പ്രതിക്ക് മതിയായ ശിക്ഷ ഉറപ്പാക്കണം

Posted on: June 19, 2016 12:29 pm | Last updated: June 19, 2016 at 12:29 pm
SHARE

കേരള പോലീസിന്റെ അഭിമാനകരമായ നേട്ടങ്ങളിലെണ്ണാകുന്നതാണ് ജിഷ വധക്കേസിലെ പ്രതിയെ ഒന്നര മാസത്തിനകം കണ്ടെത്താനായത്. രാഷ്ട്രീയ കേരളത്തില്‍ കോളിളക്കം സൃഷ്ടിക്കുകയും ഒട്ടേറ അഭ്യൂഹങ്ങളും സംശയങ്ങളും ഉയര്‍ത്തുകയും ചെയ്ത കേസ് തെളിയിക്കുന്നതില്‍ പോലീസ് കാണിച്ച മിടുക്കും വൈദഗ്ധ്യവും അഭിനന്ദിക്കപ്പെടേണ്ടതാണ്. കേസന്വേഷണവുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ പോലീസിന് വീഴ്ചകള്‍ സംഭവിക്കുകയും ഒട്ടേറെ പഴി കേള്‍ക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. തുടക്കത്തില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങിയതും പോസ്റ്റ്‌മോര്‍ട്ടത്തിന് ചട്ടങ്ങള്‍ പാലിക്കാതിരുന്നതും മൃതദേഹം പെട്ടെന്ന് ദഹിപ്പിച്ചതും മറ്റും കടുത്ത വിമര്‍ശത്തിനിടയാക്കിയിരുന്നു. ഭരണം മാറുകയും ദൗത്യം പുതിയ സംഘത്തിന്റെ ചുമതലയില്‍ അര്‍പ്പിതമാകുകയും ചെയ്തതോടെയാണ് അന്വേഷണം കാര്യക്ഷമമായതും ശരിയായ ദിശയില്‍ നീങ്ങിയതും.
കേസ് അന്വേഷണത്തില്‍ കാണിച്ച രഹസ്യ സ്വഭാവമാണ് പ്രതിയെ വലയിലാക്കാനും പിടികൂടാനും സഹായകമായ ഒരു ഘടകം. പ്രമാദമായ കേസുകളിലെ ഓരോ നീക്കങ്ങളും മാധ്യമങ്ങളെ അറിയിക്കുകയും ഒരു പെറ്റികേസിലെ പ്രതിയെ പിടികൂടിയാല്‍ പോലും മന്ത്രിയോ പോലീസ് ഉദ്യോഗസ്ഥരോ പത്രസമ്മേളനം നടത്തി ആഘോഷിക്കുകയും ചെയ്യുന്ന പതിവ് ശൈലിയില്‍ നിന്ന് ഭിന്നമായി പോലീസിന്റെ അവസാനഘട്ട നീക്കങ്ങളുടെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കാന്‍ പോലീസ് ശ്രദ്ധിച്ചിരന്നു. പിടികൂടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പേ പ്രതിയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും അക്കാര്യം മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു പോകാതിരിക്കാന്‍ ആഭ്യന്തര വകുപ്പും പോലീസുദ്യോഗസ്ഥരും കാണിച്ച ജാഗ്രത ശ്രദ്ധേയമാണ്. പ്രതി പിടിയിലായിട്ടു പോലും പത്രസമ്മേളനം വേണ്ടെന്നു വെച്ച് ഒരു പത്രക്കുറിപ്പില്‍ വിവരങ്ങള്‍ ഒതുക്കുകയാണുണ്ടത്. മാധ്യമങ്ങള്‍ക്ക് ഇത് അത്ര ദഹിക്കില്ലെങ്കിലും പ്രതി വലയില്‍ നിന്ന് ചാടിപ്പോകാതിരിക്കാനും തെളിവുകളുടെ വിശ്യാസ്യത ഉറപ്പ് വരുത്തുന്നതിനും അന്വേഷണത്തിന്റെ സുഗമമായ പുരോഗതിക്കും ചിലപ്പോള്‍ ഇരുമ്പ് മറകള്‍ ആവശ്യമായി വരും.
