Connect with us

Gulf

ഗള്‍ഫിലേക്ക് പുതിയ ഇന്ത്യന്‍ വിമാനങ്ങള്‍

Published

|

Last Updated

ദോഹ: പുതിയ സിവില്‍ വ്യോമയാന നയത്തിന്റെ ആനൂകൂല്യത്തില്‍ കൂടുതല്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ ഗള്‍ഫ് നാടുകളിലേക്കു പറക്കാന്‍ തയാറെടുക്കുന്നു. ഒരു വര്‍ഷത്തിനകം ഗള്‍ഫ് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ വിമാന കമ്പനികളായ വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ എന്നിവ അറിയിച്ചു. എയര്‍ കേരള ആരംഭിക്കുന്നതു സംബന്ധിച്ചും ചര്‍ച്ചകളുയരുന്നു. പദ്ധതി ആരംഭിക്കാന്‍ സര്‍ക്കാറിനു മുന്നില്‍ ഇനി തടസങ്ങളൊന്നുമില്ലെന്ന് ഉന്നത വക്താവ് അറിയിച്ചതായി ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്തു.
Airasia-nowഅഞ്ചു വര്‍ഷത്തെ ആഭ്യന്തര സര്‍വീസ് പരിചയവും 20 വിമാനങ്ങളും ഉണ്ടായിരിക്കണം എന്ന നിയമമാണ് രാജ്യത്ത് ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്കും എയര്‍ കേരളക്കും തടസമായിരുന്നത്. പുതിയ കേന്ദ്ര നയത്തില്‍ ഈ നിബന്ധനകള്‍ ഇല്ലാതായാതോടെയാണ് വിദേശ സര്‍വീസിന് അവസരം കാത്തിരുന്ന കമ്പനികള്‍ സന്നദ്ധതയുമായി രംഗത്തു വന്നത്. പ്രവാസി നിക്ഷേപത്തോടെ എയര്‍കേരള പദ്ധതി ആരംഭിക്കണമെന്ന് പ്രമുഖ വ്യവാസികള്‍ അടക്കം ഇതിനകം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. പദ്ധതിക്ക് 20,000 രൂപയുടെ അഞ്ച് ലക്ഷം ഓഹരികള്‍ ശേഖരിച്ച് ഫണ്ട് കണ്ടെത്താമെന്ന നിര്‍ദേശം ഗള്‍ഫിലെ പ്രമുഖ വ്യവസായി മുന്നോട്ടു വെച്ചതായി ഐ എ എന്‍ എസ് റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ സര്‍വീസ് ആരംഭിച്ച വിമാനങ്ങളാണ് വിസ്താരയും (2015 ജനുവരി) എയര്‍ ഏഷ്യയും (2014 ജൂണ്‍). പ്രഥമ ഘട്ടത്തില്‍ ഗള്‍ഫിലേക്കു പറക്കുന്നതിനാണ് ലക്ഷ്യം വെക്കുന്നതെന്ന് ഇരു വിമാനക്കമ്പനി വൃത്തങ്ങളും പറഞ്ഞു. ഗള്‍ഫ് സര്‍വീസ് ലക്ഷ്യം വെച്ച് എയര്‍ ഏഷ്യയുടെ വിമാനങ്ങള്‍ വൈകാതെ തന്നെ 20 ആക്കി ഉയര്‍ത്തുമെന്ന് സി ഇ ഒ അമര്‍ അബ്‌റോള്‍ പറഞ്ഞു. ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന കരാര്‍ അനുസരിച്ച് ഇന്ത്യയില്‍ നിന്നും വിവിധ ഗള്‍ഫ് നാടുകളിലേക്ക് അനുവദിക്കപ്പെട്ട സീറ്റുകള്‍ നിലവിലുള്ള വിമാനങ്ങളിലൂടെ നികത്തപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ കൂടുതല്‍ കാലതാസമില്ലാതെ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് സര്‍വീസ് ആരംഭിക്കാന്‍ സാധിക്കും. ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ഗള്‍ഫ് വിമാനങ്ങളായ ഖത്വര്‍ എയര്‍വേയ്‌സ്, എമിറേറ്റ്‌സ്, ഇത്തിഹാദ് തുടങ്ങിയ വിമാനങ്ങോട് മത്സരിച്ചാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് സര്‍വീസ് നടത്തേണ്ടി വരിക. ഇന്ത്യയിലേക്ക് കൂടുതല്‍ സീറ്റിനു വേണ്ടി കാത്തു നില്‍ക്കുന്ന കമ്പനികളാണ് ഗള്‍ഫ് വിമാനങ്ങള്‍ എന്ന സവിശേഷതയുമുണ്ട്. ഇപ്പോള്‍ ഇന്ത്യയില്‍ നിന്നും എയര്‍ ഇന്ത്യക്കു പുറമേ ജെറ്റ് എയര്‍വേയ്‌സ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ വിമാനങ്ങളാണ് ഗള്‍ഫിലേക്ക് സര്‍വീസ് നടത്തുന്നത്.
എയര്‍കേരള ആരംഭിക്കുന്നതിന് തീര്‍ച്ചയായും അവസരം ഒരുങ്ങിയിരിക്കുകയാണെന്ന് എയര്‍ ഡക്കാന്‍ സ്ഥാപകനായ കെ ജെ സാമുവേല്‍ പറയുന്നു. കേരള സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ച് വൈകാതെ തന്നെ വെളിപ്പെടുത്തുമെന്നാണ് മനസ്സിലാക്കുന്നതെന്നും നീണ്ടകാലത്തെ സ്വപ്‌നമാണ് ഇതോടെ യാതാര്‍ഥ്യമാകുകയെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിന്‍ ഇന്റര്‍നാഷല്‍ എയര്‍പോര്‍ട്ട് കമ്പനിയുടെ (സിയാല്‍) ഉപ സ്ഥാപനമായി എയര്‍ കേരള നേരത്തേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്ന 25 ലക്ഷത്തിനു മേല്‍ പ്രവാസി മലയാളികള്‍ക്ക് യാത്രാ സൗകര്യമൊരുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കമ്പനി രൂപവത്കരിച്ചത്. യു ഡി എഫ് സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ എയര്‍ കേരളയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. യു ഡി എഫ് പ്രകടന പത്രികയില്‍ എയര്‍ കേരള ആരംഭിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. സംസ്ഥാനത്ത് അധികാരത്തില്‍ വന്ന ഇടതു മുന്നണിയുടെ ബജറ്റ് അടുത്ത മാസം അവതരിപ്പിക്കാനിരിക്കേ എയര്‍ കേരള ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്‍ ഡി എഫ് പ്രകന പത്രികയില്‍ എയര്‍കേരള സംബന്ധിച്ച് വാഗ്ദാനമില്ല.

Latest