ഹോളി ഖുര്‍ആന്‍: മഅ്ദിന്‍ വിദ്യാര്‍ഥി തിങ്കളാഴ്ച മത്സരിക്കും

Posted on: June 17, 2016 3:15 pm | Last updated: June 17, 2016 at 3:15 pm
SHARE

MUHAMMED THAHAദുബൈ: 20-ാമത് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ ഇന്ത്യന്‍ പ്രതിനിധി മലപ്പുറം മഅ്ദിന്‍ വിദ്യാര്‍ഥി മുഹമ്മദ് ത്വാഹ മഹ്ബൂബ് തിങ്കളാഴ്ച മത്സരവേദിയിലെത്തും. അന്ധനായ പ്രതിഭയാണ് ത്വഹാ മഹ്ബൂബ്. ഇന്ത്യയില്‍നിന്ന് ആദ്യമായാണ് അന്ധനായ ഒരു വിദ്യാര്‍ഥി മത്സരവേദിയിലെത്തുന്നത്.

ഖുര്‍ആന്‍ മുഴുവനും മനഃപ്പാഠമാക്കി എത്തിയ വിദ്യാര്‍ഥിയെ കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ ഹോളി ഖുര്‍ആന്‍ കമ്മിറ്റി പ്രതിനിധികള്‍ ചേര്‍ന്ന് സ്വീകരിച്ചിരുന്നു. മലപ്പുറം തിരൂരിനടുത്ത ഓമച്ചപ്പുഴ വരിക്കോട്ടില്‍ അബ്ദുല്ല-മറിയം ദമ്പതികളുടെ നാലു മക്കളില്‍ രണ്ടാമനാണ് മുഹമ്മദ് ത്വാഹ മഹ്ബൂബ്. മഅ്ദിന്‍ പെരുമ്പറമ്പ് ദഅ്‌വ വിദ്യാര്‍ഥിയായ അനുജന്‍ ഹസ്സനും അന്ധനാണ്. ഒരു റമസാനില്‍ നാട്ടില്‍ നടന്ന പ്രാര്‍ഥനാ സദസ്സില്‍ സയ്യിദ് ഖലീലുല്‍ ബുഖാരിയുടെ അടുത്തേക്ക് മുഹമ്മദ് ത്വാഹ മഹ്ബൂബിനെ അന്ന് പ്രവാസിയായിരുന്ന പിതാവ് അബ്ദുല്ല കൊണ്ട് വരികയും മഅ്ദിനില്‍ പ്രവേശനം തേടുകയും ചെയ്തു.

മഅ്ദിന്‍ ബ്ലൈന്‍ഡ് സ്‌കൂളില്‍ നിന്ന് ബ്രയില്‍ ലിപിയില്‍ പ്രാവീണ്യം നേടിയാണ് ഖുര്‍ആന്‍ പഠനത്തിനു മുതിര്‍ന്നത്. മഅ്ദിന്‍ അക്കാദമിയുടെ തണലില്‍ സയ്യിദ് ഖലീലുല്‍ ബുഖാരിയുടെ പ്രത്യേക മേല്‍നോട്ടത്തില്‍ ഒന്നാം ക്ലാസ് മുതല്‍ പഠിച്ചു ഉയരങ്ങളില്‍ എത്താന്‍ കഴിഞ്ഞതില്‍ അതിരറ്റ സന്തോഷത്തിലാണ് മുഹമ്മദ് ത്വാഹ.

ചെറു പ്രായത്തില്‍ തന്നെ ഖുര്‍ആന്‍ പഠനത്തിനു കൂടുതല്‍ താല്‍പര്യം ഉണ്ടായതിനാല്‍ നാലാം ക്ലാസ് മുതല്‍ ബ്രൈലി മുസ്ഹഫ് ഉപയോഗപ്പെടുത്തി. മൂന്നര വര്‍ഷം കൊണ്ട് ഖുര്‍ആന്‍ മുഴുവനും മനഃപ്പാഠമാക്കി ഹാഫിളായി. അധ്യാപകരുടെ പ്രോത്സാഹനത്തിലൂടെ അറബിക്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ ഭാഷകള്‍ ഈ സമയത്ത് തന്നെ പഠിച്ചു. പ്രസിദ്ധരുടെ ഖുര്‍ആന്‍ പാരായണ ശൈലി കേള്‍ക്കലും ബുര്‍ദ ആലാപനവുമാണ് പ്രധാനഹോബി. ബംഗളൂരുവില്‍ നടന്ന ഖുര്‍ആന്‍ മത്സരത്തില്‍ കഴിവ് തെളിയിച്ച മുഹമ്മദ് ത്വാഹ മഹ്ബൂബ് ആദ്യമായാണ് ഇന്ത്യക്കു പുറത്തേക്ക് യാത്രചെയ്യുന്നത്. പ്രശസ്തമായ ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ അവസരം ലഭിച്ചതില്‍ അല്ലാഹുവിന് നന്ദി പറയുകയാണ് അന്ധനായ ഇന്ത്യന്‍ പ്രതിനിധി.

നല്ല ഒരു ഖുര്‍ആന്‍ പണ്ഡിതനാവാനാണ് ഇദ്ദേഹം ആഗ്രഹിക്കുന്നത്. ബിലാലുല്‍ ഇമാനി (നെതര്‍ലാന്‍ഡ്), മുജ്തബ അലി രിലാലു (ഇറാന്‍), അബ്ദുല്ല ബിന്‍ ഖലീഫ ബിന്‍ അദീം (ഒമാന്‍), ഹാമിദുല്‍ ബശായിര്‍ (കാമറൂണ്‍), ഇസ്മാഈല്‍ ദൂംബിയ (കോട്ട് ഡി വര്‍), അഹമദ് ജമാല്‍ അഹമദ് (കെനിയ), അബ്ദുല്ല സുലൈമാന്‍ ബാഹ് (സിയറ ലിയോണ്‍) എന്നിവരാണ് തിങ്കളാഴ്ചയിലെ മറ്റു മത്സരാര്‍ഥികള്‍.