20 ഉപഗ്രഹങ്ങളെയും വഹിച്ച് പിഎസ്എല്‍വി ജൂണ്‍ 22ന് ഭ്രമണപഥത്തിലേക്ക്

Posted on: June 17, 2016 9:18 pm | Last updated: June 18, 2016 at 11:21 am

isro-1ബംഗളൂരു: ഒരു ദൗത്യത്തില്‍ 20 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ഐഎസ്ആര്‍ഒ ഒരുങ്ങി. ജൂണ്‍ 22ന് ഇന്ത്യയുടെ കാര്‍ടോസാറ്റ് 2 അടക്കം 20 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി കുതിച്ചുയരും. രാവിലെ 9.25ന് ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം. കാര്‍ട്ടോ സാറ്റ് ഒഴികെയുള്ള മറ്റു 19 ഉപഗ്രഹങ്ങളും വിദേശരാജ്യങ്ങളുടെതാണ്. യുഎസ്, കാനഡ, ജര്‍മനി, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഉപഗ്രഹങ്ങളാണ് ഇവ.

ഭൂപട നിര്‍മാണത്തിന് സഹായിക്കുന്ന ഇന്ത്യയുടെ കാര്‍ട്ടോസാറ്റിന് 725.5 കിലോഗ്രാമാണ് ഭാരം. മറ്റു 19 ഉപഗ്രഹങ്ങളും കൂടി 560 കിലോ തൂക്കം വരും. മൊത്തം 1288 കിലോ തൂക്കമുള്ള ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി ഭ്രമണപഥത്തിലേക്ക് കുതിക്കുക. 26 മിനുട്ടിനുള്ളില്‍ എല്ലാ ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍ എത്തും.