ഉമര്‍ മതീന് എവിടെ നിന്നാണ് തോക്കുകള്‍ കിട്ടിയത്?

ഉമര്‍ മതീന്‍ ഒരു തുടര്‍ച്ചയാണ്. ഇത്തരം വെടിവെപ്പുകള്‍ അമേരിക്കയില്‍ തുടര്‍ക്കഥയുമാണ്. അത്‌കൊണ്ട് തന്നെ ആ ആകെത്തുകയില്‍ നിന്ന് ഉമറിനെ അടര്‍ത്തി മാറ്റി നിഗമനങ്ങള്‍ മെനയുന്നത് യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്നുള്ള ഒളിച്ചോടല്‍ മാത്രമായിരിക്കും. ഈ കുരുതികളെല്ലാം ലോകത്തെ ഏറ്റവും ശക്തമായ രാജ്യമെന്ന് അവകാശപ്പെടുന്ന അമേരിക്കയിലെ ആഭ്യന്തര സുരക്ഷിതത്വം എത്ര ദുര്‍ബലമാണെന്ന യാഥാര്‍ഥ്യം വിളിച്ചോതുന്നു. മറ്റ് രാഷ്ട്രങ്ങളെ അരക്ഷിതം, പരാജിതം, ശിഥിലം എന്നൊക്കെ ചാപ്പ കുത്തുന്ന അമേരിക്കന്‍ അധികാരികള്‍ സ്വയം ലജ്ജിക്കണം. ലോകത്തിന്റെ സുരക്ഷിതത്വത്തിനെന്ന പേരില്‍ സിറിയയും ഇറാഖും അഫ്ഗാനുമടക്കം രാഷ്ട്രങ്ങളെ തകര്‍ത്ത് തരിപ്പണമാക്കിയ സാമ്രാജ്യത്വത്തിന് സ്വന്തം മണ്ണില്‍ നിന്ന് തന്നെ തിരിച്ചടി കിട്ടുകയാണ്. സാമ്രാജ്യത്വം തരാതരം സൃഷ്ടിച്ച ഭീകര സംഘങ്ങളില്‍ സ്വന്തം ജനത തന്നെ അംഗത്വം നേടുന്നു. ആയുധക്കച്ചവടക്കാര്‍ക്കും സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ക്കും തീറെഴുതിക്കൊടുത്ത ആഭ്യന്തര സുരക്ഷാ സംവിധാനത്തിന്റെ പഴുതിലൂടെയാണ് ഉമര്‍ മതീനും ആഡം ലാന്‍സയുമൊക്കെ ആയുധം സംഭരിക്കുന്നത്.
Posted on: June 19, 2016 12:35 pm | Last updated: June 19, 2016 at 12:35 pm
SHARE
omar
ഉമര്‍ മതീന്‍

വേള്‍ഡ് ട്രേഡ് സെന്റര്‍ പതനത്തിന് ശേഷം അമേരിക്ക സ്വന്തം സുരക്ഷിതത്വത്തെ മുന്‍ നിര്‍ത്തി ലോകത്താകെ നടത്തിയ സൈനികവും സാമ്പത്തികവും നയതന്ത്രപരവുമായ കടന്നു കയറ്റങ്ങള്‍ ആ രാജ്യത്തെ കൂടുതല്‍ അരക്ഷിതമാക്കി മാറ്റുകയാണ് ചെയ്തതെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു കൊണ്ട് നാല്‍പ്പത്തിയൊമ്പത് മനുഷ്യര്‍ ഓര്‍ലാന്‍ഡോയിലെ നിശാക്ലബ്ബില്‍ മരിച്ചു വീണിരിക്കുന്നു. സ്വവര്‍ഗാനുരാഗികള്‍ നൃത്തം ചെയ്യുന്ന ക്ലബ്ബില്‍ തോക്കുമായി കടന്നു കയറിയ ഉമര്‍ മതീന്‍ എന്ന 29കാരന്‍ ഇത്രയും മനുഷ്യരെ പച്ചക്ക് കൊല്ലുകയായിരുന്നു. വെര്‍ജീനിയ ടെക് സര്‍വകാലാശാലയില്‍ 32 പേരുടെ മരണത്തിനിടയാക്കിയ കൂട്ടക്കൊലക്ക് ശേഷം അമേരിക്ക അനുഭവിക്കുന്ന ഏറ്റവും വലിയ ആഘാതം. ഒരു ആയുധധാരി ഒറ്റക്ക് നടത്തുന്ന ഏറ്റവും വലിയ കൂട്ടക്കൊല.

FLORIDAസ്വവര്‍ഗരതിക്കാര്‍ക്കെതിരെ നടക്കുന്ന ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ആക്രമണം. ഈ വിശേഷണങ്ങള്‍ക്കപ്പുറം പല തലത്തിലുള്ള വിശകലനങ്ങള്‍ അമേരിക്കന്‍ മാധ്യമങ്ങളിലും പൗരസമൂഹത്തിലും നടക്കുന്നുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണം കൊടമ്പിരിക്കൊണ്ടിരിക്കുന്ന സമയമായതിനാല്‍ വിശകലനങ്ങള്‍ക്ക് വേഗത്തില്‍ തീപ്പിടിക്കുന്നു. ഇവയില്‍ പലതും തനിയാവര്‍ത്തനമാണ്. ഇത്തരം തോക്ക് കളികള്‍ നിത്യസംഭവമായ യു എസില്‍ ഓരോ സംഭവത്തിന് ശേഷവും കൃത്യമായി ആവര്‍ത്തിക്കുന്ന അലമുറകള്‍. ആഭ്യന്തര സുരക്ഷയെക്കുറിച്ച് ആശങ്കാപൂര്‍ണമായ മുന്നറിയിപ്പുകള്‍. തോക്ക് കൈവശം വെക്കുന്നതിന് നിയന്ത്രണം കൊണ്ടുവരുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നടക്കുന്ന വാദങ്ങള്‍. പ്രതിയെക്കറിച്ചുള്ള പലതരം കഥകള്‍. ഒന്നും അടിസ്ഥാന പ്രശ്‌നത്തെ തൊടുന്നില്ല.

പ്രതി അഫ്ഗാനില്‍ നിന്ന് കുടിയറിയ കുടംബത്തിലെ അംഗമാണ്. അത്‌കൊണ്ട് കുടിയേറ്റമാണ് പ്രശ്‌നമെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള തീവ്രവലതുപക്ഷ വിശാരദന്‍മാരുടെ കണ്ടുപിടിത്തം. റാഡിക്കല്‍ ഇസ്‌ലാമിനെക്കുറിച്ചാണ് ഇപ്പോള്‍ സംസാരിക്കേണ്ടതെന്ന് തുറന്നടിച്ച് ട്രംപിന്റെ മുസ്‌ലിം വിരുദ്ധത ഈ ദുരന്തമുഖത്തും ഫണം വിടര്‍ത്തിയാടി. ഇത് രാഷ്ട്രീയ മുതലെടുപ്പാണെന്നും മതത്തെ ഈ ക്രൂരതയുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്നും ഒബാമ അസന്ദഗ്ധമായി പ്രഖ്യാപിച്ചിട്ടും ട്രംപിന്റെ പിന്നില്‍ അണിനിരക്കുന്നവരുടെ എണ്ണം പെരുകുകയാണ്. ഉമര്‍ മതീന്‍ മതം കൃത്യമായി ആചരിക്കുന്നയാളായിരുന്നുവെന്നും അത്‌കൊണ്ട് അടിയുറച്ച മതവിശ്വാസികള്‍ക്ക് അവരുടെ ആശയങ്ങള്‍ ഇങ്ങനെ തോക്കിന്‍ കുഴലിലൂടെ ആവിഷ്‌കരിക്കാനുള്ള ത്വര സ്വാഭാവികമാണെന്നും ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നു. ഈ വിദ്വേഷരാഷ്ട്രീയത്തിന് ശക്തിപകരാന്‍ സ്വാഭാവികമായും ഇസില്‍ ഭീകരവാദികള്‍ രംഗത്തുണ്ട്. ഉമര്‍ മതീന്‍ തങ്ങളുടെ ധീരനായ കേഡറാണെന്നാണ് ഇസില്‍ വെബ്‌സൈറ്റുകള്‍ അവകാശപ്പെടുന്നത്. യു എസ് ആഭ്യന്തര മന്ത്രാലയമാകട്ടേ ഇയാളെ ഇസിലിന് വിട്ടുകൊടുക്കാന്‍ തയ്യാറല്ല. ഇസില്‍ ആശയധാരയില്‍ ഉമര്‍ അകൃഷ്ടനായിരിക്കാമെന്ന് അവര്‍ സമ്മതിക്കുന്നു. എന്നാല്‍ ഇസിലിലോ മറ്റേതെങ്കിലും സംഘത്തിലോ ഇയാള്‍ക്ക് അംഗത്വമുണ്ടെന്നതിന് തെളിവില്ലത്രേ. ആരുടെയെങ്കിലും ആഹ്വാനമനുസരിച്ചല്ല ഉമര്‍ പ്രവര്‍ത്തിച്ചതെന്നും അന്വേഷണം സംഘം പറയുന്നു. സ്വവര്‍ഗരതിക്കാരോട് കടുത്ത വെറുപ്പുണ്ടായിരുന്നു ഉമറിനെന്നും അത് തന്നെയാണ് കുറ്റത്തിന്റെ പ്രധാന മോട്ടീവ് എന്നും അവര്‍ പറഞ്ഞ് വെക്കുന്നു.