അതേസമയംഡി ജി പി ലോക്‌നാഥ് ബെഹ്‌റ അഭിപ്രായപ്പെട്ടത് പോലെ പ്രതിയുടെ അറസ്റ്റോടെ തീരുന്നില്ല പോലീസിന്റെ ദൗത്യം. പിടിക്കപ്പെട്ട അസാം സ്വദേശി ആമിറുല്‍ ഇസ്‌ലാം തന്നെയാണ് യഥാര്‍ഥ പ്രതിയെന്ന് കോടതിയെ ബോധ്യപ്പെടുത്തി മതിയായ ശിക്ഷ ഉറപ്പ് വരുത്തുന്നതോടെ മാത്രമേ പോലീസിന്റെ ദൗത്യം അവസാനിക്കുന്നുള്ളു. പ്രതി ആമിറുല്‍ ഇസ്‌ലാം കുറ്റംസമ്മതിച്ചുവെന്നാണ് പോലീസ് പറയുന്നത്. പ്രതിയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും പോലീസ് പറയുന്നു. പോലീസിനോട് ആദ്യം പറഞ്ഞ പല കാര്യങ്ങളും അയാള്‍ മാറ്റിപ്പറഞ്ഞിട്ടുണ്ട്. കൊല നടത്തിയത് താനല്ലെന്നാണ് കസ്റ്റഡിയിലെടുത്ത ഉടനെ പറഞ്ഞത്. രണ്ടാമത്തെ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. കോടതി മുമ്പാകെ വീണ്ടും മാറ്റിപ്പറഞ്ഞെന്നിരിക്കാം. ഈ സാഹചര്യത്തില്‍ കോടതിയില്‍ കേസ് തെളിയിക്കുക അതീവ ശ്രമകരമായിരിക്കും. ശാസ്ത്രീയമായി തെളിവുകള്‍ ന്യായപീഠത്തെ ബോധ്യപ്പെടുത്തുന്നതിലാണ് മിടുക്ക് കൂടുതല്‍ പ്രകടമാകേണ്ടത്. പോലീസ് അന്വേഷിച്ചു കോടതികള്‍ക്ക് കൈമാറുന്ന കേസുകളിലെ പ്രതികളില്‍ ചെറിയൊരു ശതമാനം മാത്രമേ ശിക്ഷിക്കപ്പെടുന്നുള്ളു. ബഹുഭൂരിഭാഗം കേസുകളും തള്ളിപ്പോവുകയാണ് പതിവ്. തെളിവുകള്‍ ശാസ്ത്രീയമായി തെളിയിക്കുന്നതില്‍ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും സംഭവിക്കുന്ന വീഴ്ചയാണിതിന് കാരണം.പ്രതിയെ പിടികൂടിയെങ്കിലും കേസുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തെ അലട്ടുന്ന ഒട്ടേറെ സന്ദേഹങ്ങള്‍ക്ക് ഇനിയും ഉത്തരം കിട്ടേണ്ടതുണ്ട്. ഉള്ളില്‍ നിന്ന് അടച്ചിരുന്ന ജിഷയുടെ വീട്ടിലേക്ക് പിന്‍വാതില്‍ വഴി കുറുപ്പുംപടി എസ് ഐ കടന്നു നോക്കിയപ്പോഴാണ് ജിഷ വധിക്കപ്പെട്ട വിവരം അറിയുന്നത്. എസ് ഐ നല്‍കിയ വിവരമനുസരിച്ചു പിന്നീട് പെരുമ്പാവൂര്‍ ഡി എസ് പി യും സ്ഥലത്തെത്തിയിരുന്നു. ജിഷ അതിക്രൂരമായാണ് കൊലചെയ്യപ്പെട്ടതെന്നറിഞ്ഞിട്ടും അത്ര ഗൗരവതരമല്ലാത്ത മട്ടില്‍ തലക്കടിയേറ്റാണ് മരിച്ചതെന്നായിരുന്നു പോലീസിന്റെ അന്നത്തെ ഭാഷ്യം. മാത്രമല്ല; പിറ്റേദിവസം ഉച്ചക്ക് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം അന്ന് രാത്രി തന്നെ നഗരസഭയുടെ പൊതുശ്മശാനത്തില്‍ ദഹിപ്പിക്കുകയും ചെയ്തു. കൂടുതല്‍ തെളിവ് ശേഖരം ആവശ്യമായ ഒരു കേസില്‍ അതിനുള്ള സാധ്യതകള്‍ അടച്ചു കൊണ്ട് ധൃതിപിടിച്ചു മൃതദേഹം ദഹിപ്പിച്ചത് എന്തിന് വേണ്ടിയായിരുന്നു? ഇതുപോലെ ഉത്തരം തേടുന്ന സന്ദേഹങ്ങള്‍ ഒട്ടേറെയുണ്ട്.
വേണ്ടത്ര ശുഷ്‌കാന്തിയും കാര്യക്ഷമതയുംപ്രകടിപ്പിച്ചാല്‍ മിക്ക കേസുകള്‍ക്കും തുമ്പുണ്ടാക്കാനാവുമെന്ന് ജിഷ വധക്കേസ് ബോധ്യപ്പെടുത്തുന്നു. കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും മികച്ച റെക്കാര്‍ഡുണ്ടായിരുന്നു നേരത്തെ കേരളാ പോലീസിന്. ഭരിക്കുന്ന കക്ഷികള്‍ പോലീസിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് ഈ സല്‍പ്പേര് നഷ്ടമായത്. കുറ്റകൃത്യങ്ങളില്‍ പിടിയിലാകുന്നവര്‍ ഭരണ കക്ഷിക്കാരോ ബന്ധപ്പെട്ടവരോ ആണെങ്കില്‍ കേസന്വേഷണം മന്ദീഭവിപ്പിക്കുകയും തെളിവുകള്‍ നശിപ്പിക്കുയും ചെയ്യുന്ന പ്രവണത കടന്നു വന്നതോടെയാണ് തെളിയിക്കപ്പെടാത്ത കേസുകളുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങിയത്. പോലീസീനെ കക്ഷിരാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്ന പ്രവണത അവസാനിപ്പിക്കുകയും സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകും ചെയ്യേണ്ടതാണ്.