യമന്‍ സമാധാനം: ഖത്വര്‍ ശ്രമങ്ങളെ പ്രകീര്‍ത്തിച്ച് യു എന്‍ ദൂതന്‍

Posted on: June 17, 2016 8:08 pm | Last updated: June 17, 2016 at 8:08 pm
ഇസ്മാഈല്‍ ഔദ്
ഇസ്മാഈല്‍ ഔദ്

ദോഹ: മേഖലാതല, അന്താരാഷ്ട്ര സംഘര്‍ഷങ്ങളും തര്‍ക്കങ്ങളും സമധാനപൂര്‍ണമായ വഴികളിലൂടെയും ചര്‍ച്ചകളിലൂടെയും പരിഹരിച്ച് സമാധാനത്തിനും സ്ഥിരതക്കും വികസനത്തിനും സഹായകമായി ഖത്വര്‍ നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിച്ച് യമനിലുള്ള യു എന്‍ പ്രത്യേക ദൂതന്‍ ഇസ്മാഈല്‍ ഔദ് ചീഖ് അഹ്മദ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെയും അടിയന്തര സഹായങ്ങളിലൂടെയും മാത്രമല്ല നയതന്ത്രതലത്തിലും രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ ഖത്വര്‍ ലോകത്തെ നയിക്കുന്നുണ്ടെന്ന് അല്‍ റായക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുരക്ഷയെയും സ്ഥിരതയെയും ലക്ഷ്യംവെക്കുന്ന ആഭ്യന്തര വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് യമനിലെ എല്ലാവിഭാഗങ്ങളെയും ഒന്നിപ്പിക്കാന്‍ ഖത്വര്‍ ശ്രമിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. രക്തച്ചൊരിച്ചിലും സംഘര്‍ഷവും അവസാനിപ്പിച്ച് യമന്‍ പൗരന്‍മാര്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ വേണ്ട എല്ലാ ശ്രമങ്ങളും ജി സി സി രാഷ്ട്രങ്ങള്‍ നടത്തുന്നുണ്ട്. യമന്‍ പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് നിയമസാധുത നല്‍കുന്നതിനുള്ള ശ്രമങ്ങളും ഖത്വര്‍ നടത്തിയിട്ടുണ്ട്. അതേസമയം, യമനിലെ നിലവിലെ ജനങ്ങളുടെ അവസ്ഥ പരിതാപകരവും അപകടകരവുമാണ്. ഒരു വര്‍ഷത്തിനിടെ ഏഴായിരം പേര്‍ കൊല്ലപ്പെടുകയും 35000 പേര്‍ക്ക് പരുക്കേല്‍ക്കുകയും 30 ലക്ഷം പേര്‍ ഭവനരഹിതരാകുകയും ചെയ്തു. ഈ വര്‍ഷം 13 മില്യന്‍ ജനങ്ങള്‍ക്ക് സഹായം നല്‍കുന്നതിന് ആവശ്യമായ 1.8 ബില്യന്‍ ഡോളര്‍ ഫണ്ട് സമാഹരണത്തിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.