Connect with us

Kerala

കൊച്ചിയില്‍ ജലമെട്രോ; ധാരണാപത്രം ഒപ്പുവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി:കൊച്ചി മെട്രോ റെയില്‍, ജര്‍മന്‍ ഫണ്ടിംഗ് ഏജന്‍സിയായ കെ എഫ് ഡബ്ല്യു എന്നിവയുമായി സഹകരിച്ച് കൊച്ചിയില്‍ നടപ്പാക്കുന്ന ജല മെട്രോക്കുള്ള ധാരണാപത്രം ഒപ്പുവെച്ചു. ഡല്‍ഹി കേരളാ ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ സംസ്ഥാന ഗതാഗത വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഏലിയാസ് ജോര്‍ജും കെ എഫ് ഡബ്ല്യു ഡയറക്ടര്‍ പീറ്റര്‍ ഹിലിജസും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
കൊച്ചി മെട്രോ റെയില്‍ കമ്പനി നടപ്പാക്കുന്ന ജലഗതാഗത സംരംഭം കൊച്ചി നഗരത്തിലെ ജല മെട്രോ പദ്ധതിയായി മാറുമെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജര്‍മന്‍ സാമ്പത്തിക പങ്കാളിയായ കെ എഫ് ഡബ്ല്യുവിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി ജലഗതാഗത രംഗത്ത് സുപ്രധാനവും നിര്‍ണായകവുമായ മാറ്റങ്ങള്‍ കൊണ്ടുവരും. പുതിയ ജലഗതാഗത പാത കൊച്ചി മെട്രോ വാഗ്ദാനം ചെയ്യുന്ന എല്ലാ സുരക്ഷയും സുഖസൗകര്യങ്ങളും നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി മെട്രോ റെയില്‍ കമ്പനി നടപ്പാക്കുന്ന പദ്ധതി ജലഗതാഗത രംഗത്ത് രാജ്യത്തെ ആദ്യത്തെ മെട്രോ സംരംഭമാണ്. കൊച്ചി മെട്രോ, ജല മെട്രോ തുടങ്ങിയ പദ്ധതികളിലൂടെ കൊച്ചി നഗരത്തെ പൊതുഗതാഗത മേഖലയില്‍ രാജ്യത്ത് ഒന്നാമതാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. പുതിയ സംരംഭം കേരളവും ജര്‍മനിയും തമ്മിലുള്ള ബന്ധത്തില്‍ നാഴികക്കല്ലാകുമെന്ന് കെ എഫ് ഡബ്ല്യു ഡയറക്ടര്‍ പീറ്റര്‍ ഹിലിജസ് പറഞ്ഞു. സാമ്പത്തിക സഹകരണത്തിലൂടെയാണെങ്കിലും യഥാര്‍ഥത്തില്‍ ജര്‍മനിയെയും കേരളത്തെയുമാണ് ജലഗതാഗത പാത ബന്ധിപ്പിക്കുന്നത്. ഇത്തരം ജല മെട്രോ ആഗോളതലത്തില്‍ തന്നെ ആദ്യത്തേതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.