ശിവസേനയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിന് ബി ജെ പി ഇല്ല

Posted on: June 18, 2016 6:00 am | Last updated: June 17, 2016 at 11:35 pm

മുംബൈ: ശിവസേനയുടെ നാളെ നടക്കുന്ന സുവര്‍ണ ജൂബിലി ആഘോഷ ചടങ്ങിലേക്ക് ബി ജെ പിയെ ക്ഷണിച്ചില്ല. അടുത്ത വര്‍ഷം ബൃഹത് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സഖ്യകക്ഷിയായ ബി ജെ പിയെ ശിവസേന അവഗണിക്കുന്നത് ഏറെ പ്രാധാന്യമുള്ളതാണ്. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ സഖ്യം ഉപേക്ഷിച്ച് തനിച്ച് മത്സരിക്കുമെന്ന സൂചനകള്‍ നേരത്തെ തന്നെ ശിവസേന നല്‍കിയിരുന്നു.
സുവര്‍ണ ജൂബിലി ആഘോഷം പാര്‍ട്ടിയുടെ ആഭ്യന്തര പരിപാടി മാത്രമാണെന്നും അത് പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണെന്നുമാണ് ശിവസേന വിശദീകരിക്കുന്നത്. നേരത്തെ അലഹാബാദില്‍ ബി ജെ പി ദേശീയ നിര്‍വാഹക സമിതി ചേര്‍ന്നപ്പോള്‍ അതിലേക്ക് ഘടക കക്ഷികളില്‍ നിന്ന് ആരെയും ക്ഷണിച്ചിരുന്നില്ലെന്നും സേനാ വക്താവ് മനീഷ കയന്‍ഡെ പറഞ്ഞു. എല്ലാ പാര്‍ട്ടികളും തിരിഞ്ഞെടുപ്പില്‍ ജയിക്കാനാണ് മത്സരിക്കുന്നത്. നൂറ് ശതമാനം ശിവസേന എന്ന ലക്ഷ്യം തന്നെയാണ് പാര്‍ട്ടിക്കുള്ളത്. മുമ്പെല്ലാം തന്നെ സഖ്യത്തിന്റെ ചുക്കാന്‍ സേനയുടെ കൈയില്‍ തന്നെയായിരുന്നു. പാര്‍ട്ടിക്ക് വളരാന്‍ ഒരാളുടെയും പിന്‍ബലം ആവശ്യമില്ലെന്നും കയന്‍ഡെ വ്യക്തമാക്കി.
സുവര്‍ണ ജൂബിലി ആഘോഷ ചടങ്ങിലേക്ക് ആരെ ക്ഷണിക്കണം, വേണ്ട എന്നതൊക്കെ സേനയുടെ ആഭ്യന്തര കാര്യമാണെന്നും അവര്‍ക്ക് നല്ലത് മാത്രമാണ് ഇപ്പോള്‍ ആശംസിക്കാനുള്ളതെന്നും ഈ സംഭവങ്ങളോട് ബി ജെ പി വക്താവ് മാധവ് ഭാണ്ഡാരി പ്രതികരിച്ചു.
കാവിമുന്നണിയിലെ പ്രതിസന്ധി മുതലെടുത്തുകൊണ്ട് പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും എന്‍ സി പിയും രംഗത്തെത്തിയിട്ടുണ്ട്.
ശിവസേന രൂപത്കരണത്തിന്റെ അമ്പതാം വാര്‍ഷിക ഭാഗമായി നാളെ ഗുഡ്ഗാവിലാണ് ആഘോഷ പരിപാടി നടക്കുക.