കായിക മേഖലക്ക് ഭാവി വാഗ്ദാനങ്ങളായി അസ്പയര്‍ വിദ്യാര്‍ഥികള്‍ പുറത്തിറങ്ങി

Posted on: June 17, 2016 8:04 pm | Last updated: June 17, 2016 at 8:04 pm
അസ്പയര്‍ അക്കാദമിയില്‍ നിന്ന് പുറത്തിറങ്ങിയ കായികതാരങ്ങള്‍
അസ്പയര്‍ അക്കാദമിയില്‍ നിന്ന് പുറത്തിറങ്ങിയ കായികതാരങ്ങള്‍

ദോഹ: ഖത്വറിന്റെ കായിക മേഖലയിലെ ഭാവി വാഗ്ദാനങ്ങളായി അസ്പയര്‍ അക്കാദമിയിലെ വിദ്യാര്‍ഥികള്‍. ഫുട്‌ബോള്‍, സ്‌ക്വാഷ്, അത്‌ലറ്റിക്‌സ്, നീന്തല്‍, ടേബിള്‍ ടെന്നീസ്, ഷൂട്ടിംഗ് അടക്കം നിരവധി ഇനങ്ങളിലായി 36 വിദ്യാര്‍ഥികള്‍ അസ്പയര്‍ അക്കാദമിയില്‍ നിന്ന് പുറത്തിറങ്ങി.
ഇവര്‍ക്കുള്ള ബിരുദദാന ചടങ്ങ് അസ്പയര്‍ ഡോമില്‍ കഴിഞ്ഞ ദിവസം നടന്നു. കായിക മന്ത്രി സ്വലാഹ് ബിന്‍ ഗാനിം അല്‍ അലി, അസ്പയര്‍ സോണ്‍ പ്രസിഡന്റ് ഹിലാല്‍ അല്‍ കുവാരി, വൈസ് പ്രസിഡന്റ് താരീഖ് അല്‍ നീമ, ആക്ടിംഗ് സി ഇ ഒ മുഹമ്മദ് ഖലീഫ അല്‍ സുവൈദി, അക്കാദമി ഡയറക്ടര്‍ ജനറല്‍ ഇവാന്‍ ബ്രാവോ തുടങ്ങിയവര്‍ പങ്കെടുത്തു.
ദോഹയില്‍ കഴിഞ്ഞ മാസം നടന്ന ഡയമണ്ട് ലീഗില്‍ 800 മീറ്റര്‍ ഓട്ടത്തില്‍ ഈ വര്‍ഷത്തെ മികച്ച ഏഴാമത്തെ സമയം കുറിച്ച് റിയോ ഒളിംപിക്‌സിന് യോഗ്യത നേടിയ അബൂബക്കര്‍ ഹൈദര്‍ അടക്കമുള്ള യുവ അത്‌ലറ്റുകള്‍ക്കാണ് ബിരുദം നല്‍കിയത്. ആഴ്ചകള്‍ക്കുള്ളില്‍ ബ്രസീലില്‍ നടക്കുന്ന ഒളിംപിക്‌സിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അബൂബക്കര്‍ ഹൈദറിന് സാധിക്കുമെന്ന് ആസ്പിയര്‍ അക്കാദമി അധികൃതര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഹൈദര്‍ അടക്കമുള്ള നിരവധി യുവ അത്‌ലറ്റുകള്‍ ഖത്വറിന്റെ കായിക യശസ്സ് വാനോളം ഉയര്‍ത്തുമെന്നും അധികൃതര്‍ പ്രതീക്ഷ പങ്കുവെച്ചു.