Connect with us

Editorial

ഗുല്‍ബര്‍ഗില്‍ വീണ്ടും നിരാശ

Published

|

Last Updated

കുറ്റവാളി നിര്‍ണയത്തിലെന്ന പോലെ പ്രതികള്‍ക്കുള്ള ശിക്ഷയിലും ഇരകളുടെ പക്ഷത്തെ നിരാശപ്പെടുത്തുന്നതാണ് ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ അഹമദാബാദ് പ്രത്യേക കോടതിയുടെ ഇന്നലത്തെ വിധി. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ 24 പ്രതികളില്‍ 11 പേര്‍ക്ക് ജീവപര്യന്തവും 12 പേര്‍ക്ക് ഏഴ് വര്‍ഷവും ഒരാള്‍ക്ക് 10 വര്‍ഷവും തടവാണ് സ്‌പെഷ്യല്‍ ജഡ്ജി പി ബി ദേശായി വിധിച്ചത്. പരിഷ്‌കൃത സമൂഹത്തിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമെന്ന് ജസ്റ്റിസ് ദേശായി തന്നെ വിശേഷിപ്പിച്ച സംഭവത്തില്‍ പ്രതികളില്‍ ഒരാള്‍ക്ക് പോലും വധശിക്ഷയില്ല. കേസില്‍ പ്രതിചേര്‍ത്ത 66 പേരില്‍ 42 പേരെ മതിയായ തെളിവില്ലെന്ന അഭിപ്രായത്തില്‍ കോടതി നേരത്തെ വിട്ടയച്ചതുമാണ്. സംഭവത്തില്‍ ഗുഢാലോചനയുണ്ടെന്ന അന്വേഷണോദ്യോഗസ്ഥരുടെ കണ്ടെത്തലും കോടതി അംഗീകരിച്ചില്ല.
ഗുജറാത്ത് വംശഹത്യാ വേളയില്‍ 2002 ഫെബ്രുവരി 28നാണ് അഹമദാബാദ് ചമന്‍പുരയില്‍ മുസ്‌ലിംകള്‍ താമസിക്കുന്ന ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കലാപം അരങ്ങേറിയത്. സംഘടിച്ചെത്തിയ ഒരു സംഘം ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി സൊസൈറ്റിയുടെ മതിലുകള്‍ തകര്‍ത്ത് വീടുകള്‍ക്ക് തീവെക്കുകയും താമസക്കാരെ അക്രമിക്കുകയുമായിരുന്നു. ഭയചകിതരായ പ്രദേശവാസികള്‍ സൊസൈറ്റിയിലെ താമസക്കാരനും കോണ്‍ഗ്രസ് എം പിയുമായിരുന്ന ഇഹ്‌സാന്‍ ജാഫ്രിയുടെ വീട്ടില്‍ അഭയം തേടി. അദ്ദേഹം സഹായം അഭ്യര്‍ഥിച്ച് പോലീസ് ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. വിഷയമറിഞ്ഞ അന്നത്തെ പാര്‍ലിമെന്റ്അംഗങ്ങള്‍ ജാഫ്രിയുടെ ജീവന്‍ രക്ഷിക്കാനാവശ്യപ്പെട്ട് സഭ സ്തംഭിപ്പിച്ചിട്ട് അതും നിഷ്ഫലമായി. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാറായിരുന്നു അന്ന് കേന്ദ്രം ഭരിച്ചിരുന്നത്. ജാഫ്രിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകടന്ന കലാപകാരികള്‍ കുടുംബാംഗങ്ങളുടെ മുന്നിലിട്ട് കൈയും കാലും വെട്ടിയാണ് അദ്ദേഹത്തെ ചുട്ടെരിച്ചത്. മൊത്തം 69 പേര്‍ കലാപത്തില്‍ നിഷ്ഠൂരമായി വധിക്കപ്പെട്ടു. ഗുജറാത്ത് വംശഹത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കൂട്ടക്കൊലയായിരുന്നു ഇത്.
കലാപം അരങ്ങേറിയ ഉടനെ തന്നെ വിവരം പാര്‍മെന്റില്‍ ഉള്‍പ്പെടെ ബന്ധപ്പെട്ടവര്‍ അറിഞ്ഞിട്ടും അക്രമികള്‍ തങ്ങളുടെ ദൗത്യം പൂര്‍ത്തീകരിക്കുന്നത് വരെ ആരും തിരിഞ്ഞുനോക്കിയില്ലെന്നത് ഭരണ കൂടത്തിന്റെ സഹകരണത്തോടെ ആസൂത്രണം ചെയ്തതായിരുന്നു സംഭവമെന്ന് വ്യക്തമാക്കുന്നുണ്ട്. “പോലീസ് നാല് മണിക്കൂര്‍ കഴിഞ്ഞേ ഇടപെടൂകയുള്ളൂ, അതിനുള്ളില്‍ വേണ്ടത് ചെയ്‌തോളൂ” എന്ന് അന്നത്തെ ഡി വൈ എസ് പി എര്‍ദ ആര്‍ എസ് എസ് പ്രവര്‍ത്തകരോട് പറഞ്ഞതായി കലാപകാരികളില്‍ ചിലര്‍ തെഹല്‍ക്കയുടെ ഒളികാമറ ഓപറേഷനില്‍ വെളിപ്പെടുത്തിയതുമാണ്. കലാപസമയത്ത് മോദിയും ഉദ്യോഗസ്ഥരും നിഷ്‌ക്രിയരായിരുന്നുവെന്ന് അന്നത്തെ ഗുജറാത്ത് ഇന്റലിജന്‍സ് മേധാവി ആര്‍ ബി ശ്രീകുമാറും മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥന്‍ സജ്ഞീവ് ഭട്ടും സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷന് മുന്നില്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി അറിയാതെ ഇത് നടക്കാനിടയില്ലെന്ന് കേസ് പരിഗണിക്കവേ സുപ്രീം കോടതി ജഡ്ജിയായിരുന്ന വി എന്‍ ഖാരെ വിലയിരുത്തിയതും ശ്രദ്ധേയമാണ്. കലാപത്തില്‍ ആറ് കുടുംബാംഗങ്ങള്‍ നഷ്ടമായ ഇംതിയാസ് പഥാന്‍, രൂപാമോദി എന്നീ ദൃക്‌സാക്ഷികളും മോദിക്കെതിരെ വിചാരണക്കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ജിഫ്രി സഹായത്തിനായി മോദിയെയും പോലീസിനെയും വിളിച്ചിരുന്നുവെന്നും പോലീസ് എത്തിയില്ലെന്നുമായിരുന്നു ഇംതിയാസിന്റെ മൊഴി. പ്രതികള്‍ക്കെതിരില്‍ നിയമപോരാട്ടം നടത്തിയ ടിസ്റ്റയെ പോലെയുള്ളവരെ കള്ളക്കേസില്‍ കുടുക്കി തകര്‍ക്കാനും ശ്രമമുണ്ടായി.
കേസില്‍ 338 സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. ഇഹ്‌സാന്‍ ജാഫ്രി അന്നത്തെ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് സഹായം തേടിയിരുന്നതായും സാക്ഷി മൊഴിയിലുണ്ട്. ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും സാക്ഷികളെ മൊഴിമാറ്റിക്കാനുള്ള ശ്രമവും നടന്നു. പ്രോസിക്യൂട്ടര്‍മാരെ വരെ ഭീഷണിപ്പെടുത്തി വാദങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുകയുമുണ്ടായി. ഇതൊക്കെയായിട്ടും സംഭവം ആസൂത്രിതമല്ലെന്നും കേവലം യാദൃശ്ചികമാണെന്നുമാണ് പ്രത്യേ കോടതിയുടെ വിലയിരുത്തല്‍. രണ്ടോ അതിലധികമോ പേര്‍ നിയമവിരുദ്ധ കൃത്യം ചെയ്യാന്‍ തീരുമാനിക്കുകയോ അതിന് കാരണക്കാരാകുകയോ ചെയ്താല്‍ ഇന്ത്യന്‍ ശിക്ഷാനിയമം 120 ബി പ്രകാരം ക്രിമിനല്‍ ഗൂഢാലോചനയാണ്. ബന്ധപ്പെട്ട പല പ്രമുഖ ഉദ്യോഗസ്ഥരും സംഭവത്തില്‍ ഗൂഢാലോചന കണ്ടെത്തിയതാണെന്നിരിക്കെ ഈ കോടതി പരാമര്‍ശം അമ്പരപ്പുളവാക്കുന്നു. ആക്രമണത്തിന്റെ ഭീകരത കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ പ്രൊസിക്യൂഷനുണ്ടായ പരാജയമാണ് ശിക്ഷ ഇത്രയും ദുര്‍ബലമാകാനിടയാക്കിയതെന്ന് വിലയിരുത്തപ്പെടുന്നു. ആഗോള തലത്തില്‍ പോലും കടുത്ത പ്രതിഷേധത്തിനിടയാക്കിയ സംഭവത്തില്‍ പ്രൊസിക്യൂഷനുണ്ടായ “വീഴ്ച” ദുരൂഹതയുണര്‍ത്തുന്നു. രാജ്യത്ത് പലപ്പോഴായി അരങ്ങേറുന്ന വംശഹത്യകള്‍ക്കും കൂട്ടക്കൊലകള്‍ക്കും പിന്നിലെ കറുത്ത കരങ്ങളെ അന്വേഷണ സംഘങ്ങള്‍ കണ്ടെത്തിയിട്ടും നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുന്നത് നീതിന്യായ വ്യവസ്ഥയിലുള്ള ജനവിശ്വാസം നഷ്ടപ്പെടാനിടയാക്കുന്നുണ്ട്.