Connect with us

Kannur

ജാമ്യം ലഭിച്ച ദലിത് യുവതികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു

Published

|

Last Updated

തലശേരി: സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ കയറി പ്രവര്‍ത്തകനെ ആക്രമിച്ചുവെന്ന കേസില്‍ റിമാന്‍ഡിലായ ശേഷം കോടതി ജാമ്യം അനുവദിച്ച ദളിത് സഹോദരിമാരിലൊരാള്‍ ആത്മഹത്യയ് ശ്രമിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി നടമ്മല്‍ രാജന്റെ മകളായ അഞ്ജു (25)വാണ് അമിതമായി ഗുളിക കഴിച്ചതിനെ തുടര്‍ന്ന് അവശനിലയില്‍ തലശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. അഞ്ജു അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇന്നലെയാണ് അഖില (30)യ്ക്കും അഞ്ജുവിനും കോടതി ജാമ്യം അനുവദിച്ചത്. ഡി.വൈ.എഫ്.ഐ തിരുവങ്ങാട് ഈസ്റ്റ് വില്ലേജ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി കൂടിയായ ഷിജിലിനെ കുട്ടിമാക്കൂല്‍ സി.പി.എം ബ്രാഞ്ച് ഓഫീസില്‍ കയറി ആക്രമിച്ചെന്നായിരുന്നു ഇവര്‍ക്കെതിരായ പരാതി. റിമാന്‍ഡ് ചെയ്തപ്പോള്‍ അഖില ഒന്നര വയസുള്ള മകളെയും ഒപ്പം കൂട്ടുകയായിരുന്നു.

വനിതാ ഡി.വൈ.എഫ്.ഐ നേതാവ് തങ്ങളുടെ കുടുംബത്തെ കുറിച്ച് അപവാദ പ്രചരണം നടത്തിയതില്‍ മനംനൊന്താണ്അഞ്ജുആത്മഹത്യയക്ക് ശ്രമിച്ചതെന്ന് അഖില പറഞ്ഞു. തങ്ങള്‍ക്ക് ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്ന് വരെ പറഞ്ഞു പരത്തിയതായും അഖില ആരോപിച്ചു.

അതേ സമയം ദലിത് പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചതില്‍ പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ പൊലീസിനോട് ചോദിച്ചാല്‍ വിവരം ലഭിക്കുമെന്ന് പിണറായി പറഞ്ഞു.