സത്യത്തില്‍ ഉമര്‍ മതീന്‍ ഒരു തുടര്‍ച്ചയാണ്. ഇത്തരം വെടിവെപ്പുകള്‍ അമേരിക്കയില്‍ തുടര്‍ക്കഥയുമാണ്. അത്‌കൊണ്ട് തന്നെ ആ ആകെത്തുകയില്‍ നിന്ന് ഉമര്‍ മതീനെ അടര്‍ത്തി മാറ്റി നിഗമനങ്ങള്‍ മെനയുന്നത് യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്നുള്ള ഒളിച്ചോടല്‍ മാത്രമായിരിക്കും. 2012ല്‍ കണക്ടികട്ടിലെ സ്‌കൂളില്‍ ഇരച്ചെത്തിയ ഇരുപതുകാരന്‍ ആഡം ലാന്‍സ 20 പിഞ്ചു കുഞ്ഞുങ്ങളെയാണ് വെടിവെച്ചിട്ടത്. തടയാന്‍ ശ്രമിച്ച സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ള എട്ട് അധ്യാപകരെയും അവന്‍ വകവരുത്തി. സ്വന്തം അമ്മയെ കൊന്ന ശേഷമാണ് അവന്‍ സ്‌കൂളിലെത്തിയത്. ആഡം ലാന്‍സയെ ഏത് റാഡിക്കലിസമാണ് ഇതിന് പ്രേരിപ്പിച്ചത് എന്ന ചോദ്യത്തിന് ട്രംപിനും കൂട്ടര്‍ക്കും എന്ത് മറുപടിയുണ്ട്?
ആഡം ലാന്‍സയെക്കുറിച്ച് ഇന്ന് ഉമര്‍ മതീനെക്കുറിച്ച് വന്നതുപോലുള്ള കഥകളൊന്നും പുറത്ത് വന്നിരുന്നില്ല. മാനസിക വിഭ്രാന്തിയുള്ള യുവാവെന്ന് പറഞ്ഞ് എഴുതിത്തള്ളാനാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ശ്രമിച്ചത്. അന്ന് പുറത്തുവന്ന പരിമിതമായ വിവരങ്ങളില്‍ ഒന്ന് വീട്ടിലെ തോക്കുകളാണ് അവന്‍ കൂട്ടക്കുരുതിക്ക് ഉപയോഗിച്ചത് എന്നാണ്. തോക്കിന്റെ ലൈസന്‍സ് അമ്മയുടെ പേരിലാണ്. എല്ലാ വീടുകളിലും ഒന്നിലധികം തോക്കുകളുണ്ട്. പതിനെട്ട് വയസ്സ് തികഞ്ഞ ആര്‍ക്കും തോക്ക് കൈവശപ്പെടുത്താം. ഒരു നിയന്ത്രണവുമില്ല. ഈ തോക്കുകള്‍ ആര്‍ഭാടമോ പൊങ്ങച്ചമോ അല്ല. ഭക്ഷണം പോലെ, വസ്ത്രം പോലെ അത്യാവശ്യ വസ്തുക്കളുടെ പട്ടികയിലാണ് ഇവ വരുന്നത്. തോക്കില്ലെങ്കില്‍ സൈ്വരമായി ജീവിക്കാനാകില്ലെന്ന അവബോധമാണ് അമേരിക്കന്‍ പൗരന്‍മാര്‍ക്ക്. അത്രക്കുണ്ട് അവരുടെ അരക്ഷിതാ ബോധം. തനിക്കു ചുറ്റും ശത്രുക്കളാണെന്ന ഭീതി അവരെ സദാ വേട്ടയാടുന്നു. ഭരണകൂടം ബോധപൂര്‍വം സൃഷ്ടിച്ചെടുത്തതാണ് ഈ ഭീതി. അരക്ഷിതമായ അമേരിക്കയെന്ന ആശയത്തില്‍ കാലൂന്നി നിന്നു കൊണ്ടാണ് അവര്‍ പൗരസ്ത്യ ദേശത്തെ രാഷ്ട്രങ്ങളില്‍ നരനായാട്ട് നടത്തുന്നതും എണ്ണയടക്കമുള്ള അവിടുത്തെ വിഭവങ്ങളുടെ നടത്തിപ്പുകാരാകുന്നതും. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം അവസര നിര്‍മിതിയായിരുന്നുവെന്ന് ലോകത്തെ നല്ലൊരു ശതമാനം ചിന്തകരും വിശ്വസിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.
വാളെടുത്തവന്‍ വാളാല്‍ എന്നതാണ് ഇവിടെ പുലരുന്ന സത്യം. ആയുധക്കച്ചവടക്കാരാണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. പ്രസിഡന്റുമാരെ സൃഷ്ടിക്കുകയും നിഗ്രഹിക്കുകയും ചെയ്യുന്ന ആയുധക്കമ്പനികളെ മറികടക്കാന്‍ ഭരണകൂടത്തിന് ത്രാണിയില്ല. കുട്ടികളുടെ ചോര വീണ സ്‌കൂളില്‍ ചെന്ന് പ്രസിഡന്റ് ഒബാമ കരഞ്ഞത് തന്റെ നിസ്സഹായത ഓര്‍ത്താണ്. തന്റെ നാട് ആയുധങ്ങള്‍ ഒഴുകി നടക്കുന്ന ഭൂവിഭാഗമായി മാറിയെന്ന് അദ്ദേഹം തിരിച്ചറിയുന്നുണ്ട്. പക്ഷേ, ചെറുക്കാന്‍ ശക്തിയില്ല. ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരി ആയുധഭീമന്‍മാരുടെ സാമന്തനാണ്. ഇന്ന് ഓര്‍ലാന്‍ഡോയില്‍ ചെന്നും ഒബാമ തോക്ക് നിയന്ത്രണ നിയമം കര്‍ക്കശമാക്കുന്നതിനെ കുറിച്ച് പറയുന്നു. പ്രസിഡന്റ്പദമേറിയ ശേഷം ഒരു ഡസനിലധികം തവണയെങ്കിലും ചോരച്ചാലുകള്‍ക്ക് മുന്നില്‍ നിന്ന് ഒബാമ ഈ ആഹ്വാനം നടത്തിയിട്ടുണ്ടാകും. ഇന്നിപ്പോള്‍ സ്ഥാനമൊഴിയാനിരിക്കെയും അദ്ദേഹം ഇത് ആവര്‍ത്തിക്കുന്നത് ചെടിപ്പല്ലാതെ മറ്റൊന്നുമുണ്ടാക്കുന്നില്ല.
