‍ മുസ്‌ലിയാര്‍. ലാളിത്യം, കൃത്യനിഷ്ഠ, ശിഷ്യവാത്സല്യം എന്നിവയിലെല്ലാം വേറിട്ട വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ഒരു പണ്ഡിതനു വേണ്ട സര്‍വഗുണങ്ങളും ഒത്തുചേര്‍ന്ന അദ്ദേഹം മരണപ്പെടുമ്പോഴും ഇല്‍മിന്റെ വഴിയില്‍ നിന്ന് അകലെ ആയിരുന്നില്ല. സേവനം കൊണ്ടും നിര്‍ദേശങ്ങള്‍ കൊണ്ടും മടവൂര്‍ സി എം സെന്റര്‍ എന്ന സ്ഥാപനത്തിന്റെ പുരോഗതിയില്‍ ഒപ്പം നടന്ന സഹയാത്രികനായിരുന്നു ബഹുവന്ദ്യരായ ഉസ്താദ്.
1964 വരെ പഠനവും അതിനുശേഷം അധ്യാപനവുമായി ദീനിരംഗത്ത് അദ്ദേഹമുണ്ടായിരുന്നു. ഓര്‍മകള്‍ നഷ്ടപ്പെടുന്നെന്ന് പരിഭവം പറയുമ്പോഴും തീയതിയും സമയങ്ങളും ക്യത്യമായി ഓര്‍ത്തെടുക്കുമായിരുന്നു.
1936 ജനുവരി 13 നാണ് കാപ്പാട് ഉമര്‍ മുസ്‌ലിയാരുടെ ജനനം. പിതാവ് ഇമ്പിച്ചി അഹ്മദ് മുസ്‌ലിയാര്‍ രിഫാഈ ത്വരീഖത്തിന്റെ ശൈഖായിരുന്നു. കുടുംബത്തില്‍ ധാരാളം പണ്ഡിതര്‍ വേറെയും ഉണ്ടായിരുന്നു. ഇങ്ങനെയുള്ള പശ്ചാതലം ഉസ്താദിന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
കഷ്ടപ്പാടുകള്‍ നിറഞ്ഞ 1950 – 60 കാലങ്ങളിലാണ് ഉസ്താദ് പഠനം നടത്തുന്നത്. ആദ്യമായി ദര്‍സിലേക്ക് പോകുമ്പോള്‍ ഉപ്പയോട് ഒന്നും പറഞ്ഞിരുന്നില്ല. ഉപ്പ സമ്മതം തന്നില്ലെങ്കിലോ എന്ന് ഭയന്നിട്ടായിരുന്നു അത്. കാപ്പാട് ഉസ്താദ് എന്നറിയപ്പെടുന്ന കുഞ്ഞി അഹ്മദ് മുസ്‌ലിയാരുടെ ശിക്ഷണത്തിലാണ് നഹ്‌വ് ഓതുന്നത്. ശേഷം കുഞ്ഞി ഹസന്‍ മുസ്‌ലിയാരുടെ അടുത്ത് നിന്ന് അല്‍ഫിയ്യ പൂര്‍ത്തിയാക്കി ആകാലങ്ങളില്‍ തന്നെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ പോലും ഉസ്താദിന്റെ അടുത്ത് വരികയും സംശയങ്ങള്‍ തീര്‍ക്കുകയും ചെയ്യാറുണ്ടായിരുന്നു.
പഠനത്തിന്റെ സിംഹഭാഗവും പെരിങ്ങത്തൂരിലായിരുന്നു. കരുവന്‍തുരുത്തി ആലിക്കുട്ടി മുസ്‌ലിയാരാണ് ഉസ്താദ് . ഏഴ് വര്‍ഷത്തോളം അവിടെ പഠിച്ചു. മൂന്ന് കിലോമീറ്ററുകള്‍ നിത്യം നടന്നാണ് അന്ന് ഭക്ഷണത്തിന് പോയിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം രാവിലെ മദ്‌റസയില്‍ പഠിപ്പിക്കാന്‍ പോകും . അതിനും ഒത്തിരിദൂരം നടക്കണം. ഈ നടത്തങ്ങള്‍ക്കിടയില്‍ കിട്ടുന്ന സമയങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിയും ഉസ്താദുമാരുമായി സംവദിച്ചും കെട്ടിപ്പടുത്ത കോട്ടയാണ് ഈ പ്രതിഭ.
1964 ല്‍ ബാഖിയാത്തില്‍ നിന്ന് ബിരുദമെടുത്ത് പുറത്തിറങ്ങി, പിന്നെ മുദരിസായി സേവനം തുടങ്ങി. അര നൂറ്റാണ്ടിലേറെയായി ദര്‍സ് നടത്തിയിരുന്നു. ഇതുവരെ ആരോഗ്യ കാരണങ്ങളോ മറ്റു ബുദ്ധിമുട്ടുകളോ ദര്‍സിന് തടസ്സമായിട്ടില്ല. ഇതിനെക്കാള്‍ ഹരമുള്ള മറ്റൊന്ന് വേറെയില്ലെന്ന് പറയുമ്പോള്‍ ഉസ്താദിന്റെ ആത്മാര്‍ഥതയും മടുപ്പില്ലായ്മയുമാണ് ബോധ്യപ്പെടുക.
ദര്‍സ് തുടങ്ങിയത് കോഴിക്കോട് നല്ലളത്താണ്. 10 വര്‍ഷം അവിടെ ജോലി ചെയ്തു. പിന്നീട് പാനൂരിനടുത്ത് മാക്കൂല്‍ പീടിക. പുറക്കാട്, നന്തി എന്നീ സ്ഥലങ്ങളില്‍ ദര്‍സ് നടത്തി. ഉസ്താദും ശംസുല്‍ ഉലമയും ഒരേ ദിവസമായിരുന്നു അവിടെ ജോലിക്ക് ചേര്‍ന്നത്. അതേസമയം, പുറക്കാട്, നന്തി എന്നിവിടങ്ങളില്‍ ഖാസിയുമായിരുന്നു. 1988ല്‍ നന്തിയില്‍ നിന്ന് പിരിഞ്ഞ് എന്‍ ജി ഒ ക്വാര്‍ട്ടേഴ്്‌സിനടുത്തുള്ള പള്ളിയിലും വെണ്ണക്കാടും, മങ്ങാട്ടും ദര്‍സ് നടത്തി. തുടര്‍ന്നാണ് സി എം വലിയുല്ലാഹിയുടെ ചാരത്ത് സി എം സെന്ററിലേക്ക് വന്നത്. തുടര്‍ന്ന് 18 വര്‍ഷം ഉസ്താദ് മടവൂര്‍ സി.എം സെന്ററില്‍ പ്രവര്‍ത്തിച്ചു. ശരീഅത്ത് കോളജ് പ്രിന്‍സിപ്പള്‍ എന്നതിലുപരി സ്ഥാപനവുമായി ഊഷ്മള ബന്ധത്തിനുടമയാണ് അദ്ദേഹം. എല്ലാവരുടെയും കാപ്പാട് ഉസ്താദ് ആയ അദ്ദേഹത്തിന് നിരവധി ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കാന്‍ സാധിച്ചു. ജീവിത ചിട്ടകൊണ്ടും കൃത്യനിഷ്ഠത കൊണ്ടും മാതൃകായോഗ്യനായി. കുറച്ച് കാലം രോഗം കാരണത്താല്‍ വിശ്രമിക്കേണ്ടി വന്നെങ്കിലും സേവന രംഗത്തേക്ക് തിരിച്ചുവരണമെന്ന് അതിയായി ആഗ്രഹിച്ചു. ശാരീരിക അവശതകള്‍ വകവെക്കാതെ ആദ്ദേഹം വീണ്ടും സ്ഥാപനത്തില്‍ ജോലി തുടര്‍ന്നു.
സി എം വലിയുല്ലാഹിയുമായി ജീവിതകാലത്ത് തുടങ്ങിയ ബന്ധം ശേഷവും തുടര്‍ന്നു. എല്ലാ ദിവസവും അദ്ദേഹത്തിന്റെ മഖ്ബറ സന്ദര്‍ശിക്കാന്‍ ഉസ്താദ് സമയം കണ്ടെത്തിയുരുന്നു.

Latest