കുടുംബശ്രീ മുപ്പതിനായിരം പേര്‍ക്ക് ഭവന വായ്പ നല്‍കുന്നു

Posted on: June 18, 2016 6:00 am | Last updated: June 17, 2016 at 11:42 pm

kudumbasree Logo HD Jinu Oreetha Ayoorതിരുവനന്തപുരം: സംസ്ഥാനത്തെ നഗരപ്രദേശത്തെ ഭവനരഹിതരായ പ്രതിവര്‍ഷം ആറ് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായി രണ്ട് വര്‍ഷത്തിനകം 30000 പേര്‍ക്ക് ഭവനവായ്പ ലഭ്യമാക്കുന്നു. പദ്ധതിയില്‍ വിവിധ ബേങ്കുകള്‍ക്കുള്ള ലക്ഷ്യം നിശ്ചയിച്ചതായി കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ ഷാജഹാന്‍ അറിയിച്ചു.
2022ഓടെ നഗരപ്രദേശത്തെ എല്ലാവര്‍ക്കും പാര്‍പ്പിടങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന കേന്ദ്രപദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. ഈ പദ്ധതിയില്‍ ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡിയിലൂടെ സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന രീതിയിലുള്ള ഭവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യം നടപ്പാക്കാനുള്ള ചുമതല കുടുംബശ്രീക്കാണ്. സംസ്ഥാന നോഡല്‍ ഏജന്‍സിയായ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പതിനൊന്ന് നഗരസഭ(കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൊടുപുഴ, കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, കല്‍പ്പറ്റ)കളിലെ അര്‍ഹരായ 26255 ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. മറ്റു നഗരസഭകളിലും ഈ പദ്ധതി വ്യാപിപ്പിക്കും.
പദ്ധതി പ്രകാരം പുതുതായി വീട് നിര്‍മിക്കുന്നതിനും വാങ്ങുന്നതിനും വാസയോഗ്യമല്ലാത്ത വീടുകളുടെ പുനരുദ്ധാരണത്തിനും ബേങ്ക്‌വായ്പ ലഭിക്കും. മൂന്ന് ലക്ഷത്തില്‍ കുറഞ്ഞ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 30 ചതുരശ്രമീറ്റര്‍ കെട്ടിട നിര്‍മാണത്തിനും ആറു ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 60 ചതുരശ്രമീറ്റര്‍ കെട്ടിട നിര്‍മാണത്തിനുമായി ബേങ്കില്‍ നിന്നും വായ്പ ലഭിക്കും. പദ്ധതി ഗുണഭോക്താക്കളുടെ ആറ് ലക്ഷം രൂപവരെയുള്ള ബേങ്ക് വായ്പക്ക് ആറര ശതമാനം പലിശ സബ്‌സിഡി നല്‍കും. ഇതിനു മുകളില്‍ വരുന്ന തുകക്ക് ബേങ്കുകള്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള സാധാരണ പലിശ നല്‍കണം. പലിശ ഇളവു ലഭിക്കുന്നതുവഴി വായ്പയെടുക്കുന്ന ഗുണഭോക്താവിന് പരമാവധി 2.2 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും. വരുമാന നികുതി നല്‍കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വായ്പയെടുത്താല്‍ അവര്‍ക്കും പലിശ സബ്‌സിഡിയുടെ ആനുകൂല്യം ലഭിക്കും.
ഇതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി തിരുവനന്തപുരത്ത് നടന്ന നഗരസഭകളുടെയും ബേങ്കുകളുടെയും പ്രതിനിധികളുടെ യോഗത്തില്‍ കേന്ദ്ര നഗരകാര്യ ജോയിന്റ് സെക്രട്ടറി രാജീവ്‌രഞ്ജന്‍ മിശ്ര, നാഷണല്‍ ഹൗസിംഗ് ബേങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സഞ്ജീവ് മിശ്ര, മാനേജര്‍മാരായ ഹേംകുമാര്‍ ഗോപാലകൃഷ്ണന്‍, കാര്‍ത്തികേയന്‍ ആര്‍ എന്‍, ഹഡ്‌കോ തിരുവനന്തപുരം റീജിയണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബീനാ ഫിലിപ്പോസ്, കാനറാ ബേങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ടി വി ദുരൈ പാണ്‌ഡെ തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി മാസം തോറും സംസ്ഥാനതല ബേങ്കേഴ്‌സ് കമ്മിറ്റിയില്‍ അവലോകനം ചെയ്യാനും തീരുമാനിച്ചു.
ഹഡ്‌കോ, നാഷണല്‍ ഹൗസിംഗ് ബേ് എന്നിവയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്കായി നിയോഗിച്ചിട്ടുള്ള കേന്ദ്ര നോഡല്‍ ഏജന്‍സികള്‍. ഇവയുമായി ധാരണാപത്രം ഒപ്പു വച്ചിട്ടുള്ള ബേങ്കുകളാണ് വായ്പ അനുവദിക്കുന്നത്. വായ്പക്കായി അപേക്ഷിക്കുന്ന ബേങ്കുകളുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാകും വായ്പാതുക അനുവദിക്കുക. 15 വര്‍ഷമാണ് വായ്പാ കാലാവധി. പദ്ധതിക്കായി നിലവില്‍ തയ്യാറാക്കിയിട്ടുള്ള ഗുണഭോക്തൃപട്ടികയില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്തുന്നതിന് ബേങ്കുകളെ സമീപിക്കാം. വായ്പ ലഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ദരിദ്രരായ ഗുണഭോക്താക്കളെ സഹായിക്കുന്നതിനായി നഗരസഭകളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഫെസിലിറ്റേറ്റര്‍മാരെ നിയോഗിച്ചിട്ടുണ്ട്.
വായ്പക്കായി അപേക്ഷകന്‍ ബേങ്കുകളില്‍ നേരിട്ട് അപേക്ഷ നല്‍കിയാലും നഗരസഭ നല്‍കുന്ന നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വായ്പ അനുവദിക്കുകയുള്ളൂ. 2003നു ശേഷം കുടുംബശ്രീ നോഡല്‍ ഏജന്‍സിയായി നടപ്പാക്കിയ വിവിധ നഗരഭവനനിര്‍മാണ പദ്ധതികളിലൂടെ ഇതിനകം 50912 വീടുകള്‍ നിര്‍മിക്കുന്നതിനും 11584 വീടുകള്‍ പുനരുദ്ധരിക്കുന്നതിനും കഴിഞ്ഞതായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.