ആയുധ കിടമത്സരം എല്ലാ സീമകളും ലംഘിച്ച് മുന്നേറിയ തൊണ്ണൂറുകള്‍ക്ക് ശേഷമാണ് അമേരിക്കയിലും മറ്റ് വികസിത പാശ്ചാത്യ രാജ്യങ്ങളിലും കൂട്ടക്കുരുതികള്‍ പെരുകിയത്. 1999ല്‍ കൊളറാഡോയിലെ കൊളംബൈന്‍ ഹൈസ്‌കൂളില്‍ എറിക്(18), സൈലാന്‍ ക്ലബോള്‍ഡ്(17) എന്നിവര്‍ ചേര്‍ന്ന് 12 സഹപാഠികളെയും ഒരു അധ്യാപികയെയും ബോംബെറിഞ്ഞ് കൊന്നു. 2005 മാര്‍ച്ചില്‍ മിന്നസോട്ടയില്‍ ജഫ്രിവീസ് എന്ന 16കാരന്‍ തന്റെ മുത്തച്ഛനെയും മുത്തശ്ശിയെയും വകവരുത്തിയ ശേഷം അതേ തോക്കുമായി താന്‍ പഠിക്കുന്ന റെഡ് ലേക് സ്‌കൂളിലേക്ക് ചെന്നു. അഞ്ച് വിദ്യാര്‍ഥികളെയും ഒരു അധ്യാപികയെയും കൊന്ന് സ്വയം ജീവനൊടുക്കി. 2006ല്‍ പെന്‍സില്‍വാനിയയിലും സമാന സംഭവം അരങ്ങേറി. 2007ലാണ് അമേരിക്ക കണ്ട ഏറ്റവും ക്രൂരമായ കൂട്ടക്കൊല നടന്നത്. വെര്‍ജീനിയ ടെക് യൂനിവേഴ്‌സിറ്റിയില്‍ ഇരുപതുകാരന്‍ വെടിവെച്ച് കൊന്നത് 32 പേരെയാണ്. 2008 ഫെബ്രുവരിയില്‍ രണ്ടിടത്ത് സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ അന്തകവേഷമണിഞ്ഞു. നോര്‍തേണ്‍ ഇല്ലിനോയിസ് സര്‍വകാലാശാലയില്‍ സ്റ്റീഫന്‍ കസ്മിയര്‍സാക് എന്ന 27കാരന്‍ ഗിത്താര്‍ പെട്ടിയില്‍ ഒളിപ്പിച്ച് വെച്ച മൂന്ന് തോക്കുകളുമായാണ് എത്തിയത്. ലക്ചര്‍ ഹാളില്‍ കയറി തലങ്ങും വിലങ്ങും വെടിയുതിര്‍ത്തു. അഞ്ച് പേര്‍ മരിച്ചു. ഒരു ഉണ്ട തനിക്ക് വേണ്ടിയും ചെലവാക്കി. അതേ മാസം ലൂസിയാനയില്‍ 23കാരിയായ നഴ്‌സിംഗ് വിദ്യാര്‍ഥിനി രണ്ട് സഹപാഠികളെ കൊന്നു.
ഈ കുരുതികളെല്ലാം ലോകത്തെ ഏറ്റവും ശക്തമായ രാജ്യമെന്ന് അവകാശപ്പെടുന്ന അമേരിക്കയിലെ ആഭ്യന്തര സുരക്ഷിതത്വം എത്ര ദുര്‍ബലമാണെന്ന യാഥാര്‍ഥ്യം വിളിച്ചോതുന്നു. മറ്റ് രാഷ്ട്രങ്ങളെ അരക്ഷിതം, പരാജിതം, ശിഥിലം എന്നൊക്കെ ചാപ്പ കുത്തുന്ന അമേരിക്കന്‍ അധികാരികള്‍ സ്വയം ലജ്ജിക്കണം. ലോകത്തിന്റെ സുരക്ഷിതത്വത്തിനെന്ന പേരില്‍ സിറിയയും ഇറാഖും അഫ്ഗാനുമടക്കം രാഷ്ട്രങ്ങളെ തകര്‍ത്ത് തരിപ്പണമാക്കിയ സാമ്രാജ്യത്വത്തിന് സ്വന്തം മണ്ണില്‍ നിന്ന് തന്നെ തിരിച്ചടി കിട്ടുകയാണ്. സാമ്രാജ്യത്വം തരാതരം സൃഷ്ടിച്ച ഭീകര സംഘങ്ങളില്‍ സ്വന്തം ജനത തന്നെ അംഗത്വം നേടുന്നു. ആയുധക്കച്ചവടക്കാര്‍ക്കും സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ക്കും തീറെഴുതിക്കൊടുത്ത ആഭ്യന്തര സുരക്ഷാ സംവിധാനത്തിന്റെ പഴുതിലൂടെയാണ് ഉമര്‍ മതീനും ആഡം ലാന്‍സയുമൊക്കെ ആയുധം സംഭരിക്കുന്നത്. ഹോംലാന്‍ഡ് സെക്യൂരിറ്റി സംവിധാനത്തിന്റെ ഭാഗമായുള്ള സ്വകാര്യ ഏജന്‍സിയില്‍ അംഗമായിരുന്നു ഉമര്‍. അവിടെ നിന്നാണ് അയാള്‍ തോക്കുകള്‍ സംഘടിപ്പിച്ചതും പരിശീലനം സിദ്ധിച്ചതും. ഈ ഉമറിനെ 2014ല്‍ രണ്ട് തവണയാണ് എഫ് ബി ഐ ചോദ്യം ചെയ്തത്. തീവ്രഗ്രൂപ്പുകളുമായുള്ള ബന്ധം സംശയിച്ചായിരുന്നു അത്. എന്നിട്ടും ഇയാളെ നിരീക്ഷിക്കാനോ ആയുധം കിട്ടുന്നത് തടയാനോ സാധിക്കാത്ത സുരക്ഷാ വ്യവസ്ഥയാണ് ഈ മല്ലരില്‍ മല്ലന്‍ രാഷ്ട്രത്തിലുള്ളത്.
അമേരിക്ക പോലുളള മുതലാളിത്ത രാഷ്ട്രങ്ങളില്‍ നിലനില്‍ക്കുന്ന കടുത്ത സാമ്പത്തിക, സാമൂഹിക അസമത്വവും ഉമര്‍ മതീന്‍മാരെ സൃഷ്ടിക്കുന്നുണ്ട്. ഓര്‍ലാന്‍ഡോയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ഫോര്‍ട്ട് പിയേഴ്‌സില്‍ നിന്നാണ് ഉമര്‍ മതീന്‍ വരുന്നത്. കുടിയേറ്റക്കാര്‍ തിങ്ങിത്താമസിക്കുന്ന ഈ പ്രദേശത്ത് രൂക്ഷമായ തൊഴിലില്ലായ്മ നിലനില്‍ക്കുകയാണ്. കടുത്ത ആപേക്ഷിക ദാരിദ്ര്യമാണ് അവര്‍ അനുഭവിക്കുന്നത്. ഉമര്‍ സ്വയം സാമ്പത്തിക പ്രതിസന്ധിയുടെ ഇരയല്ലെങ്കിലും തന്റെ സഹജീവികളുടെ പ്രശ്‌നങ്ങളും ഒറ്റപ്പെടലും അയാള്‍ കാണുന്നുണ്ട്. ഇത് തീവ്രവാദ പ്രസ്ഥാനങ്ങളാടുള്ള സമീപനം രൂപപ്പെടുത്തുന്നതില്‍ ഘടകമായിട്ടുണ്ടാകാം.
കൂട്ടക്കൊലക്ക് ശേഷം അമേരിക്കന്‍ നേതാക്കള്‍- ഒബാമ, ഹിലാരി, ട്രംപ്, സാന്‍ഡേഴ്‌സ്, ജോണ്‍ ബ്രണ്ണന്‍- നടത്തിയ പ്രതികരണങ്ങള്‍ നോക്കിയാല്‍ ഒരു കാര്യത്തില്‍ അവരെല്ലാം ഐക്യപ്പെടുന്നുവെന്ന് കാണാനാകും. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായി അവര്‍ കാണുന്നത് വിദേശരാജ്യങ്ങളിലെ സൈനിക നടപടികള്‍ ശക്തമാക്കുകയെന്നതാണ്. ഭീകരവിരുദ്ധ യുദ്ധമെന്ന പേരില്‍ നടക്കുന്ന അതിക്രമങ്ങളും ഡ്രോണ്‍ ആക്രമണങ്ങളും തുടരും. ഏത് രാജ്യത്തെ ഭരണകൂടത്തെയും അട്ടിമറിക്കും. ഏത് ജനനേതാവിനെയും കൊന്നു തള്ളും. ഒരു മാറ്റത്തിനും അമേരിക്ക തയ്യാറല്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here