ജനങ്ങളെ വിശ്വാസത്തിലെടുത്ത് പദ്ധതി നടപ്പിലാക്കുമെന്ന് നഗരസഭ; മൈലാടിയില്‍ മാലിന്യം തള്ളില്ല

Posted on: June 18, 2016 8:17 am | Last updated: June 18, 2016 at 9:18 am

കോട്ടക്കല്‍: നഗരത്തിലെ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് നഗരസഭ ജനങ്ങളിലേക്കിറങ്ങുന്നു. മൈലാടിയിലെ മാലിന്യ പ്ലാന്റ് യാഥാര്‍ഥ്യമാക്കുന്നതിന് ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള നിലപാടുകളാണ് ഉണ്ടാവുക എന്ന് ചെയര്‍മാന്‍ കെ കെ നാസറും, സെക്രട്ടറി കെ പി മനോജും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി നഗരസഭയില്‍ മാലിന്യ സംസ്‌കരണ നയം രൂപവത്കരിക്കും. എല്ലാ പ്രശ്‌നങ്ങളും പഠന വിധേയമാക്കിയായിരിക്കും നടപ്പിലാക്കുക. മൈലാടിയിലെ പ്ലാന്റില്‍ മാലിന്യം സംസ്‌കരിക്കുന്നതിന് സമര സമിതിയുടെ എതിര്‍പ്പ് കാരണം കഴിയാത്ത അവസ്ഥയാണുള്ളത്. പ്ലാന്റില്‍ മാലിന്യം നിക്ഷേപിക്കുന്ന അവസ്ഥ ഇനി ഉണ്ടാവില്ല. ആത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങളാണ് ഒരുക്കുക.
ഇതിനായി നാട്ടുകാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും ചെയര്‍മാന്‍ പറഞ്ഞു. കൂട്ടായ ചര്‍ച്ചയിലൂടെ കാര്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തും. ഇക്കാര്യത്തില്‍ സമര സമിതി പറയുന്നത് മുഖവിലക്കെടുക്കും. പ്ലാന്റിന്റെ നടത്തിപ്പ് സമര സമിതിയെ ഏല്‍പ്പിക്കാനും നഗരസഭ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മാലിന്യം കൂട്ടിയിട്ടതും സംസ്‌കരിക്കാതിരുന്നതുമാണ് പ്രശ്‌നത്തിന് ഇടയാക്കിയത്. പ്ലാന്റില്‍ ഇന്‍സിനേറ്റര്‍ സ്ഥാപിക്കുന്നതോടെ ഇത് പരിഹരിക്കാനാവും. ഇതിനായി കേരളത്തിലെ മറ്റിടങ്ങളില്‍ നടപ്പിലാക്കി വിജയിച്ച മാതൃകള്‍ സ്വീകരിക്കും. നിലവില്‍ ധനകാര്യ മന്ത്രിയുടെ നാട്ടില്‍ നടപ്പിലുള്ള പദ്ധതി വേണമെങ്കില്‍ അനുകരിക്കും.
പ്ലാന്റ് നിരീക്ഷിക്കുന്നതിനായി നാട്ടുകാര്‍ തന്നെ ഉള്‍പ്പെട്ട സമിതിയെ ചുമതല ഏല്‍പ്പിക്കുന്നതും ആലോചിക്കും. പ്ലാന്റിന്റെ നടത്തിപ്പും, നിരീക്ഷണവും നാട്ടുകാര്‍ക്ക് തന്നെ നല്‍കുന്നതിനൊപ്പം പ്ലാന്റില്‍ നാട്ടുകാര്‍ക്ക് തന്നെ ജോലിയും നല്‍കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ഇതിലൂടെ പ്ലാന്റ് നാട്ടുകാര്‍ക്ക് ഭീഷണിയല്ലെന്ന് ബോധ്യമാകും. പ്രദേശത്തെ വീടുകള്‍ക്ക് നഗരസഭ നമ്പര്‍ നല്‍കുന്ന പരിപാടികളും ഉടനെ ആരംഭിക്കും. ഉറവിട മാലിന്യ സംസ്‌കരണം നടപ്പിലാക്കുന്നതിന് സാങ്കേതിക തടസം നിലനില്‍ക്കുന്നുണ്ട്. വീടുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഇത് മുഖേന സംസ്‌കരിക്കാനായാലും ടൗണിലെ സ്വാഭാവിക മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ഇത് തടസമായിരിക്കും. അതെ സമയം മൈലാടിയില്‍ മാലിന്യ പ്ലാന്റ് നിലനിര്‍ത്തുന്നതിന് തടസങ്ങളിലെന്ന് സെക്രട്ടറി പറഞ്ഞു.
നഗരത്തിലെ ഏറ്റവും കുറച്ച് ജനങ്ങള്‍ താമസിക്കുന്നതും ഉയര്‍ന്നു നില്‍കുന്നതുമാണ് പ്രദേശം. പ്ലാന്റ് പ്രശ്‌നത്തില്‍ യാതൊരു ആശങ്കയും വേണ്ടതിലെന്നും ഇവര്‍ അറിയിച്ചു.