മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന് ബസ് ഉടമകള്‍

Posted on: June 17, 2016 6:03 pm | Last updated: June 17, 2016 at 6:03 pm

News bustand Calicutകൊച്ചി: മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന് സ്വകാര്യ ബസുടമകള്‍. ഇന്ധനവിലയില്‍ വര്‍ധനവ് ഉണ്ടായതിനെ തുടര്‍ന്നാണ് ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെടുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. സ്‌പെയര്‍ പാര്‍ട്‌സ് വിലയിലും ഇന്‍ഷുറന്‍സ് തുകയിലും ഉണ്ടായിരിക്കുന്ന വര്‍ധനവ് ബസ് ഉടമകള്‍ക്ക് നഷ്ടമുണ്ടാക്കുന്നുണ്ട്. വ്യവസായം മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ ചാര്‍ജ് വര്‍ധനവില്ലാതെ കഴിയില്ലെന്നും ബസുടമകള്‍ പറയുന്നു.

ബസ് ചാര്‍ജ് വര്‍ധിപ്പിച്ചാല്‍ വിദ്യാര്‍ഥികള്‍ക്കു 50 ശതമാനം കണ്‍സഷന്‍ നല്‍കാന്‍ തയാറാണ്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ സമീപിക്കാനാണ് ബസുടമകളുടെ തീരുമാനം. അതേസമയം ഇന്ധന വിലവര്‍ധനവിനെ തുടര്‍ന്ന് ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യത്തെ തുടര്‍ന്നാണ് രണ്ട് വര്‍ഷം മുന്‍പ് ബസ്ചാര്‍ജ് വര്‍ധിപ്പിച്ചത്. എന്നാല്‍ ഇന്ധന വില കുറഞ്ഞപ്പോള്‍ ബസ്ചാര്‍ജ് കുറക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നെങ്കില്‍ പരിഗണിക്കാന്‍ സര്‍ക്കാറും ബസ് ഉടമകളും തയാറായിരുന്നില്ല.