ഫല്ലൂജയിലെ സര്‍ക്കാര്‍ ആസ്ഥാനം ഇറാഖ് തിരിച്ചുപിടിച്ചു

Posted on: June 18, 2016 6:00 am | Last updated: June 17, 2016 at 11:28 pm

ബഗ്ദാദ്: ഇസില്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ഫല്ലൂജയിലെ പ്രധാന സര്‍ക്കാര്‍ ആസ്ഥാനം ഇറാഖ് സൈന്യം തിരിച്ചുപിടിച്ചു. ഫല്ലൂജ നഗരം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ഇറാഖ് സൈന്യത്തിന്റെ വലിയ മുന്നേറ്റമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. സര്‍ക്കാര്‍ ആസ്ഥാനം തിരിച്ചുപിടിച്ച കാര്യം മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഫല്ലൂജ നഗര മധ്യത്തിലുള്ള സുപ്രധാന സര്‍ക്കാര്‍ ആസ്ഥാനം ഇറാഖ് സൈന്യവും മറ്റു ദ്രുതകര്‍മസൈന്യവും ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിനൊടുവില്‍ ഇസിലില്‍ നിന്ന് തിരിച്ചുപിടിച്ചെന്ന് ഓപറേഷന് മൊത്തത്തില്‍ നേതൃത്വം നല്‍കുന്ന കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ അബ്ദുല്‍വഹാബ് അല്‍സഅദി എ എഫ് പിയോട് പറഞ്ഞു. സൈന്യത്തിന്റെ നിയന്ത്രണത്തിലായി എന്നറിയിക്കുന്ന രീതിയില്‍, സര്‍ക്കാര്‍ മന്ദിരത്തിന് മുകളില്‍ ഇറാഖ് ദേശീയ പതാകയും ഉയര്‍ത്തിയിട്ടുണ്ട്. നാലാഴ്ചയായി തുടരുന്ന കനത്ത മുന്നേറ്റത്തിലെ ഏറ്റവും മികച്ച നേട്ടമായാണ് ഇതിനെ കാണുന്നതെന്ന് ഇറാഖ് ഫെഡറല്‍ പോലീസ് മേധാവി റഈദ് ശകീര്‍ അഭിപ്രായപ്പെട്ടു. നഗരത്തിലെ ഏറ്റവും സുപ്രധാന മേഖലയാണ് ഇപ്പോള്‍ മോചിപ്പിച്ചിരിക്കുന്നെന്നും വൈകാതെ ഇറാഖ് സര്‍ക്കാറിന്റെ ഭരണം ഇവിടെ നിലവില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇസില്‍ സൈന്യത്തിന്റെ ശക്തിയെ കുറിച്ച് നേരത്തെ ചില പ്രചാരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവരുടെ ഭാഗത്തുനിന്ന് കാര്യമായ ഒരു ചെറുത്തുനില്‍പ്പും ഇല്ലാതെയാണ് നഗര കേന്ദ്രം തിരിച്ചുപിടിച്ചതെന്ന് ഓപറേഷന് നേതൃത്വം നല്‍കുന്ന കമാന്‍ഡര്‍മാര്‍ സമ്മതിക്കുന്നു. ഇറാഖ് സൈന്യത്തിന് ഈ നേട്ടം വലിയ പ്രതീക്ഷ നല്‍കുമെന്നാണ് കരുതപ്പെടുന്നത്. ഇസിലില്‍ നിന്ന് നഗരം തിരിച്ചുപിടിക്കാന്‍ മുന്നില്‍ നിന്ന് നയിക്കുന്നത് ഇറാഖ് സൈന്യവും ശിയാ സംഘമായ പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് എന്ന വിഭാഗവും സംയുക്തമായാണ്. യു എസിന്റെ നേതൃത്വത്തിലുള്ള വ്യോമാക്രമണത്തിന്റെ പിന്തുണയും ഇവര്‍ക്കുണ്ടായിരുന്നു.
എന്നാല്‍, ഒരു ലക്ഷത്തിനടുത്ത് നഗരവാസികള്‍ ഇപ്പോഴും ഫല്ലൂജ നഗരത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സൈന്യവും ഇസില്‍ നടന്ന ചെറുത്തുനില്‍പ്പിനിടെ നിരവധി സാധാരക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
2014ലാണ് ഇറാഖ് സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ഫല്ലൂജ നഗരം ഇസില്‍ ഭീകരവാദികള്‍ പിടിച്ചെടുത്ത് ശക്തിതെളിയിക്കുന്നത്. തലസ്ഥാനമായ ബഗ്ദാദില്‍ നിന്ന് വെറും 50 കി. മീ മാത്രം അകലെയാണ് ഈ നഗരം സ്ഥിതിചെയ്യുന്നത് എന്നത് കൊണ്ട് ഇത് തിരിച്ചുപിടിക്കുകയെന്നത് ഇറാഖ് സര്‍ക്കാറിനും സൈന്യത്തിനും ഏറെ പ്രധാനപ്പെട്ടതാണ്.