ദളിത് പെണ്‍കുട്ടികളുടെ അറസ്റ്റ്: സംസ്ഥാന പട്ടികജാതി കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Posted on: June 18, 2016 2:12 pm | Last updated: June 19, 2016 at 3:39 pm
SHARE

image

തലശേരി: കുട്ടിമാക്കൂലിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ദളിത് യുവതികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തില്‍ സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അടുത്ത ദിവസം തന്നെ കമീഷന്‍ തലശേരിയിലെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തും.

സംഭവത്തില്‍ ദേശീയ പട്ടിക ജാതി കമ്മീഷനും ഇടപെട്ടിട്ടുണ്ട്. പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത സംഭവം അന്വേഷിക്കുമെന്ന് ദേശീയ പട്ടിക ജാതി കമ്മീഷന്‍ ചെയര്‍മാന്‍ പി.എല്‍. പുനിയ പറഞ്ഞു. ദളിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവം ഞെട്ടിച്ചു. എത്ര ഉന്നത ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെങ്കിലും നടപടി സ്വീകരിക്കുമെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ വ്യക്തമാക്കി.

അതേസമയം സംഭവത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ റിപ്പോര്‍ട്ട് തേടി. ഉത്തരമേഖല എഡിജിപിയോടാണ് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്.

ഐഎന്‍ടിയുസി നേതാവും കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ കുട്ടിമാക്കൂലിലെ നടമ്മല്‍ രാജന്റെ മക്കളായ അഖില (30), അഞ്ജു (25) എന്നിവരെയാണ് വെള്ളിയാഴ്ച തലശേരി പോലീസ് അറസ്റ്റ് ചെയ്തത് ജയിലിലടച്ചത്. അഖില കൈക്കുഞ്ഞുമായാണ് ജയിലിലേക്കു പോയിട്ടുള്ളത്. സിപിഎം ബ്രാഞ്ച് ഓഫീസില്‍ കയറി പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ പ്രതികളെന്ന് ആരോപിച്ചാണ് പോലീസ് ഇരുവര്‍ക്കും എതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.
ദളിത് യുവതികളെ ജയിലിലടച്ചതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനും രംഗത്തെത്തി. ദളിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവം കാട്ടുനീതിയാണെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. പെണ്‍കുട്ടികളെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പോലീസിന്റെ നടപടി തരംതാണതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനും ആരോപിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പടെ പ്രതികളായ സിപിഎം ഗുണ്ടകളെ പെണ്‍കുട്ടികള്‍ പാര്‍ട്ടി ഓഫീസിനുള്ളില്‍ കയറി മര്‍ദ്ദിച്ചുവെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്ന് സുധാകരന്‍ ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here