Connect with us

Gulf

മൂന്നു പുതിയ വ്യവസായ മേഖലകള്‍; നൂറു ശതമാനം ഉടമസ്ഥാവകാശം

Published

|

Last Updated

ദോഹ: നിക്ഷേപകരായ വിദേശികള്‍ക്ക് സമ്പൂര്‍ണ ഉടമസ്ഥാവകാശം അനുവദിക്കുന്ന മൂന്നു പതിയ സ്വതന്ത്ര വ്യവസായ മേഖലകള്‍ രാജ്യത്തു നിലവില്‍ വരുന്നു. സോണുകള്‍ സ്ഥാപിക്കുന്നതിന് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗമാണ് അംഗീകാരം നല്‍കിയത്. മൂലധനം സ്വതന്ത്രായി രാജ്യത്തിനു പുറത്തേക്കു മാറ്റുന്നതിനും നിയമം അനുവദിക്കുന്നു. എണ്ണവിലക്കുറവിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സാമ്പത്തിക വൈവിവിധ്യവത്കരണത്തിന് ആക്കം കൂട്ടി തുറമുഖ, വ്യോമത്താവള കേന്ദ്രീകൃതമായ ചരക്കു ഗതാഗത മേഖലയില്‍ കൂടുതല്‍ വിദേശ നിക്ഷേപം കൊണ്ടു വരിക ലക്ഷ്യം വെക്കുന്നതാണ് നിയമമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ നിരീക്ഷിച്ചു.
ഹമദ് വിമാനത്താവളത്തോടു ചേര്‍ന്ന് എയര്‍ കാര്‍ഗോ ആന്‍ഡ് ടെക്‌നോളജി വെയര്‍ ഹൗസിഗ്, ലൊജിസ്റ്റിക് സോണ്‍, പെട്രോ കെമിക്കല്‍, ഭക്ഷ്യ സംസ്‌കരണ യൂനിറ്റുകള്‍ക്കായുള്ള സോണ്‍, സഊദി അതിര്‍ത്തിയോടു ചേര്‍ന്ന് നിര്‍മാണ സാമഗ്രികളുടെയും മെഷിനറികളുടെയും വ്യവസായത്തിനായുള്ള സോണ്‍ എന്നിവയാണ് മന്ത്രിസഭ അംഗീകരിച്ച സ്വതന്ത്ര വ്യവസായ മേഖലകള്‍. ഒന്നാംഘട്ടത്തില്‍ വെയര്‍ ഹൗസിംഗ് അടുത്ത വര്‍ഷം പൂര്‍ത്തിയാകുമെന്ന് മനാതിഖ് ചീഫ് എക്‌സിക്യുട്ടീവ് ഫഹദ് റാശിദ് അല്‍ കഅബി പറഞ്ഞു. സോണുകള്‍ വികസിപ്പിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് മനാതിഖ്.
എയര്‍പോര്‍ട്ട്, സീ പോര്‍ട്ട് എകോണമിക് സോണുകള്‍ക്കുള്ള നിയമമാണ് മന്ത്രിസഭ അംഗീകരിച്ചത്. പരമ്പരാഗതാമയി രാജ്യത്ത് വ്യവസായം തുടങ്ങുന്നതിന് സ്വദേശി സ്‌പോണ്‍സര്‍ഷിപ്പും 51 ശതമാനം ഉടമസ്ഥാവകാശവും വേണം. എന്നാല്‍ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി വ്യത്യസ്ത നയങ്ങള്‍ രാജ്യം നടപ്പലാക്കി വരികയാണ്. ഖത്വര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പാര്‍ക്കിലും ഖത്വര്‍ ഫിനാന്‍ഷ്യല്‍ സെന്ററിലും വ്യത്യസ്തവും സ്വതന്ത്രവുമായ നിക്ഷേപ നിയമം പ്രാബല്യത്തിലുണ്ട്.
സമ്പൂര്‍ണ വിദേശ ഉടമസ്ഥാവകാശം സോണുകളില്‍ അനുവദിക്കുമെന്ന് ഫഹദ് റാശിദ് സ്ഥിരീകരിച്ചു. വിദേശികളായി ജീവനക്കാര്‍ക്ക് തൊളില്‍ വിസക്ക് നിയന്ത്രണങ്ങളുണ്ടാകില്ല. മികച്ച നിരക്കില്‍ വൈദ്യുതി, വെള്ളം, ഗ്യാസ് എന്നിവ ലഭ്യമാക്കും. ചുങ്കം ചുമത്താതെ മെഷിനറികളും ഏതാനും ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിനുള്ള അവകാശവും സോണുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കുണ്ടാകും.
അനുകൂല ഘടകങ്ങളേറെയുണ്ടെങ്കിലും ദുബൈ ഉള്‍പ്പെടെയുള്ള നഗരങ്ങളുമായുള്ള മത്സരത്തില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി കൂടുതല്‍ ഉദാരീകൃത നയങ്ങള്‍ കൊണ്ടു വരേണ്ടി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest