ഇന്ത്യന്‍ യുദ്ധ വിമാനങ്ങള്‍ പറത്താന്‍ ഇനി പെണ്‍പടയും

Posted on: June 18, 2016 11:48 am | Last updated: June 18, 2016 at 1:50 pm

women-pilots_650x400_81457462421ന്യൂഡല്‍ഹി: ചരിത്രം കുറിച്ച് വ്യോമസേനയില്‍ യുദ്ധവിമാനത്തിന്റെ നിയന്ത്രണം വനിതാ പൈലറ്റുമാരുടെ കൈകളിലും എത്തി. ഹൈദരാബാദിലെ ഹക്കെംപെട്ടിലുള്ള എയര്‍ഫോഴ്‌സ് അക്കാദമിയില്‍ രാവിലെ നടന്ന വ്യോമസേനയുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡില്‍ ഭാവന, ആവണി, മോഹന എന്നിവര്‍ ഫ്‌ളൈയിംഗ് ഓഫീസര്‍മാരായി കമ്മീഷന്‍ ചെയ്യപ്പെട്ടു. യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാപൈലറ്റുമാരായി ഔദ്യോഗികമായി ചുമതലയേറ്റശേഷം വനിതാത്രയങ്ങള്‍ യുദ്ധവിമാനം പറത്തുന്നത് രാജ്യത്തെ സ്ത്രീസമൂഹത്തിനുള്ള അംഗീകാരമായി.

വ്യോമസേനയുടെ യുദ്ധവിമാന വിഭാഗത്തിലെ ആദ്യ വനിതാബാച്ചില്‍പ്പെട്ട ഫ്‌ളൈറ്റ് കേഡറ്റുകളാണിവര്‍. പുരുഷ കേഡറ്റുകള്‍ക്കൊപ്പം 150 മണിക്കൂര്‍ വിമാനം പറത്തിയ പരിചയവുമായാണ് മൂവരും സുവര്‍ണനേട്ടത്തിലെത്തിയത്. ഫ്‌ളൈയിംഗ് ഓഫീസര്‍മാരായി കമ്മീഷന്‍ ചെയ്യപ്പെട്ട മൂവരും തുടര്‍പരിശീലനത്തിന്റെ ഭാഗമായി മൂവരും അഡ്വാന്‍സ്ഡ് ജെറ്റ് യുദ്ധവിമാനമായ ബ്രിട്ടീഷ് നിര്‍മിത ഹോക്ക് വിമാനമായിരിക്കും പറത്തുക. ഹോക്ക് വിമാനം 145 മണിക്കൂര്‍ പറത്തി പരിചയം നേടിയതിനുശേഷം മൂവരും സൂപ്പര്‍സോണിക് യുദ്ധവിമാനം പറത്തും.

ആറുമാസമായി മൂവരും ഹക്കെംപെട്ടിലെ എയര്‍ഫോഴ്‌സ് അക്കാദമിയില്‍ തീവ്രപരിശീലനത്തിലായിരുന്നു. 1991 മുതല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ വനിതാപൈലറ്റുമാര്‍ ഹെലികോപ്റ്ററുകളും ചരക്കുവിമാനങ്ങളും പറത്തുന്നുണ്ടെങ്കിലും ഇതാദ്യമായാണ് യുദ്ധവിമാനം പറത്താന്‍ വനിതകളെത്തുന്നത്. ആക്രമണനിരയിലെ ഹെലികോപ്റ്ററുകള്‍ പറത്തുന്നതില്‍ പരിശീലനം പൂര്‍ത്തിയാക്കുന്ന ആദ്യ വനിതാ പൈലറ്റുമാര്‍ ഫ്‌ളൈറ്റ് ലഫ്റ്റനന്റ് അല്‍ക്ക ശുക്ലയും എംപി ഷുമാത്തിയുമാണ്. 2012ലാണ് ഇരുവരും പരിശീലനം പൂര്‍ത്തിയാക്കിയത്.