Connect with us

International

അസദിനെതിരെ ആക്രമണം വേണം; ഒബാമയെ വിമര്‍ശിച്ച് യു എസ് നയതന്ത്രജ്ഞര്‍

Published

|

Last Updated

ദമസ്‌കസ്: യു എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ സിറിയന്‍ നയത്തെ രൂക്ഷമായി വിമര്‍ശിച്ച് അമ്പതിലധികം യു എസ് നയതന്ത്രജ്ഞന്‍മാര്‍. സിറിയന്‍ പ്രസിഡന്റ് ബശര്‍ അസദിനെതിരെ നേരിട്ടുള്ള സൈനിക ആക്രമണം എത്രയും വേഗം ആരംഭിക്കണമെന്നാണ് ഉന്നത, മധ്യതല നയതന്ത്ര ഉദ്യോഗസ്ഥര്‍ പുറത്ത് വിട്ട രേഖയില്‍ പറയുന്നത്. സിറിയന്‍ വിഷയത്തില്‍ പ്രസിഡന്റിനെ ഉപദേശിക്കുന്ന 51 വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരാണ് രേഖയില്‍ ഒപ്പുവെച്ചതെന്നത് ശ്രദ്ധേയമാണ്. വാള്‍സ്ട്രീറ്റ് ജേണലാണ് ചോര്‍ന്ന് കിട്ടിയ രേഖയുടെ പകര്‍പ്പ് സഹിതം വാര്‍ത്ത പുറത്ത് വിട്ടത്. റഷ്യന്‍ വ്യോമാക്രമണം അസദിനെ കൂടുതല്‍ ശക്തനാക്കിയിരിക്കുന്നുവെന്ന് സി ഐ എ ഡയറക്ടര്‍ ജോണ്‍ ബ്രണ്ണന്‍ പറഞ്ഞതിന് പിറകേയാണ് രേഖ ചോര്‍ന്നത്. ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ഏറെ ശക്തനാണ് അസദെന്ന് ബ്രണ്ണന്‍ പറഞ്ഞിരുന്നു. റഷ്യ യഥാര്‍ഥത്തില്‍ ലക്ഷ്യമിട്ടത് അസദ് വിരുദ്ധ ഗ്രൂപ്പുകളെയാണെന്ന ആരോപണം അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.
സിറിയയില്‍ നേരിട്ട് ആക്രമണം നടത്തുന്നതിനെ ഒബാമ ഇതുവരെ പിന്തുണച്ചിട്ടില്ല. പകരം ബശര്‍ അല്‍ അസദിനെ എതിര്‍ക്കുന്ന വിവിധ ഗ്രൂപ്പുകള്‍ക്ക് ആയുധവും മറ്റും എത്തിച്ച് അവരെ മുന്‍ നിര്‍ത്തി പട നയിക്കുകയെന്ന നയമാണ് അദ്ദേഹം പിന്തുടരുന്നത്. മാത്രമല്ല, സിറിയയില്‍ തങ്ങള്‍ പോരാടുന്നത് ഇസിലിനെതിരെയാണെന്ന് ഒബാമ ഭരണകൂടം നിരന്തരം ആവര്‍ത്തിക്കുന്നു. നയതന്ത്ര സംഘത്തിന്റെ ഉപദേശം സ്വീകരിക്കുകയും ബശര്‍ അല്‍ അസദ് ഭരണകൂടത്തിനെതിരെ പട നയിക്കാന്‍ തീരുമാനിക്കുകയും ചെയ്താല്‍ സമൂലമായ നയം മാറ്റമാകും നടക്കുക. സിറിയയില്‍ 300 ഓളം പ്രത്യേക സേനാംഗങ്ങളെ യു എസ് ഇറക്കിയിട്ടുണ്ട്. വിവിധ ഗ്രൂപ്പുകളെ പരിശീലിപ്പിക്കുകയാണ് ഇവരുടെ ദൗത്യം.
അതേസമയം, ഇപ്പോള്‍ പുറത്ത് വന്ന രേഖകള്‍ ഒബാമയുടെ സിറിയന്‍ നയത്തില്‍ വലിയ വ്യത്യാസം ഉണ്ടാക്കില്ലെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. സംഘര്‍ഷത്തിലേക്ക് ആഴത്തില്‍ ഇറങ്ങുന്നത് ബുദ്ധിയായിരിക്കില്ലെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. മറ്റ് യുദ്ധമുഖങ്ങളിലെ അനുഭവം കൂടി കണക്കിലെടുത്താണ് ഈ തീരുമാനം.

---- facebook comment plugin here -----

Latest