Connect with us

National

ദേശീയ പാത ഭൂമിയേറ്റെടുക്കല്‍; നിബന്ധനയില്‍ ഇളവ്

Published

|

Last Updated

ന്യൂഡല്‍ഹി:സംസ്ഥാനത്തെ ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് കേന്ദ്രം ഇളവ് അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാത വികസന നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സമയം അനുവദിച്ചിട്ടുണ്ട്. അറുപത് ശതമാനം ഭൂമി ഏറ്റെടുത്താല്‍ നിര്‍മാണം ആരംഭിക്കുന്നതിന് ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കാമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ ഉറപ്പ്. ഒപ്പം നിര്‍മാണത്തിന് പണം തടസ്സമാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഡല്‍ഹിയില്‍ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗാഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ് നല്‍കിയതെന്നും സമയബന്ധിതമായി ഇത് നടപ്പാക്കുമെന്ന് കേന്ദ്രത്തെ അറിയിച്ചതായും മീറ്റ് ദ പ്രസ് പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രി ജെ പി നദ്ദ, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.
നാല് പാക്കേജുകളിലായാണ് ദേശീയപാത 17, 47 എന്നിവ വികസിപ്പിക്കുന്നത്. ആദ്യത്തെ പാക്കേജിന്റെ ഡി പി ആര്‍ (വിശദ പദ്ധതി രേഖ) കണ്‍സള്‍ട്ടന്റിനെ ഇതിനകം നിയമിച്ചിട്ടുണ്ട്. ശേഷിക്കുന്ന പാക്കേജുകള്‍ക്കും പത്ത് ദിവസത്തിനകം കണ്‍സള്‍ട്ടന്റിനെ തീരുമാനിക്കുമെന്നും കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കി. ദേശീയപാതയില്‍ കോണ്‍ക്രീറ്റ് റോഡുകള്‍ക്ക് മുകളിലുള്ള ബിറ്റുമെന്‍ ആവരണത്തില്‍ റബ്ബര്‍ ചേര്‍ക്കുന്നതിനെക്കുറിച്ചും സ്പീഡ് ബ്രേക്കറുകള്‍ക്ക് റബ്ബറൈസേഷന്‍ സാധ്യമാക്കുന്നതിനെ കുറിച്ചും സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പഠനം നടത്തും. സംസ്ഥാന സര്‍ക്കാര്‍ സി ആര്‍ ആര്‍ ഐ യുമായി സഹകരിച്ച് ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കും.
കണ്ണൂര്‍, കൊയിലാണ്ടി, പയ്യന്നൂര്‍. ബൈപ്പാസുകളുടെ പുനഃക്രമീകരണ പ്രക്രിയ ഉടനെ പൂര്‍ത്തിയാക്കുമെന്നും ഉറപ്പ് നല്‍കിയ കേന്ദ്രമന്ത്രി, കേരളത്തിന്റെ വ്യവസായിക സാമ്പത്തിക വികസനത്തിന് സഹായകമായ പദ്ധതിയെന്ന നിലയില്‍ വാതക പൈപ്പ് ലൈന്‍ നടപ്പിലാക്കുമെന്ന സംസ്ഥാനത്തിന്റെ തീരുമാനവും അംഗീകരിച്ചു.
ഇടുക്കി മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം പ്രവേശനാനുമതി നിഷേധിക്കപ്പെട്ടത് പുനഃപരിശോധിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചയില്‍ ഉറപ്പ് ലഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവേശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ കോളജുകളുടെയും കാര്യം പരിശോധിക്കാന്‍ ഓവര്‍സൈറ്റ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എയിംസ് സ്ഥാപിക്കുന്നതിന് നിര്‍ദേശിച്ച നാല് സ്ഥലങ്ങള്‍ പരിശോധിക്കുന്നതിനായി കേന്ദ്ര വിദഗ്ധ സംഘത്തെ അയക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളജുകളെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളായി ഉയര്‍ത്തുന്ന പദ്ധതിയില്‍ ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജുകളെ ഉള്‍പ്പെടുത്തി 150 കോടി രൂപ വീതം അനുവദിച്ചു.
ഗള്‍ഫ് മലയാളികള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളാണ് കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജുമായുളള ചര്‍ച്ചയില്‍ ഉന്നയിച്ചത്.

Latest