Connect with us

Gulf

പെട്രോള്‍ വില വര്‍ധന നല്‍കുന്നത് പ്രതിവര്‍ഷം 740 ദശലക്ഷം റിയാല്‍

Published

|

Last Updated

ദോഹ: ഇന്ധന വില വര്‍ധിപ്പിച്ചതിലൂടെ രാജ്യത്തിന് പ്രതിവര്‍ഷം 740 ദശലക്ഷം റിയാല്‍ അധികവരുമാനം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. വില വര്‍ധന രാജ്യത്തെ ജനങ്ങള്‍ക്ക് ആഴ്ചയില്‍ ഏതാനും റയാലിന്റെ ഭാരം മാത്രമേ വരുത്തിവെച്ചിട്ടുള്ളൂ എങ്കിലും രാജ്യത്ത് ഇത് വലിയ സംഖ്യയായി മാറുന്നുവെന്ന് ദോഹ ന്യൂസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ജൂണിലെ പെട്രോള്‍ വിലയുമായി താരതമ്യെപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം വഖൂദ് 742.65 ദശലക്ഷത്തിലധികം റിയാലിന്റെ അധിക വരുമാനമുണ്ടാക്കും. ഒരു എയര്‍ബസ് എ 320 നിയോ വിമാനം വാങ്ങുന്നതിനു വേണ്ടി വരുന്നതിനേക്കാള്‍ കൂടുതല്‍ തുകയാണിത്. പ്രാദേശികമായുള്ള കണക്കില്‍ എജുക്കേഷന്‍ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന യു എസ് യൂനിവേഴ്‌സിറ്റിക്കു വേണ്ടി വരുന്ന പ്രവര്‍ത്തനച്ചെലവിന്റെ ആറിരട്ടിയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതേസമയം രാജ്യത്തെ ബജറ്റ് കമ്മിയുമായി താരതമ്യം ചെയ്യുമ്പോള്‍ പോട്രോള്‍ വില വര്‍ധന വഴി ലഭിക്കുന്ന വരുമാനം ചെറുതാണ്. 46.5 ബില്യന്‍ റിയാലാണ് ബജറ്റ് കമ്മി.
ചരിത്രപമായി വാഹന ഇന്ധനത്തിന് വന്‍ തോതില്‍ സബ്‌സിഡി നല്‍കുന്ന രാജ്യമാണ് ഖത്വര്‍. എന്നാല്‍ എണ്ണവിലക്കുറവിനെത്തുടര്‍ന്ന് രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സബ്‌സിഡികളെക്കുറിച്ച് പുനരാലോചന നടത്തുന്നതിന് കഴിഞ്ഞ വര്‍ഷം മുതല്‍ സര്‍ക്കാര്‍ സന്നദ്ധമാകുന്നുണ്ട്. ചെലവു ചുരുക്കുന്നതിന് ഭരണകൂടം ഔദ്യോഗികമായി തന്നെ വിളംബരം നടത്തിയിരുന്നു. സൗജന്യങ്ങള്‍ കൂടുതല്‍ കാലം ഉണ്ടാകില്ലെന്ന് സൂചിപ്പിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി കഴിഞ്ഞ നവംബറില്‍ നടത്തിയ പ്രഖ്യാപനം ശ്രദ്ധേയമായിരുന്നു. ശൂറ കൗണ്‍സിലിന്റെ പ്രഥമ യോഗത്തെ സംബോധന ചെയ്തു സംസാരിക്കുമ്പോഴായിരുന്ന അമീറിന്റെ അറിയിപ്പ്.
ഈ പ്രഖ്യാപനം തുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്തു. സബ്‌സിഡികള്‍ സംബന്ധിച്ച് പുനരാലോചിക്കുന്നതിനു പുറമേ വരുമാനം കണ്ടെത്തുന്നതിന് മറ്റു മാര്‍ഗങ്ങള്‍ തേടണമെന്ന് വികസന ആസൂത്രണ, സ്ഥിതിവിവര വകുപ്പു മന്ത്രി പ്രസ്താവന നടത്തി. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് നിരവധി വിദേശികളെ പിരിച്ചു വിട്ടു. നടപടികള്‍ തുടരുന്നിതിനിടെയാണ് ജനുവരിയില്‍ പെട്രോള്‍ വില 30 മുതല്‍ 35 ശതമാനം വരെ ഉയര്‍ത്തിയത്. കൂടാതെ ഓരോ മാസത്തെയും രാജ്യാന്തര വിപണി വിലയനുസരിച്ച് പെട്രോള്‍ വില നിശ്ചയിക്കുന്ന രീതി ഏപ്രിലില്‍ കൊണ്ടു വന്നു. ആഗോള വിപണിയിലെ വിലക്കുറവിന്റെ ഭാരം ഏറ്റെടുക്കുന്നത് ഒഴിവാക്കുന്നതിനുള്ള വാണിജ്യ നീക്കമായിരുന്നു ഇത്.
ഇതനുസരിച്ച് ഈ മാസത്തെ പെടോള്‍ പ്രീമിയത്തിന് ലിറ്ററിന് 1.20 റിയാലാണ്. വര്‍ഷാദ്യത്തില്‍ 0.85 റിയാലായിരുന്നു വില. സൂപ്പറിന്റെ വില ഒരു റിയാലില്‍ നിന്ന് 1.30 റിയാലിലെത്തി. വഖൂദിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ വര്‍ഷം രാജ്യത്ത് വില്‍പ്പന നടത്തിയത് 975 ദശലക്ഷം ലിറ്റര്‍ റഗുലര്‍ പെട്രോളും 13.4 ദശലക്ഷം ലിറ്റര്‍ സൂപ്പര്‍ പെട്രോളുമാണ്. ഇതുവെച്ചുള്ള കണക്കില്‍ വില വര്‍ധനയിലൂടെ ലഭിക്കുന്ന തുക 745.65 ദശലക്ഷം റിയാലായിരിക്കും.

Latest