സഹോദരങ്ങള്‍ക്ക് രണ്ടാനച്ഛന്റെ ക്രൂരപീഡനം; ഒമ്പതുകാരന്റെ കൈകള്‍ തല്ലിയൊടിച്ചു

Posted on: June 18, 2016 6:00 am | Last updated: June 17, 2016 at 11:33 pm
SHARE

തിരുവനന്തപുരം: വലിയതുറയില്‍ സഹോദരങ്ങളെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ചു. ഒമ്പത് വയസ്സുകാരന്റെ ഇരു കൈകളും തല്ലിയൊടിച്ചു. കുട്ടിയെ മൂന്ന് തവണ എടുത്തെറിഞ്ഞു. ചെവിയിലൂടെ രക്തമൊഴുകി. മുഖത്തും കാര്യമായി പരുക്കേറ്റിരുന്നു. പതിനൊന്ന് വയസ്സുള്ള സഹോദരിക്കും മര്‍ദനമേറ്റു. ഈ കുട്ടിയുടെ കൈകളില്‍ നിറയെ വരഞ്ഞ പാട് വ്യക്തമായുണ്ട്. തടയാനെത്തിയ കുട്ടിയുടെ മാതാവിനും മര്‍ദനമേറ്റു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് കുട്ടികളെ രക്ഷിച്ചത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വലിയതുറ എല്‍ പി സ്‌കൂളിലെ വിദ്യാര്‍ഥിയായ ബിബീനിനാണ് ഇരു കൈമുട്ടുകള്‍ക്കും മുകളിലായിട്ട് പൊട്ടലേറ്റത്. വേദന സഹിക്കാനാകാതെ കുട്ടി അലറിക്കരഞ്ഞിട്ടും അമ്മയും രണ്ടാനച്ഛനും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കൂട്ടാക്കിയില്ല. അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പിറ്റേദിവസം വൈകീട്ട് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.
സംഭവത്തെപ്പറ്റി വലിയതുറ പോലീസ് പറയുന്നതിങ്ങനെ: വെല്‍ഡിംഗ് തൊഴിലാളിയും രണ്ടാം ഭര്‍ത്താവുമായ കണ്ണനെന്ന് വിളിക്കുന്ന അരുണിനൊപ്പമാണ് മഞ്ജുവും മക്കളും താമസം. കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് ഇയാള്‍ വിലക്കിയിരുന്നു. തുടര്‍ന്ന് ജോലിക്ക് പോയ ഇയാള്‍ വൈകീട്ട് തിരികെ വന്നപ്പോള്‍ കുട്ടികള്‍ സ്‌കൂളില്‍ പോയതായി മനസ്സിലാക്കി മഞ്ജുവുമായി വഴക്കിട്ടു.
വഴക്കിനിടെയാണ് സ്‌കൂളില്‍ പോയതിന് നാലാം ക്ലാസുകാരനെ ഇയാള്‍ പൊതിരെ തല്ലിയത്. തടസ്സം പിടിക്കാനെത്തിയ മഞ്ജുവിനെയും തല്ലിയശേഷം ഇവരെ തൂക്കി പുറത്തേക്കെറിഞ്ഞു. ചൂലും വടിയുമുപയോഗിച്ചാണ് കുട്ടികളെ തല്ലിയത്. കുട്ടികളുടെ ശരീരം മുഴുവന്‍ അടികളുടെ പാട് വ്യക്തമായി കാണാം. സ്‌കൂളില്‍ സഹപാഠികളുമായി കാട്ടിയ കുസൃതി അറിഞ്ഞതിനെ തുടര്‍ന്നാണ് ഇവരോട് ഇനി സ്‌കൂളില്‍ പോകേണ്ടെന്ന് അരുണ്‍ നിര്‍ദേശിച്ചത്. എന്നാല്‍, അത് വകവെക്കാതെ സ്‌കൂളില്‍ പോയതിനാണ് മദ്യപിച്ചെത്തിയ രണ്ടാനച്ഛന്‍ കുട്ടികളെ ക്രൂരമായി മര്‍ദിച്ചത്.
കൈകാലുകളില്‍ അടിയുടെ പാടുമായി ചേച്ചിക്കൊപ്പം സ്‌കൂളിലെത്തിയ കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കണ്ടതാണ് കേസില്‍ വഴിത്തിരിവായത്. കുട്ടികളില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെയും മാതാവിനെയും ആശുപത്രിയിലാക്കിയ ശേഷം വിവരം പോലീസിന് കൈമാറുകയായിരുന്നു. മഞ്ജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തെങ്കിലും അരുണിനെ പിടികൂടിയിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. അരുണിന് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇരു കൈകള്‍ക്കും ചെറിയ പൊട്ടലുകളുണ്ട്. കണ്ണില്‍ ക്ഷതവും മുഖത്ത് ചതവും പറ്റിയിട്ടുണ്ട്. പീഡിയാട്രിക്‌സ്, ഓര്‍ത്തോപീഡിക്‌സ്, ഒഫ്ത്താല്‍മോളജി, ദന്തല്‍ എന്നീ വിഭാഗങ്ങള്‍ സംയോജിച്ചാണ് കുട്ടിയുടെ ചികിത്സ നിശ്ചയിക്കുന്നത്.
ബുധനാഴ്ച രാത്രി പത്തിനാണ് കുട്ടിയെ എസ് എ ടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സക്കായി എത്തിച്ചത്. ശിശുരോഗ വിഭാഗത്തിലെ വിദഗ്ധ പരിശോധനകള്‍ക്കു ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here