മഴവെള്ള സംഭരണികള്‍ പ്രഹസനമാകുന്നു

Posted on: June 18, 2016 11:11 am | Last updated: June 18, 2016 at 11:11 am

ആലത്തൂര്‍:ജലസംരക്ഷണത്തിന്റെഭാഗമായി വീടുകളുടെയും സ്ഥാപനങ്ങളുടെയും മേല്‍തട്ടില്‍ വീഴുന്ന വെള്ളം സംഭരിക്കാന്‍ വേണ്ടി നിര്‍മിച്ച മഴവെള്ള സംഭരണികള്‍ പലയിടത്തും ഫലപ്രാപ്തിയിലെത്തിയില്ല.
മഴക്കൊയ്ത്തിന്റെഭാഗമായി നിര്‍മിച്ച മഴക്കുഴികളോടൊപ്പം പഞ്ചായത്തുകളുടെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച സംഭരണികള്‍ കുറ്റമറ്റതാക്കി മഴവെള്ളം സംഭരിക്കാനുള്ള നീക്കങ്ങളും ചിലയിടത്ത് ആരംഭിച്ചിട്ടുണ്ട്.
അങ്കണവാടികള്‍, സ്‌കൂളുകള്‍, പൊതുസ്ഥലങ്ങള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് 15 വര്‍ഷത്തിനു മുന്‍പു കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ സന്നദ്ധ ഏജന്‍സിയുടെ നേതൃത്വത്തില്‍ മഴവെള്ള സംഭരണികള്‍ സ്ഥാപിച്ചത്. മേല്‍ക്കൂരയില്‍ വീഴുന്ന വെള്ളം പാത്തികള്‍ മുഖേന ഒഴുക്കികൊണ്ട് വന്ന് ശുദ്ധീകരണ സംവിധാനങ്ങളിലൂടെ ശുചീകരിച്ച് സംഭരണികളില്‍ എത്തിച്ച് ടാപ്പുകള്‍ വഴി വിതരണം ചെയ്യുന്നതാണു പദ്ധതി. ആലത്തൂര്‍, തരൂര്‍, കാവശ്ശേരി മേഖലകളില്‍ 50 ഓളം സം’രണികള്‍ സ്ഥാപിച്ചു. ജലക്ഷാമം രൂക്ഷമായ പട്ടികജാതി കോളനികളില്‍ സംഭരണികള്‍ നിര്‍മിച്ചു നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ പകുതിയിലധികം ഇപ്പോള്‍ പ്രവര്‍ത്തന ക്ഷമമല്ല.
വെള്ളം ഒഴുക്കുന്ന പാത്തികളും ശുദ്ധീകരണ സംവിധാനങ്ങളും താറുമാറായിരിക്കുകയാണ്. ആലത്തൂര്‍ പഞ്ചായത്ത് ഓഫിസ് അങ്കണത്തിലുള്ള മഴവെള്ള സംഭരണിയിലെത്തുന്ന വെള്ളം അഗ്‌നിശമനസേന കുളിക്കുന്നതിനും മറ്റും ഉപയോഗിക്കുന്നുണ്ട്.
പക്ഷെ ഇവിടെ പാത്തികള്‍ക്കും ശുദ്ധീകരണ സംവിധാനങ്ങളും കേടുവന്നിട്ടുണ്ട്.